Thursday
12 Dec 2019

നാല്‍പത് വര്‍ഷം പിന്നിടുന്ന ഇറാനിലെ ഇസ്‌ലാമിക ഭരണം

By: Web Desk | Sunday 24 February 2019 10:43 PM IST


Iran

അണ്ടിയോ മൂത്തത് മാവോ മൂത്തത് എന്നതുപോലെ ഉത്തരമില്ലാത്ത ഒരു ചോദ്യമല്ല, ആദ്യമുണ്ടായത് മനുഷ്യനോ മതമോ എന്നത്. കാരണം, മനുഷ്യന്‍ ഭൂമുഖത്ത് രൂപംകൊണ്ടിട്ട് ലക്ഷലക്ഷം വര്‍ഷങ്ങളായെങ്കിലും സംഘടിതമതത്തിന് കുറേ ആയിരം വര്‍ഷങ്ങളുടെ നിലനില്‍പ്പ് മാത്രമാണുള്ളത്. ഏറ്റവും പഴക്കമുള്ള ബുദ്ധമതത്തിനുപോലും മൂന്നു സഹസ്രാബ്ദങ്ങളിലധികം പഴക്കമില്ല. ചൈനയിലെ കണ്‍ഫ്യൂഷ്യസിന്റേത് ഒരു മതമാണെങ്കില്‍ അതും ഏതാണ്ട് അതേ കാലത്തുള്ളതാണ്. ക്രിസ്തുമതത്തിനും രണ്ട് സഹസ്രാബ്ദങ്ങളുടെ ചരിത്രം മാത്രമാണുള്ളത്. പിന്നെയും ആറ് നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് ഇസ്‌ലാം ജന്മം കൊള്ളുന്നത്. ഇന്ത്യയിലെ ഹിന്ദുമതത്തിന്റെ കാര്യം പരിശോധിച്ചാല്‍ അതിന് ആദി മധ്യാന്തങ്ങളില്ല. അങ്ങനെ നോക്കുമ്പോള്‍ മനുഷ്യപ്പിറവിയുമായി തട്ടിച്ചു പരിശോധിച്ചാല്‍ മതങ്ങളുടെ ആയുസ് എത്രയെത്ര ഹ്രസ്വമാണെന്ന് കാണാന്‍ പ്രയാസമില്ല.
എന്നിട്ടും മനുഷ്യ മനസിന്മേല്‍ മതത്തിനുള്ള സ്വാധീനം എത്ര ആഴമേറിയതാണെന്നത് ആശ്ചര്യജനകമാണ്. മതമേധാവികളുടെ നിര്‍ദേശങ്ങളും കല്‍പ്പനകളും ശിരസാ വഹിക്കാന്‍ ആളുകള്‍ എന്തു ത്യാഗവും സഹിക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശങ്ങള്‍ക്കു പോലും ഈ സ്വീകാര്യത ദൃശ്യമാകുന്നില്ല. 1957ല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണത്തിന്റെ ഗുണഫലങ്ങള്‍ ഏറ്റവും കൂടുതല്‍ ലഭിച്ചവര്‍ തന്നെയാണ് അന്ന് നടന്ന വിമോചന സമരത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്നത്. ആ പരിഷ്‌കാരം മൂലം ഭൂമി നഷ്ടപ്പെട്ടവര്‍ക്കുപോലും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ എതിര്‍ക്കാന്‍ ഇത്ര വാശിയുണ്ടായിരുന്നില്ല.
ഇപ്പോള്‍ ഇത്രയും കുറിക്കാന്‍ കാരണം ഇറാന്‍ (പേര്‍ഷ്യ) എന്ന രാജ്യത്ത് 1979ല്‍ നടന്ന വമ്പിച്ച പ്രക്ഷോഭത്തില്‍ പങ്കെടുത്തുകൊണ്ട് അതിന്റെ ലക്ഷ്യംതന്നെ മാറ്റിമറിച്ച് ഒരു ഇസ്‌ലാം മതവിഭാഗം നേരിട്ട് ഭരണാധികാരം പിടിച്ചെടുത്ത സംഭവത്തിന്റെ നാല്‍പ്പതാം വാര്‍ഷികം ഇക്കഴിഞ്ഞ ദിവസം ഗംഭീരമായി അവിടെ ആഘോഷിക്കപ്പെട്ടതിന്റെ വാര്‍ത്തകള്‍ കണ്ടതുകൊണ്ടാണ്. മുസ്‌ലിങ്ങള്‍ക്കിടയില്‍തന്നെ നന്നേ ചെറിയൊരു ന്യൂനപക്ഷമായ ഷിയാ വിഭാഗത്തിന്റെ സര്‍വോന്നത ഇമാം അയാത്തൊള്ള ഖൊമൈനിയാണ് ഇപ്രകാരം രാജ്യത്തിന്റെ പരമാധികാരിയായി എല്ലാ രംഗങ്ങളിലുമുള്ള ജനജീവിതത്തിന്റെ ചുക്കാന്‍ കൈയിലെടുത്തത്. ഒരു മതമേലധ്യക്ഷന്‍ രാജ്യത്തിന്റെ പ്രസിഡന്റിനെക്കാള്‍ കൂടുതല്‍ ശക്തനായ ഒരു സംഭവം സമീപകാല ചരിത്രത്തില്‍ മറ്റെവിടെയും കാണാന്‍ കഴിഞ്ഞെന്നു വരില്ല. ലോകത്ത് സൗദി അറേബ്യയിലെന്നപോലെ ഇസ്‌ലാമിക മതമൗലികവാദികള്‍ക്ക് അധികാര കുത്തകയുള്ള രാജ്യങ്ങള്‍ പലതുമുണ്ടെങ്കിലും ഷിയാ വിഭാഗക്കാര്‍ അധികാരത്തിലെത്തുന്ന ഏക രാജ്യമാണ് ഇറാന്‍. സുന്നി വിഭാഗം ഭരണാധികാരികള്‍ക്കിടയില്‍ അതുകൊണ്ടുതന്നെ ഒറ്റപ്പെട്ട ദേഹമാണ് ഇറാനിലെ ഖൊമൈനി.
ഇറാനിലെ പ്രസിഡന്റായിരുന്ന മൊസാദിക്കിനെ അട്ടിമറിച്ച് കൊലപ്പെടുത്തിയതിനെതിരെയുള്ളതായിരുന്നു അവിടുത്തെ ജനങ്ങള്‍ ആരംഭിച്ച പ്രക്ഷോഭം. ബ്രിട്ടീഷ് – അമേരിക്കന്‍ എണ്ണക്കമ്പനികളുടെ കൈവശമായിരുന്ന പെട്രോളിയം വ്യവസായം ദേശസാല്‍ക്കരിച്ചുവെന്നതാണ് മൊസാദിക്കിന്റെ ഒരേയൊരു അപരാധം. വര്‍ഷങ്ങളായി ഇറാനിലെ അധികാരക്കുത്തകയിലൂടെ ഒരു അമേരിക്കന്‍ പാവസര്‍ക്കാരിനെപ്പോലെ പ്രവര്‍ത്തിച്ചിരുന്ന മൊഹമ്മദ് ഷാ പഹ്‌ലെവിക്കെതിരായി ആരംഭിച്ചതായിരുന്നു ഈ പ്രക്ഷോഭം. ഷാ ഭരണത്തിന്‍കീഴില്‍ ജീവിതം വഴിമുട്ടിയ ജനങ്ങള്‍ ഒറ്റക്കെട്ടായിട്ടാണ് ഒരു ജനകീയ പ്രസിഡന്റായിരുന്ന മൊസാദിക്കിനെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന ഷായുടെ ഭരണത്തിനെതിരെ തെരുവിലിറങ്ങിയത്. ഷാ ഭരണത്തിനെതിരായ ഈ ജനകീയ വികാരം മുതലെടുത്തുകൊണ്ടാണ് ഷിയാ മതവിഭാഗത്തിന്റെ തലതൊട്ടപ്പനായ ഖൊമൈനി മതസ്വാധീനം കൂടി ഉപയോഗിച്ച് പ്രക്ഷോഭത്തിന്റെ നേതൃത്വവും ഭരണാധികാരവും ഒന്നിച്ച് പിടിച്ചെടുത്തത്.
ഷാ ഭരണം അവസാനിപ്പിച്ചതിന്റെ പിറ്റേക്കൊല്ലം 1980ല്‍ ഇറാഖിന്റെ സദ്ദാം ഹുസൈന്‍ ഇറാനെതിരായി ആരംഭിച്ച യുദ്ധത്തിന് അമേരിക്ക പിന്തുണ നല്‍കിയിരുന്നു. ഷാ ഭരണത്തെ താങ്ങിനിര്‍ത്തിയിരുന്ന അമേരിക്കയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇറാനിലെ ജനത യു എസ് എംബസിക്കെതിരായി ദീര്‍ഘകാലം ഉപരോധം നടത്തിവരികയായിരുന്നു. സദ്ദാം ഹുസൈന് പിന്തുണയുമായെത്തിയ അമേരിക്കയോടുള്ള ജനകീയ രോഷം ഇതോടെ പതിന്മടങ്ങ് ശക്തമാക്കാന്‍ ഖൊമൈനി ഭരണത്തിന് കഴിഞ്ഞു. ഇതേ സദ്ദാം ഹുസൈനെത്തന്നെയാണ് കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഇറാഖിനെ വെട്ടിപ്പിടിച്ചശേഷം അമേരിക്കക്കാര്‍ തൂക്കിലേറ്റിയതെന്ന് പറയുമ്പോള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇരട്ടമുഖം ആര്‍ക്കും വ്യക്തമാകും. ജന്മനാള്‍ തൊട്ട് പുതിയ ഇറാനെതിരായ സാമ്പത്തികവും രാഷ്ട്രീയവുമായ ഉപരോധങ്ങളിലൂടെ ആ രാജ്യത്തെ ശ്വാസം മുട്ടിച്ച് ഇല്ലായ്മ ചെയ്യാന്‍ നോക്കിയിരുന്ന അമേരിക്കയോടുള്ള ജനരോഷം ആളിക്കത്തിക്കാന്‍ ഇതും ഖൊമൈനി ഭരണത്തെ സഹായിച്ചുവെന്ന് പറയേണ്ടതില്ലല്ലൊ.
ഈ ജനവികാരം കൂടുതല്‍ ജ്വലിപ്പിച്ചുകൊണ്ടാണ് ഖൊമൈനി ഭരണം എല്ലാ നിലവാരങ്ങളിലുമുള്ള മതവല്‍ക്കരണം നിര്‍ബാധം നടപ്പിലാക്കിയത്. പൊലീസിലും പട്ടാളത്തിലുമുള്ള മതപരമായ നിയന്ത്രണം കര്‍ക്കശമായി നടപ്പിലാക്കാന്‍ ഖൊമൈനി ഭരണത്തിന് സാധിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍പോലും വലിയ ഇമാമിന്റെ അനുവാദം ആവശ്യമായി വന്നു. തലയില്‍ തട്ടമിടാതെ സ്ത്രീകള്‍ പുറത്തിറങ്ങാന്‍ പാടില്ലെന്ന നിരോധനവും ഇതിനിടയില്‍ നടപ്പിലാക്കി. 1920 കളില്‍ കമാല്‍ പാഷ ടര്‍ക്കിയില്‍ ഇസ്‌ലാമിക ഭരണത്തിനു അറുതിവരുത്തിക്കൊണ്ട് പര്‍ദ്ദ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് എല്ലാ തുറകളിലുമുള്ള വിലക്കുകള്‍ എടുത്തുകളഞ്ഞതിന്റെ പ്രതിഫലനം ഇറാനിലെ ഷാ ഭരണത്തിന്‍ കീഴിലും വന്നിരുന്നു. കമാല്‍ പാഷയുടെ എല്ലാ പരിഷ്‌കാരങ്ങളും റദ്ദാക്കിക്കൊണ്ട് ടര്‍ക്കിയിലും എന്‍ദോഗന്റെ ഇസ്‌ലാമിക് സ്വാധീനം ഇപ്പോള്‍ പൂര്‍ണമായത് ഇറാനിലെ ഖൊ മൈനി ഭരണത്തിനും ഒരു കൈത്താങ്ങായി. തുര്‍ക്കിയിലേത് സുന്നി ആധിപത്യമാണെന്നതും സുന്നികള്‍ പൊതുവില്‍ ഇറാനിലെ ഷിയാ ഭരണത്തെ മുട്ടുകുത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നതും മറ്റൊരു കാര്യം.
ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്‌കാരമാണ് പേഴ്‌സ്യ എന്ന ഇറാനിലേത്. ഇന്ത്യയിലെ സിന്ധു നദീതടംപോലെ തഴച്ചുവളര്‍ന്നിരുന്ന ആര്യന്മാരുടെ ഒരു സങ്കേതവുമായിരുന്നു ആ രാജ്യം. ഫിര്‍ദൗസിയെപ്പോലുള്ള പേഴ്‌സിയന്‍ സാഹിത്യകാരന്മാരുടെ കൃതികള്‍ ഇന്നും സംസ്‌കൃതലോകത്തിന്റെ പരിഗണനയിലുള്ളതുമാണ്. അവിടമാണ് ഒരു സങ്കുചിത വര്‍ഗീയ മേധാവിത്വത്തിന്റെ പിടിയിലകപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് – അമേരിക്കന്‍ മേധാവിത്തത്തിന്‍ കീഴിലുള്ള ഷാ ചക്രവര്‍ത്തിയുടെ ഭരണത്തില്‍പോലും ആ സംസ്‌കാരം പൂര്‍ണമായി ചവിട്ടിയരയ്ക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതും സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
പക്ഷെ, അമേരിക്കയുടെയും സൗദി നേതൃത്വത്തിലുള്ള സുന്നികളുടെയും ഉപരോധത്തില്‍ സ്വന്തം കാലില്‍ ഉറച്ചുനില്‍ക്കാനുള്ള കഴിവ് ഇറാന്‍ നേടിയെടുത്തിട്ടുണ്ടെന്നത് സമ്മതിക്കാതെ വയ്യ. അമേരിക്കന്‍ ഉപരോധത്തിന്‍ കീഴില്‍ തങ്ങളുടെ മുഖ്യ ഉല്‍പ്പന്നമായ പെട്രോളിയം സാമഗ്രികള്‍ വിറ്റഴിക്കാന്‍ കമ്പോളമില്ലാതെ വിമ്മിഷ്ടപ്പെട്ടു കഴിയുമ്പോഴും സാമ്പത്തികമായി പിടിച്ചുനില്‍ക്കാനുള്ള ശേഷി അവര്‍ ആര്‍ജ്ജിച്ചിട്ടുണ്ടെന്നത് സ്തുത്യര്‍ഹമായ ഒരു കാര്യം തന്നെയാണ്. വിദ്യാഭ്യാസരംഗത്ത് ഇറാന്‍ കൈവരിച്ചിട്ടുള്ള പുരോഗതിയും പ്രശംസാര്‍ഹമാണ്. സ്ത്രീകളെ ഒരു രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്ന ആ രാജ്യത്ത് സര്‍വകലാശാലകളില്‍ പകുതിയിലും കൂടുതല്‍ പെണ്‍കുട്ടികളാണെന്നതും എടുത്തുപറയേണ്ടതുണ്ട്.
എന്നാല്‍ ജനജീവിതം നാള്‍ കഴിയുന്തോറും പ്രയാസങ്ങള്‍ നിറഞ്ഞതായി വരികയാണെന്ന വസ്തുതയും വിസ്മരിക്കാനാവില്ല. ആളുകളുടെ മതതൃഷ്ണയും ദേശീയബോധവും കൊണ്ടായിരിക്കണം അവര്‍ എല്ലാ കഷ്ടപ്പാടുകളെയും നേരിട്ടുകൊണ്ടും രാജ്യവ്യാപകമായ പ്രക്ഷോഭങ്ങള്‍ക്കൊന്നും മുതിരാത്തത്. എന്നാല്‍ പേഴ്‌സ്യന്‍ ജനത നിശ്ശബ്ദരാണെന്ന് കരുതേണ്ടതില്ല. 2009ല്‍ നടന്ന ഹരിത പ്രസ്ഥാനം ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടെങ്കിലും കഴിഞ്ഞ രണ്ടു കൊല്ലത്തിനിടയില്‍ (2017 – 18) പലേടങ്ങളിലും ജനങ്ങളുടെ പ്രതിഷേധങ്ങള്‍ അങ്ങിങ്ങായി പടര്‍ന്നുപിടിച്ചിരുന്നു. സ്ത്രീകള്‍ തലയില്‍ തട്ടം ധരിച്ചേ പുറത്തിറങ്ങാവൂ എന്ന കര്‍ശനമായ ചട്ടത്തെ ചോദ്യം ചെയ്തുള്ള സ്ത്രീകളുടെ പ്രതിഷേധ പ്രകടനങ്ങളെ ഇസ്‌ലാമിക ഭരണം അടിച്ചമര്‍ത്തുകയായിരുന്നു. ഏഴായിരത്തിലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കേണ്ടിവന്നുവെന്നത് ഇറാനിലെ ഇന്നത്തെ കാലാവസ്ഥയില്‍ നിസ്സാരമായി തള്ളിക്കളയാനാവില്ല.
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് രണ്ടു വര്‍ഷം മുമ്പ് അധികാരമേറ്റതു മുതല്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരു ഏകാധിപതിയെയാണ് അവര്‍ക്ക് നേരിടേണ്ടിവന്നിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി മോഡിയെപ്പോലെ താന്‍ അധികാരത്തിലേറിയതിനു ശേഷമാണ് അമേരിക്ക ഒരു വന്‍ ശക്തിയായതെന്ന് വീണ്‍വാക്കിലൂടെ മുന്നോട്ടു നീങ്ങുന്ന ഈ പ്രസിഡന്റ് മുന്‍ ഭരണാധികാരിയുടെ എല്ലാ നടപടികളും റദ്ദാക്കുന്ന കൂട്ടത്തില്‍ ഇറാനുമായി വന്‍ ശക്തികള്‍ ഒപ്പുവച്ച ആണവായുധ നിയന്ത്രണ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറുകയും റദ്ദാക്കിയ വിലക്കുകള്‍ പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുള്ളതു മൂലം ആ രാജ്യത്തിന്മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക ഭാരം ചെറുതൊന്നുമല്ല. ഇറാന്റെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ആരും വാങ്ങാന്‍ പാടില്ലെന്ന അമേരിക്കന്‍ നിരോധനത്തെ ഇന്ത്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ ചെറുക്കുന്നത് ഇറാന് താല്‍ക്കാലികമായെങ്കിലും ആശ്വാസം നല്‍കുമെങ്കിലും ആ രാജ്യത്തിന് എത്രകാലം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. എന്നാലും നാല്‍പ്പതു കൊല്ലമായി പാശ്ചാത്യ ഉപരോധത്തെ ചെറുത്തുനില്‍ക്കാന്‍ റഷ്യയിലും ചൈനയിലും നിന്നുള്ള പിന്തുണ അവര്‍ക്ക് തുണയായേക്കും.
പക്ഷേ, ഷിയാ മതവികാരത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു നീങ്ങുന്ന ഒരു രാജ്യത്തിന് എത്രകാലം ഇപ്രകാരം തള്ളിനീക്കാനാവുമെന്ന് ആര്‍ക്കും നിശ്ചയമില്ല. നാല്‍പ്പതു വര്‍ഷം തീവ്രമത വികാരത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന് മതതീവ്രവാദത്തെ മാത്രം ആശ്രയിച്ച് ഏറെക്കാലം അങ്ങനെ മുന്നോട്ടുപോകാനാവില്ല. റഷ്യയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ പതനവും അവര്‍ക്ക് ഒരു അനുഭവ പാഠമാകേണ്ടതാണ്. ജീവിതനിലവാരം ഇടിയുമ്പോള്‍ ഏതു ജനതയും രാഷ്ട്രീയം നോക്കാതെ പ്രതികരിക്കുകതന്നെ ചെയ്യും. ജാതിമത ചിന്തകളും രാഷ്ട്രീയ പ്രമാണങ്ങളും ഉയര്‍ത്തിപ്പിടിച്ച് മാത്രം ആര്‍ക്കും ഏറെക്കാലം മുന്നേറാനാവില്ലതന്നെ.