ചൈനയ്ക്ക് പുറത്ത് ഇറാനിലും ദക്ഷിണ കൊറിയയിലും കൊറോണ വൈറസ് പിടിമുറുക്കുന്നു. ഇറാനിലെ ഖ്വാം നഗരത്തിൽ രോഗബാധിതരായ 50 പേർ മരണത്തിന് കീഴടങ്ങി. ദക്ഷിണകൊറിയിൽ 161 പേർക്ക് പുതിയതായി രോഗബാധ കണ്ടെത്തി. ഇറാനിലെ അര്‍ധ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഐഎല്‍എന്‍എയാണ് മരണസംഖ്യ സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
47 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായും 12 പേർ മരിച്ചതായുമാണ് ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്‍തത്. എന്നാൽ ഖ്വാമിലെ ഉയർന്ന ഉദ്യോഗസ്ഥനായ അഹ്‍മദ് അമിറൈബാദി ഫറഹാനിയെ ഉദ്ധരിച്ചാണ് ഐഎൽഎൻഎ മരണസംഖ്യ ഉയർന്നതായി റിപ്പോർട്ട് ചെയ്‍തത്. നഗരത്തിൽ 250 പേർ രോഗബാധ സംശയിച്ച് നിരീക്ഷണത്തിൽ കഴിയുന്നതായും ഫറഹാനി പറഞ്ഞു. ഈ മാസം 13 മുതൽ ഖ്വമിൽ കൊറോണ ബാധിച്ചുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്‍തതായാണ് ഫറഹാനി പറയുന്നത്. എന്നാൽ 19‑നാണ് ഇറാനിൽ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്‍തത്. ദക്ഷിണകൊറിയയിൽ രോഗബാധിതരുടെ എണ്ണം 763 ആയി. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ കൊറോണ ബാധിതരുള്ളത് ദക്ഷിണ കൊറിയയിലാണ്. കൊറോണ വൈറസിനെ തുരത്താൻ രാജ്യത്ത് കർശന നിർദ്ദേശങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്.
2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 2500ലധികം ആളുകൾ മരിച്ചു. ചൈനയിലും മറ്റു 31 രാജ്യങ്ങളിലുമായി 78000ത്തിലധികം ആളുകൾക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ചൈനയിൽ പുതിയ രോഗികളുടെ എണ്ണം ഏതാനും ദിവസങ്ങളായി കുറഞ്ഞുവരികയാണ്. എന്നാൽ മറ്റു ചില രാജ്യങ്ങളിൽ വൈറസ് പടർന്നുപിടിക്കുകയാണ്. ഇറാനിലെയും ഇറ്റലിയിലെയും സ്ഥിതിയിൽ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വൈറസ് പടരുന്ന സാഹചര്യത്തിൽ ഇറാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്‍കാരിക കേന്ദ്രങ്ങളും അടച്ചു. അയൽരാജ്യങ്ങൾ ഇറാനുമായുള്ള അതിർത്തി അടയ്‍ക്കുകയും പൗരൻമാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്‍തിട്ടുണ്ട്. പാകിസ്ഥാൻ, തുർക്കി തുടങ്ങി അഞ്ചുരാജ്യങ്ങൾ ഇറാൻ അതിർത്തിയടച്ചു.
ടെഹ്റാൻ ഉൾപ്പെടെ അഞ്ച് നഗരങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് ഇറാൻ സർക്കാർ അറിയിച്ചത്. നിരീക്ഷണത്തിൽ കഴിയുന്നവരിൽ ടെഹ്റാൻ മേയറുമുണ്ട്. ഇറാൻ സന്ദർശിച്ച് മടങ്ങിയ നാലുപേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഗൾഫ് രാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്. കുവൈത്തിൽ മൂന്ന് പേർക്കും ബഹ്റൈനിൽ ഒരാൾക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് ഗൾഫ് രാജ്യങ്ങളും നിർദേശം നൽകിയിട്ടുണ്ട്.
English Summary; Iran announces 50 dead in Qom corona virus outbreak
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.