ഇറാനില്‍ നിന്നുള്ള ആക്രമണങ്ങള്‍ യുദ്ധമാണെന്ന് കണക്കാക്കുമെന്ന് സൗദി അറേബ്യ

Web Desk
Posted on September 22, 2019, 1:27 pm

റിയാദ്: കഴിഞ്ഞാഴ്ച സൗദിയിലെ എണ്ണ സംസ്‌കരണ ശാലയ്ക്ക് നേരെ നടന്ന ആക്രമണം ഇറാനില്‍ നിന്നാണെന്ന് തെളിഞ്ഞാല്‍ യുദ്ധാരംഭമാണെന്ന് കണക്കാക്കുമെന്ന് സൗദി അധികൃതര്‍. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ സമാധാനപരമായ ഒരു പ്രമേയമാണ് ആലോചിക്കുന്നതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സൗദി അറേബ്യക്ക് നേരെ തൊടുത്ത മിസൈലുകളും ഡ്രോണും ഇറാന്‍ നിര്‍മിതമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് വിദേശകാര്യസഹമന്ത്രി അബ്ദെല്‍ അല്‍ ജുബൈര്‍ പറഞ്ഞു. എന്നാല്‍ ആക്രമണം നടത്തിയതും ഇറാനില്‍ നിന്നാണെന്ന് തെളിഞ്ഞാല്‍ കാര്യങ്ങള്‍ മാറി മറിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര അന്വേഷകരെയും ക്ഷണിച്ചിട്ടുണ്ട്. തങ്ങളാണ് ആക്രമണം നടത്തിയതെന്ന യെമനിലെ ഹൂതികളുടെ അവകാശവാദം സൗദി തള്ളിയിട്ടുണ്ട്. വാഷിങ്ടണ്‍ ഇറാനാണ് ഉത്തരവാദിയെ്‌ന് ആരോപിച്ചിരുന്നു. എന്നാല്‍ ഇത് അവര്‍ തള്ളിയിരിക്കുകയാണ്.

ഇതേ പാതയാണ് ഇറാന്‍ പിന്തുടരുന്നതെങ്കില്‍ തങ്ങള്‍ക്ക് യുദ്ധമല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും ജുബൈര്‍ പറഞ്ഞു. അതേസമയം എല്ലാവരും സമാധാനമാണ് കാംക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ഇത്തരം നയങ്ങള്‍ അവസാനിപ്പിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പ്രവൃത്തികള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.