Web Desk

January 03, 2020, 10:20 am

ഇറാഖിൽ അമേരിക്കൻ വ്യോമാക്രമണം; കമാൻഡർ ഖാസിം സൊലേമാനി അടക്കം എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Janayugom Online

വാഷിങ്ടൺ: ഇറാൻ ജനറൽ ഖാസിം സുലൈമാനി അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി വൈറ്റ്ഹൗസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് പ്രകാരം ബാഗ്ദാദിൽ നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. ഇതോടെ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ രക്ത പങ്കിലമാകുകയാണ്.
ഇറാഖിലെയും സിറിയയിലെയും ഇറാന്റെ സൈനിക നടപടികൾക്ക് നേതൃത്വം കൊടുക്കുന്നത് സുലൈമാനി ആയിരുന്നു. ബാഗ്ദാദിലെ വിമാനത്താവളത്തിൽ വച്ച് പോപ്പുലർ മൊബലൈസേഷൻ യൂണിറ്റ് (പിഎംയു)ൽ നിന്ന് പ്രാദേശിക സഖ്യങ്ങൾ ഇദ്ദേഹത്തെ തുരത്തിയപ്പോഴാണ് അമേരിക്ക കൊലപ്പെടുത്തിയത്. സുലൈമാനിയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ പിഎംയു ഉപമേധാവി അബു മഹ്ദി അൽ മുഹൻഡെസും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
അമേരിക്കൻ നയതന്ത്രജ്ഞരെ വധിക്കുന്നതിനുള്ള ആസൂത്രണങ്ങൾ നിർവഹിച്ചിരുന്ന വ്യക്തിയാണ് സുലൈമാനിയെന്ന് പെന്റഗൺ വൃത്തങ്ങൾ ആരോപിച്ചു. ഇറാഖിൽ സേവനമനുഷ്ഠിക്കുന്ന സൈനികരെ വധിക്കാനും ഇയാൾ പദ്ധതി തയാറാക്കിയിരുന്നു. ഭാവിയിലെ ആക്രമണങ്ങൾ ഒഴിവാക്കാനാണ് ഈ കൊലപാതകങ്ങൾ എന്നും അമേരിക്ക വിശദീകരിക്കുന്നു. ലോകത്തെമ്പാടും തങ്ങളുടെ ജനങ്ങളെയും താത്പര്യങ്ങളെയും സംരക്ഷിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും അമേരിക്ക വ്യക്തമാക്കി.
പ്രസ്താവന വരും മുമ്പ് യാതൊരു പരാമർശവുമില്ലാതെ അമേരിക്കൻ പതാക ട്രംപ് ട്വിറ്ററിൽ പങ്കുവച്ചിരുന്നു. പിന്നീടാണ് പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് പ്രകാരം നടത്തിയ വ്യോമാക്രമണത്തെക്കുറിച്ച് വൈറ്റ്ഹൗസ് വെളിപ്പെടുത്തിയത്.
ഇറാനിൽ മൂന്ന് ദിവസത്തെ ദുഃഖാചരണത്തിന് പരമോന്നത നേതാവ് അലി ഖമേനി ഉത്തരവിട്ടു. ഈ കൊലപാതത്തിന് അമേരിക്ക വലിയ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.
സുലൈമാനിയുടെ രക്തസാക്ഷിത്വം അമേരിക്കയുടെ ഏകാധിപത്യത്തെ പ്രതിരോധിക്കാനും തങ്ങളുടെ ഇസ്‌ലാമിക മൂല്യങ്ങളെ സംരക്ഷിക്കാനും ഇറാനെ കൂടുതൽ കരുത്തരാക്കുമെന്നും ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി പറഞ്ഞു. ഇറാനും മേഖലയിലെ മറ്റ് സ്വാതന്ത്ര്യകാംക്ഷികളായ രാജ്യങ്ങളും ഇതിന് പകരം ചോദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഎസ്, അൽ നുസ്റ, അൽഖ്വയ്ദ തുടങ്ങിയവയ്ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുന്ന ജനറൽ സുലൈമാനിയെ ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ ഈ രാജ്യാന്തര ഭീകരത അങ്ങേയറ്റം അപകടകരവും വിഡ്ഢിത്തവും ആണെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് പറഞ്ഞു. അതിസാഹസികതയ്ക്കുള്ള അമേരിക്കൻ നടപടിയുടെ അനന്തരഫലങ്ങൾ അവർ സ്വയം ഏറ്റെടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജനറൽ സുലൈമാനി ഇല്ലാതായതിന്റെ നന്ദി സൂചകമായി ഇറാഖികൾ തെരുവിൽ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പോസ്റ്റ് ചെയ്തു.
കഴിഞ്ഞ ഏപ്രിലിൽ ഭീകരസംഘടനയായി അമേരിക്ക പ്രഖ്യാപിച്ച ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്പ്സിന്റെ കമാൻഡറായിരുന്നു സുലൈമാനി. നൂറ് കണക്കിന് അമേരിക്കൻ സൈനികരുടെ മരണത്തിന് ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റതിന്റെയും ഉത്തരവാദിത്തം ഈ സംഘത്തിനാണെന്നാണ് അമേരിക്കയുടെ ആരോപണം.
ഇറാനിലെ രണ്ടാമത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയാണ് സുലൈമാനി. പ്രസിഡന്റ് ഹസൻ റുഹാനിയെക്കാൾ ജനസ്വാധീനം ഇദ്ദേഹത്തിനാണെന്നും കരുതുന്നു.

അമേരിക്കൻ സൈന്യം നടത്തിയ ‘ടാർഗെറ്റഡ് അസോൾട്ട്’ ആണ് ഇതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ട് അമേരിക്കൻ നയതന്ത്രജ്ഞരെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ബാഗ്ദാദിലെ അമേരിക്കൻ എംബസിയ്ക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം ഒരു തിരിച്ചടി പ്രതീക്ഷിച്ചുകൊണ്ടിരിക്കെയാണ് അമേരിക്കൻ സൈന്യത്തിന്റെ ഈ ആക്രമണം.
Eng­lish Sum­ma­ry: Iran Qas­sim Soleimani killed in US raid at Bagh­dad airport.

you may also like this video;