ഇറാൻ തിരിച്ചടിക്കുന്നു: യുഎസ് സേനാകേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം — വീഡിയോ

Web Desk
Posted on January 08, 2020, 8:44 am

ബഗ്ദാദ്: ഇറാഖിൽ യുഎസ് സഖ്യ സേനകളുടെ രണ്ട് വ്യോമത്താവളങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണം. ഇറാഖിൽ നിലയുറപ്പിച്ച യുഎസിന്റെയും സഖ്യസേനകളുടെയും കേന്ദ്രങ്ങളിലേക്ക് പന്ത്രണ്ടോളം ബാലസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയതായി യുഎസ് പ്രതിരോധകാര്യ അസിസ്റ്റന്റ് സെക്രട്ടറി ജോനാഥൻ ഹോഫ്മാൻ വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു. ഇറാഖിലുള്ള അല്‍-ആസാദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. എത്രത്തോളം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമല്ല. യുഎസിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎസ് സൈന്യത്തെ കഴിഞ്ഞ ദിവസം ഇറാന്‍ ഭീകരവാദികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതേ സമയം തങ്ങള്‍ക്ക് നേരെ ഏത് തരത്തിലുള്ള ആക്രമണമുണ്ടായാലും ഇറാനെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് ട്രംപും മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎസ് വിദേശകാര്യ, പ്രതിരോധ സെക്രട്ടറിമാർ വൈറ്റ്ഹൗസിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നാശനഷ്ടങ്ങൾ വിലയിരുത്തി വരുന്നതായി അമേരിക്കൻ പ്രതിരോധ കേന്ദ്രമായ പെന്റഗണും അറിയിച്ചു. അതിനിടെ ഗൾഫ് മേഖലയിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് അമേരിക്കയ്ക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതുണ്ടായില്ലെങ്കിൽ സൈനികരുടെ മരണത്തിന് യുഎസിനാകും ഉത്തരവാദിത്തം. ഇറാനെ ആക്രമിക്കാൻ മുതിരരുതെന്ന് യുഎസ് സഖ്യ സേനകൾക്കും ഇറാന്റെ മുന്നറിയിപ്പുണ്ട്. അമേരിക്കയ്ക്കെതിരെ രണ്ടാം ഘട്ട ആക്രമണം ആരംഭിച്ചതായും ഇറാൻ വ്യക്തമാക്കി.

Eng­lish sum­ma­ry: Iran launch­es more than a dozen bal­lis­tic mis­siles at 2 Iraqi us bases