Janayugom Online
modi

ഇറാന്‍ ബന്ധവും ഇന്ത്യയുടെ അമേരിക്കന്‍ വിധേയത്വവും

Web Desk
Posted on July 13, 2018, 12:08 am

നരേന്ദ്രമോഡി അധികാരത്തിലെത്തിയതിന് ശേഷം രാജ്യം പിന്തുടര്‍ന്നുപോന്നിരുന്ന ചേരിചേരാ നയത്തില്‍ വെള്ളം ചേര്‍ക്കുകയും കടുത്ത അമേരിക്കന്‍ പക്ഷപാതിത്വം കാട്ടുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചുവരുന്നത്. പലപ്പോഴും അമേരിക്കന്‍ ആജ്ഞകള്‍ക്ക് നിരുപാധികം വഴങ്ങുന്ന സമീപനവും ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. മോഡി പ്രഖ്യാപിച്ച മെയ്ക് ഇന്‍ ഇന്ത്യ എന്ന പദ്ധതിക്കു വിഘാതമാകുന്ന വിധം അമേരിക്ക ഒന്നാമതെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് കീഴടങ്ങിക്കൊടുക്കാന്‍ പോലും തയ്യാറായി. ഇവ രണ്ടും പരസ്പരം പൊരുത്തപ്പെടുന്നതെന്ന് വിശദീകരിക്കാന്‍ പോലും ഇന്ത്യന്‍ ഭരണാധികാരികള്‍ തയ്യാറായില്ല. തന്റെ പ്രഖ്യാപനത്തോട് നീതി പുലര്‍ത്തുന്ന സമീപനങ്ങളാണ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. അതിന് മറ്റു രാജ്യങ്ങള്‍ക്കു മേല്‍ കുതിര കയറാനും ഉപരോധങ്ങള്‍ അടിച്ചേല്‍പ്പിക്കാനും അദ്ദേഹം മടിക്കുന്നില്ല.

എന്നാല്‍ ഇത് മനസിലാകാതെയോ അമേരിക്കന്‍ പക്ഷപാതിത്വം തങ്ങളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാകയാല്‍ മനസിലായില്ലെന്ന് വരുത്തിയോ തികച്ചും രാജ്യ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ അമേരിക്കന്‍ പക്ഷപാതിത്വവും വിധേയത്വവുമാണ് ബിജെപി ഭരണം പിന്തുടരുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇറാനില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി കുറയ്ക്കാന്‍ ഇന്ത്യ കൈക്കൊണ്ട തീരുമാനം. അമേരിക്കയുടെ സമ്മര്‍ദത്തിനും വ്യാപാര താല്‍പര്യത്തിനും വഴങ്ങിയാണ് ഇന്ത്യ ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്.
ഇറാനില്‍നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി പതിനഞ്ച് ശതമാനത്തിലധികമാണ് കഴിഞ്ഞമാസം കുറച്ചത്. പ്രതിദിനം രണ്ടുലക്ഷത്തോളം ബാരലാണ് മെയ് മാസത്തെ അപേക്ഷിച്ച് ഇറക്കുമതിയില്‍ കുറവുണ്ടായത്. ഇത് രണ്ടു വിധത്തിലാണ് ഇന്ത്യയെ ദോഷകരമായി ബാധിക്കുവാന്‍ പോകുന്നത്. ഒന്ന് ആഭ്യന്തര ഉപഭോഗത്തിനനുസരിച്ച് ഇന്ധനം ലഭ്യമല്ലാതാകുമ്പോള്‍ വിലക്കയറ്റത്തിന് കാരണമാകും. ഇപ്പോള്‍ തന്നെ ആഗോളവിപണിയിലെ വിലക്കയറ്റത്തിന് പുറമേ നികുതി ഭാരം ഉള്‍പ്പെടെ താങ്ങേണ്ടി വരുന്നതിനാല്‍ രാജ്യത്ത് ഇന്ധന വില താങ്ങാവുന്നതിലധികമായിരിക്കുകയാണ്. രണ്ടാമതായി എല്ലാ രാജ്യങ്ങളും ഒരേ രാജ്യത്തെ ഇന്ധനത്തിനായി സമീപിക്കുമ്പോള്‍ — ആഗോളതലത്തിലുള്ള വില ധാരണകള്‍ നിലനില്‍ക്കുന്നുവെങ്കിലും — ഉണ്ടാകാവുന്ന മത്സര സാധ്യത വിലക്കയറ്റത്തിന് വഴിയൊരുക്കും. ഇത് ഇപ്പോള്‍തന്നെ സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ദുഷ്‌കരമായ വിലക്കയറ്റം കൂടുതല്‍ രൂക്ഷമാക്കുന്നതിന് ഇടയാക്കുന്നതാണ്. മാത്രമല്ല അവശ്യവസ്തുക്കളുടെ വിലനിലവാരം ഉയരുന്നതിനും ഇത് വഴിവയ്ക്കും.

യഥാര്‍ഥത്തില്‍ അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനം നടപ്പിലാക്കുന്നതിനുള്ള ട്രംപിന്റെ കുതന്ത്രങ്ങള്‍ക്ക് വഴങ്ങിയാണ് ഇന്ത്യ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ഇറാനില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി അവസാനിപ്പിക്കണമെന്ന അമേരിക്കന്‍ ആവശ്യത്തിന് പിറകില്‍ അവരുടെ വാണിജ്യ താല്‍പര്യങ്ങള്‍ മാത്രമാണുള്ളത്.
കഴിഞ്ഞ മാസം ഇറാനില്‍ നിന്നുള്ള അസംസ്‌കൃത ഇന്ധന ഇറക്കുമതി കുറച്ചപ്പോള്‍ പകരം ഇന്ത്യ ആശ്രയിച്ചത് അമേരിക്കയെയാണ് എന്നതില്‍ നിന്ന് ഈ വാണിജ്യതാല്‍പര്യം വ്യക്തമാണ്. 2017 ല്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യ 15 ദശലക്ഷം ബാരല്‍ അസംസ്‌കൃത ഇന്ധനമാണ് ഇറക്കുമതി ചെയ്തതെങ്കില്‍ ഈ വര്‍ഷം ആറുമാസത്തിനകം എട്ട് ദശലക്ഷം ബാരല്‍ ഇറക്കുമതിയാണ് നടന്നിരിക്കുന്നത്.

എന്നുമാത്രമല്ല അമേരിക്കയുടെ ഏകപക്ഷീയ നിലപാടുകള്‍ക്കനുസരിച്ച് ഇറാനുമായി ഉണ്ടാക്കിയ കരാറുകളില്‍ നിന്നും പദ്ധതികളില്‍ നിന്നും പിന്നോട്ടുപോകുന്ന നിലപാടുകളാണ് ഭരണാധികാരികള്‍ സ്വീകരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് ഇറാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി ചബഹാര്‍ തുറമുഖ വികസനത്തിന് അമ്പതുകോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി ഇതിന്റെ കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി ഇതില്‍ നിന്ന് പിറകോട്ട് പോകുകയാണ് ഭരണാധികാരികളെന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. എണ്ണ ഇറക്കുമതി കുറച്ചാല്‍ ഇന്ത്യയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കന്‍ വാണിജ്യ താല്‍പര്യം നടപ്പിലാക്കുന്നതിന് വേണ്ടി ഇറാനുമായി ശത്രുത വിളിച്ചുവരുത്തുകയാണ് ഭരണാധികാരികള്‍ ചെയ്യുന്നതെന്നതുമാത്രമല്ല ഇതിന്റെ ഫലം.
മറ്റു രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യ നിശ്ചയിച്ചിരുന്നത് സ്വന്തം നിലപാടുകള്‍ക്ക് അനുസരിച്ചായിരുന്നു. സ്വാതന്ത്ര്യത്തിന്റെ ആദ്യ ദശകങ്ങളില്‍ രാജ്യത്തിന് വന്‍ — ഖനി വ്യവസായങ്ങള്‍ നല്‍കി സഹായിച്ചത് സോവിയറ്റ് യൂണിയന്‍ ആയിരുന്നു. സാമ്രാജ്യത്വ ശക്തിയായ അമേരിക്കയും സോഷ്യലിസ്റ്റ് ചേരിയും തമ്മിലുള്ള കടുത്ത ശീതയുദ്ധത്തിന്റെ ആ കാലത്തും പക്ഷേ ഇന്ത്യ ചേരി ചേരാ നയമാണ് പിന്തുടര്‍ന്നത്. അതില്‍ നയംമാറ്റം വേണമെന്ന് ആവശ്യപ്പെട്ടില്ലെന്നുമാത്രമല്ല സോവിയറ്റ് സഹായത്തില്‍ കുറവുണ്ടായിട്ടുമില്ലെന്നത് ചരിത്രത്തിന്റെ ഭാഗമാണ്.

ഇങ്ങനെയൊരു ചരിത്രപശ്ചാത്തലമുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ അതൊക്കെ മാറ്റിവച്ചു കൂടുതല്‍ ശത്രുക്കളുണ്ടായാലും കുഴപ്പമില്ല, അമേരിക്ക ഒന്നാമത് എന്ന മുദ്രാവാക്യം നിര്‍ലജ്ജം നടപ്പിലാക്കുകയാണ് ആര്‍എസ്എസ് താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി ഭരണം നടത്തുന്ന നരേന്ദ്രമോഡി സര്‍ക്കാര്‍.