ആണവ പരിപാടികളുമായി മുന്നോട്ട് പോകാനുള്ള ഇറാന്റെ നീക്കം രാഷ്ട്രീയ ‑സാമ്പത്തിക ഒറ്റപ്പെടലിലേക്ക് നയിക്കുമെന്ന് പോംപിയോ

Web Desk
Posted on November 19, 2019, 12:06 pm

വാഷിങ്ടൺ: ഇറാന്റെ ഫോർഡോ ആണവ കേന്ദ്രത്തിന് മേൽ ഉപരോധം തുടരാൻ അമേരിക്ക തീരുമാനിച്ചു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചതാണ് ഇക്കാര്യം.
ഫോർഡോ ആണവ കേന്ദ്രത്തിൽ യുറേനിയം സമ്പുഷ്ടീകരണം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ തീരുമാനം. ഇറാന്റെ നീക്കം അവരെ കൂടുതൽ രാഷ്ട്രീയ, സാമ്പത്തിക ഒറ്റപ്പെടലിലേക്ക് നയിക്കുമെന്നും പോംപിയോ ചൂണ്ടിക്കാട്ടി.
ഇറാൻ രഹസ്യ ആണവ പരീക്ഷണങ്ങൾക്കായാണ് ഫോർഡോ നിലയം പണികഴിപ്പിച്ചത്. ഇറാൻ പാചകവാതക വില വർധിപ്പിച്ചതിനെ തുടർന്ന് ജനകീയ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന വേളയിലാണ് പോംപിയോയുടെ ഈ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. പ്രക്ഷോഭകർക്ക് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.
സർക്കാർ സാധാരണ രാജ്യമായി പെരുമാറാൻ തുടങ്ങുമ്പോഴും അടിസ്ഥാന മനുഷ്യാവകാശങ്ങൾ മാനിക്കാൻ തുടങ്ങുമ്പോഴും ഇറാൻ ജനതയ്ക്ക് മികച്ച ഭാവിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് തങ്ങൾക്ക് ഇറാനോട് ആവശ്യപ്പെടാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.