Web Desk

January 05, 2020, 10:28 pm

യുദ്ധസൂചന നൽകി ഇറാൻ ; ബാഗ്ദാദിലെ യുഎസ് വ്യോമത്താവളത്തിനെതിരെ റോക്കറ്റ് ആക്രമണം

Janayugom Online

ടെഹ്‌റാന്‍: അമേരിക്കൻ ആക്രമണത്തിന് പിന്നാലെ യുദ്ധസൂചന നൽകി ഇറാൻ. ഇറാനിലെ ക്യോമിലുള്ള ജാംകരണ്‍ പള്ളിയുടെ മിനാരത്തില്‍ ചുവന്ന പതാക ഉയര്‍ത്തിയാണ് ഇറാന്‍ പാരമ്പര്യം അനുസരിച്ചുള്ള സൂചന നൽകിയിരിക്കുന്നത്.
അതിനിടെ ഇറാഖിലെ അതീവ സുരക്ഷാ മേഖലയിൽ സ്ഥിതിചെയ്യുന്ന അമേരിക്കൻ എംബസിക്കുനേരെ മോർട്ടാർ, റോക്കറ്റ് ആക്രമണങ്ങളുണ്ടായി.
ബാഗ്ദാദിലെ ജദ്രിയയിൽ യുഎസ് എംബസിക്ക് സമീപത്ത് യുഎസ് സൈന്യത്തെ പാർപ്പിച്ചിട്ടുള്ള ഇറാഖിലെ അൽ ബലാദ് വ്യോമസേനാ താവളത്തിലാണ് ശനിയാഴ്ച രാത്രിയോടെ ആക്രമണമുണ്ടായത്. ഇറാഖി സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ആളപായമില്ല. ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീൻ സോണിലാണ് യുഎസ് എംബസി സ്ഥിതി ചെയ്യുന്നത്.

ബാഗ്ദാദിൽ യുഎസ് നടത്തിയ മിസൈൽ ആക്രമണത്തിൽ റവല്യൂഷണറി ഗാർഡ്സിലെ രഹസ്യാന്വേഷണ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ മേധാവി ഖാസിം സുലൈമാനി കൊല്ലപ്പെട്ടിരുന്നു. ഇതിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഇറാഖിലുണ്ടായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

എംബസിക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചു. അമേരിക്കക്ക് നേരെ ഇറാന്‍ എന്തെങ്കിലും പ്രകോപനം നടത്തിയാല്‍ തിരിച്ചടിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയും ഇറാനുമായി സംഘര്‍ഷം രൂക്ഷമായതോടെ മറ്റ് ഗള്‍ഫ് രാജ്യങ്ങളും ജാഗ്രതയിലാണ്. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കെനിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ അൽ ഷബാബ് ഭീകരരുടെ ആക്രമണമുണ്ടായി. കെനിയ- സൊമാലിയ അതിർത്തിക്ക് സമീപം ലമുവിലെ സൈനിക താവളത്തിന് നേരെയാണ് ആക്രമണം. ക്യാമ്പിന് സമീപത്ത് നിന്നും വെടിയൊച്ച കേട്ടെന്നും കറുത്ത പുക ഉയരുന്നത് കണ്ടെന്നും ദൃക്സാക്ഷികൾ പറയുന്നു. സൈനിക താവളത്തിലേക്ക് നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തിയെന്ന് കെനിയൻ സൈനിക വക്താവ് വ്യക്തമാക്കി.

Eng­lish sum­ma­ry: Iran warns for war

‘you may also like this video’