ഇറാഖ് ജനവിധി അട്ടിമറിക്കാന്‍ നീക്കം

Web Desk
Posted on August 11, 2018, 9:08 am

കെ രംഗനാഥ്

ബാഗ്ദാദ്: ഇക്കഴിഞ്ഞ മേയില്‍ നടന്ന ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് — സദര്‍ സഖ്യം നേടിയ മിന്നുന്ന വിജയത്തിനുശേഷം മന്ത്രിസഭ രൂപീകരണം അവസാനഘട്ടത്തിലെത്തിനില്‍ക്കെ ജനവിധി അട്ടിമറിക്കാന്‍ ആസൂത്രിതമായ അന്താരാഷ്ട്ര ഗൂഢാലോചന.

വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നതിനാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമുന്നയിച്ച് ചില കേന്ദ്രങ്ങള്‍ രംഗത്തുവന്നതിനുപിന്നില്‍ യു എസ് ചാരസംഘടനയായ സിഐഎയും ഇറാനുമാണെന്ന് നയതന്ത്രനിരീക്ഷകര്‍ കരുതുന്നു. വീണ്ടും വോട്ടെണ്ണി സംശയം തീര്‍ക്കുന്നതിന് തങ്ങള്‍ എതിരല്ലെന്ന് കമ്മ്യൂണിസ്റ്റ് — സദര്‍ സഖ്യം വ്യക്തമാക്കിയതിനിടയില്‍ ബാഗ്ദാദിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ വന്‍ അഗ്നിബാധമൂലം യന്ത്രങ്ങളാകെ കത്തിനശിച്ചത് അട്ടിമറിയുടെ ഭാഗമാണെന്ന സംശയം ബലപ്പെടുത്തുന്നു. കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തിലെത്തുന്നതു തടയാന്‍ തങ്ങള്‍ ഏതറ്റംവരെയും പോകുമെന്ന് ഇറാന്‍ ആത്മീയനേതാവ് അയത്തുള്ള ഖുമേനിയുടെ മുഖ്യ ഉപദേഷ്ടാവ് വോട്ടെടുപ്പിനുമുമ്പ് ബാഗ്ദാദില്‍ പ്രഖ്യാപിച്ചതും പുതിയ സംഭവവികാസങ്ങളുമായി ചേര്‍ത്തുവായിക്കേണ്ടതാണ്.
ജനവിധി അട്ടിമറിച്ചാല്‍ ജനകീയ രോഷാഗ്നിയില്‍ ഇറാഖ് കത്തിക്കാളുമെന്ന് സദര്‍കക്ഷിയുടെ നേതാവും ആത്മീയനേതാവുമായ മുഖ്താദാ അല്‍റ സദറും ഇറാഖി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി റയേഫ് ഫാമിയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ദക്ഷിണ കൊറിയയിലെ മിറിയു സിസ്റ്റംസില്‍ നിന്ന് ഇറക്കുമതി ചെയ്ത വോട്ടെണ്ണല്‍ യന്ത്രങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ലെന്ന് കമ്പനി വക്താവ് പരിശോധനകള്‍ക്കുശേഷം ഇവിടെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ചില കേന്ദ്രങ്ങളിലെ വോട്ടുകള്‍ കൈകൊണ്ട് എണ്ണി തിട്ടപ്പെടുത്തിയിരുന്നു. കുര്‍ദിസ്ഥാന്‍ സ്വയംഭരണ പ്രദേശങ്ങള്‍, യു എസ് അധിനിവേശ സൈന്യം അരുംകൊല ചെയ്ത മുന്‍ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈന്റെ ശക്തികേന്ദ്രമായിരുന്ന കിര്‍കുക്ക് എന്നിവിടങ്ങളിലെ വോട്ടുകളാണ് വീണ്ടും എണ്ണിയത്. എന്നാല്‍ ഇതിന്റെ ഫലങ്ങള്‍ ഇനിയും പ്രഖ്യാപിക്കാത്തത് കമ്മ്യൂണിസ്റ്റ് — സദര്‍ സഖ്യം അധികാരത്തിലേറുന്നതു തടയാനാണെന്ന് ഇറാഖി നയതന്ത്ര നിരീക്ഷകര്‍ സംശയിക്കുന്നു. ബാഗ്ദാദിലെ വോട്ടെണ്ണല്‍ യന്ത്രങ്ങള്‍ ദുരൂഹനിലയില്‍ കത്തിനശിച്ച സാഹചര്യത്തില്‍ പാര്‍ലമെന്റിലേക്ക് ഒട്ടാകെ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന ആവശ്യവുമായി ചില കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയതും ശ്രദ്ധേയം.

ഇറാനുമായി അടുപ്പമുള്ള ഇറാഖിലെ ബോര്‍ഡ് ഓഫ് സുപ്രിം ഓഡിറ്റ് പോളിങ്ങിനു മൂന്നുദിവസം മുമ്പ് മെയ് 9ന് ഇലക്ഷന്‍ കമ്മിഷന് അയച്ച കത്തില്‍ വോട്ടെണ്ണല്‍ യന്ത്രങ്ങളില്‍ സംശയം പ്രകടിപ്പിച്ചത് ജനവിധി തകിടം മറിക്കാനുള്ള തിരക്കഥയുടെ കേളികൊട്ടായിരുന്നുവെന്ന് ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍നിന്നും വ്യക്തം. വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കങ്ങളെ മുഖ്താദാ അല്‍ സദര്‍ നിശിതമായി വിമര്‍ശിച്ചു. വീണ്ടും തെരഞ്ഞെടുപ്പ് നടന്നാല്‍ അത് ഇറാഖി ജനാധിപത്യ പ്രക്രിയയുടെ മരണമണി മുഴക്കമായിരിക്കുമെന്ന് കമ്മ്യൂണിസ്റ്റ് നേതാവ് റയേഫ് ഫാമി മുന്നറിയിപ്പു നല്‍കി. വീണ്ടുമൊരു തെരഞ്ഞെടുപ്പ് ഉണ്ടായാല്‍ ഇപ്പോഴത്തേതില്‍ നിന്നും മികച്ച വിജയത്തോടെ കമ്മ്യൂണിസ്റ്റ് — സദര്‍ സഖ്യം തിരിച്ചുവരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.