‘അമേരിക്കയ്ക്ക് മരണം’ ആർപ്പു വിളിയുമായി ജനസാഗരം: ഇറാനെ കണ്ണീരിലാഴ്ത്തി ഖാസിം സുലൈമാനിയുടെ സംസ്കാരം ഇന്ന്

Web Desk
Posted on January 07, 2020, 8:54 am

ബാഗ്ദാദ്: അമേരിക്കയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ കമാൻഡർ ഖാസിം സുലൈമാനിയുടെ സംസ്കാരം ഇന്ന് നടക്കും. ജന്മനാടായ കെർമനിലാണ് ചടങ്ങ്. കഴിഞ്ഞ ദിവസം ടെഹ്റാനിൽ നടന്ന പ്രാർത്ഥന ചടങ്ങിൽ പങ്കെടുക്കാൻ പതിനായിരങ്ങളാണ് എത്തിയത്. ഇതിനിടെ ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് അമേരിക്കൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഖാസിം സുലൈമാനിയെ ജീവനില്ലാതെ മുന്നിലെത്തിച്ചപ്പോൾ വിങ്ങിപ്പൊട്ടുകയായിരുന്നു ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി. മൃതദേഹത്തിനുമുന്നിൽ പ്രാർഥന നടത്തുമ്പോൾ പലപ്പോഴും രാഷ്ട്രനേതാവിന് നിയന്ത്രണംവിട്ടു. വിതുമ്പലടക്കാനാകാതെ തേങ്ങി.

തിങ്കളാഴ്ച ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽനടന്ന പ്രാർഥനാച്ചടങ്ങുകൾ ടെലിവിഷനുകൾ തത്സമയം സംപ്രേഷണംചെയ്തിരുന്നു. പൊതുദർശനത്തിനുവെച്ച സുലൈമാനിയുടെ മൃതദേഹത്തിൽ അന്ത്യാഭിവാദ്യമർപ്പിക്കാൻ ലക്ഷക്കണക്കിന് പേരാണെത്തിയത്. ‘അമേരിക്കയ്ക്ക് മരണം’ എന്നവർ ആർത്തുവിളിക്കുന്നുണ്ടായിരുന്നു. ഇറാനിൽ ഖമേനി കഴിഞ്ഞാൽ രണ്ടാമത്തെ ശക്തനായ നേതാവെന്നാണ് സുലൈമാനി അറിയപ്പെട്ടിരുന്നത്. ഇറാൻസൈന്യമായ റെവലൂഷണറി ഗാർഡിന്റെ വിദേശത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഖുദ്സ് സേനയുടെ മേധാവിയായിരുന്നു സുലൈമാനി. ചൊവ്വാഴ്ച സുലൈമാനിയുടെ ജന്മനാടായ കെർമാനിൽ മൃതദേഹം കബറടക്കും. അതിനുമുമ്പ് ഷിയാ മുസ്‍ലിങ്ങളുടെ പുണ്യസ്ഥലമായ ഖോമിലേക്ക്‌ കൊണ്ടുപോകും.

You may also like this video

Eng­lish sum­ma­ry: Iraq com­man­der Qas­sam Soleima­n­is funer­al today