കേന്ദ്ര പൊലീസ് സേനയിലേയ്ക്ക് ഐപിഎസ് ഉദ്യോഗസ്ഥരെ ലഭിക്കുന്നില്ല

Web Desk
Posted on August 28, 2019, 10:52 pm

ന്യൂഡല്‍ഹി: കേന്ദ്ര പൊലീസ് സേനയിലേയ്ക്ക് ആവശ്യമായ എണ്ണം ഐപിഎസ് ഉദ്യോഗസ്ഥരെ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സായുധ പൊലീസ്, വിവിധ പൊലീസ് ഏജന്‍സികള്‍ എന്നീ വിഭാഗങ്ങളിലേയ്ക്കാണ് ഐപിഎസ് ഉദ്യോഗസ്ഥരെ ലഭിക്കാത്ത അവസ്ഥയുള്ളത്. ഇതിന്റെ ഫലമായി തന്ത്രപ്രധാനമായ മേഖലകളില്‍ സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നിര്‍വഹിക്കാന്‍ കഴിയുന്നില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. എസ്പി മുതല്‍ ഡിഐജിവരെയുള്ള തസ്തികകളാണ് ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുന്നത്.

വിവിധ കേന്ദ്ര പൊലീസ് സേനകളിലായി 4940 ഐപിഎസ് തസ്തികകളാണ് നിലവിലുള്ളത്. 2018ലെ കണക്കുകള്‍ പ്രകാരം 970 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയെ അറിയിച്ചിരുന്നു. ബിഎസ്എഫ്, ഐടിബിപി, സിഐഎസ്എഫ് തുടങ്ങിയ കേന്ദ്ര സേനകളിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ എത്താന്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ വിമുഖത കാണിക്കുന്നതായി ബിഎസ്എഫില്‍ ഡെപ്യൂട്ടേഷനിലുള്ള അഭിനവ് കുമാര്‍ പറയുന്നു. ഈ തസ്തികകളില്‍ നിയമിക്കുന്നതിനായി അനുവദിക്കപ്പെട്ട പോസ്റ്റുകളുടെ രണ്ടിരട്ടി ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കണമെന്നാണ് ചട്ടം. എന്നാല്‍ ഉദ്യോഗസ്ഥരുടെ വിമുഖത കാരണം ഇതിന് കഴിയുന്നില്ലെന്നു ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ആഴ്ച്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആകെ അനുവദിച്ചിട്ടുള്ള 144 പോസ്റ്റുകളില്‍ ഡിഐജി തലത്തില്‍ 75 ഒഴിവുകളും എസ്പി തലത്തില്‍ 29 ഒഴിവുകളും നിലവിലുണ്ട്. എന്നാല്‍ ഐജി, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, ഡയറക്ടര്‍ ജനറല്‍ എന്നീ തസ്തികകളിലെ ഒഴിവുകള്‍ തുലോം കുറവാണ്. ആകെ അനുവദിച്ചിട്ടുള്ള 78 തസ്തികകളില്‍ ഐജി തലത്തില്‍ ഒമ്പത് ഒഴിവുകളും എഡിജി,ഡിജി തലത്തില്‍ ഓരോ ഒഴിവുകളും മാത്രമാണുള്ളത്.
ഐപിഎസ് ഉദ്യോഗസ്ഥരുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിലേയും കേന്ദ്രത്തിലേയും ചട്ടങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്, സംസ്ഥാനങ്ങളില്‍ വേഗത്തില്‍ പ്രമോഷന്‍ ലഭിക്കുമ്പോള്‍ കേന്ദ്രത്തില്‍ ഇത് ലഭിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.