മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു; ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസുകാരന്‍

Web Desk
Posted on June 24, 2019, 8:40 am

ലക്‌നൗ: സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ ഈ പൊലീസുകാരന്റെ പിറകെയാണ്. എസ് പി അജയ്പാല്‍ ശര്‍മ്മ. ആറുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിയെ വെടിവച്ച് വീഴ്ത്തി പിടികൂടിയതിനാണ് ഈ പൊലീസുകാരന്‍ കയ്യടി വാരിക്കൂട്ടുന്നത്. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് സംഭവം.

പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പെണ്‍കുട്ടിയുടെ സമീപവാസിയായ നാസില്‍ എന്നയാളാണെന്ന് പൊലീസിനു വ്യക്തമായി. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘം എത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ പ്രതിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

പ്രതിയുടെ മുട്ടിന് താഴെ പൊലീസ് ഓഫീസര്‍ മൂന്ന് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒടുവില്‍ പിടികൂടിയ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ മാസമാണ് ആറ് വയസുകാരിയെ കാണാതായത്. കുട്ടിയെ കണ്ടെത്താന്‍ അന്വേഷണം നടത്തിയ പൊലീസ് കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസിയായ നാസിലാണ് പ്രതിയെന്ന് വ്യക്തമായത്.

You May Also Like This: