വിഷം കഴിച്ച യുവ ഐപിഎസ് ഓഫിസര്‍ മരിച്ചു

Web Desk
Posted on September 09, 2018, 5:19 pm

ലക്‌നൗ. കുടുംബപ്രശ്‌നത്തിന്റെ പേരില്‍ വിഷം കഴിച്ച കാൺപൂർ യുവ ഐപിഎസ് ഓഫിസര്‍ മരിച്ചു. 2014 ബാച്ച് ഐപിഎസ് ഓഫീസര്‍ സുരേന്ദ്രകുമാര്‍ ദാസ് നാലുദിവസം മുമ്പാണ് വിഷം കഴിച്ചത്. ശനി രാത്രി ഒരു അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഭാര്യക്ക് എഴുതിയ ആത്മഹത്യാ  കുറിപ്പിൽ കുടുംബപ്രശ്‌നങ്ങൾ മൂലം ആത്മഹത്യ ചെയ്യുന്നതായി പറയുന്നു. താൻ ഭാര്യയെ ഒരുപാട് സ്നേഹിച്ചുവെന്നും  കത്തിലുണ്ട്. മാനസികമായി തകര്‍ന്ന നിലയിലായിരുന്ന ഇദ്ദേഹം വിവിധ ആത്മഹത്യാമാര്‍ഗങ്ങള്‍ സംബന്ധിച്ച് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തിരുന്നു.

ജന്മാഷ്ടമിക്ക് മാംസം കലര്‍ന്ന പിസ ഓര്‍ഡര്‍ ചെയ്തതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ വിദ്യാര്‍ഥിയായ ഭാര്യ രവീണ സിങുമായി കലഹിച്ചതായി പറയുന്നു. ഇതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. ഭാര്യയാണ് പിസ വരുത്തിയത്.

മരണത്തിനു മുമ്പ് ബോധം വന്ന അവസ്ഥയില്‍ താന്‍ സള്‍ഫാസ് എന്ന വിഷം കഴിച്ചതായി ഓഫിസര്‍ അറിയിച്ചിരുന്നു. മുംബെയില്‍ നിന്നും വിദഗ്ധസംഘവും ആശുപത്രിയില്‍ എത്തിയിരുന്നു. മരണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.