October 3, 2022 Monday

യാത്രക്കാരുടെ വിവരങ്ങള്‍ ഐആര്‍സിടിസി വില്‍ക്കുന്നു : 1000 കോടി ലക്ഷ്യം

Janayugom Webdesk
ന്യൂഡല്‍ഹി
August 19, 2022 9:05 pm

യാത്രക്കാരുടെ വിവരങ്ങള്‍ വിറ്റ് ആയിരം കോടി സമാഹരിക്കാന്‍ ഐആര്‍സിടിസി. കമ്പനിയുടെ ഡിജിറ്റല്‍ ആസ്തികള്‍ പണമാക്കി മാറ്റാന്‍ കണ്‍സള്‍ട്ടന്റുമാരെ ക്ഷണിച്ചുകൊണ്ട് കമ്പനി വിജ്ഞാപനം പുറപ്പെടുവിച്ചു. യാത്രക്കാരുടെ വന്‍തോതിലുള്ള ഡാറ്റ സ്വകാര്യ, സര്‍ക്കാര്‍ മേഖലയിലെ കമ്പനികളുമായുള്ള വ്യാപാര ഇടപാടിനായിരിക്കും പ്രയോജനപ്പെടുത്തുക. ഇതിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഐആര്‍സിടിസിയുടെ ഓഹരി വില അഞ്ചുശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ റയില്‍വേയുടെ ടിക്കറ്റുകളുടെ 80 ശതമാനവും ഇന്ത്യന്‍ റയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷന്‍ മുഖേനയാണ് ഓണ്‍ലൈനായി വിറ്റഴിക്കുന്നത്. മുമ്പ് ഐആര്‍സിടിസി വഴി ടിക്കെറ്റെടുക്കുന്നത് സാധാരണക്കാര്‍ക്ക് സൗജന്യമായിരുന്നെങ്കില്‍ പിന്നീടതിന് നിശ്ചിത തുക ഈടാക്കാനും ആരംഭിച്ചിരുന്നു.

കമ്പനിയുടെ കൈവശമുള്ള യാത്രക്കാരുടെ വിവരങ്ങള്‍ അഥാവാ ഡിജിറ്റല്‍ ആസ്തികള്‍ ആവശ്യക്കാര്‍ക്ക് കൈമാറി പുതിയ വരുമാന മാര്‍ഗ്ഗം കണ്ടെത്താനാണ് കമ്പനി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഉപയോക്തൃ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് ഐആര്‍സിടിസി പറയുന്നു. യാത്ര തുടക്കം, അവസാനം, യാത്ര ചെയ്ത ക്ലാസ്, എത്ര തവണ യാത്ര ചെയ്തു, യാത്രയ്ക്കെടുക്കുന്ന സമയം, ബുക്കിങ് സമയം, യാത്രക്കാരുടെ പ്രായപരിധിയും ലിംഗ വ്യത്യാസവും, ടിക്കറ്റിനായി പണം ഒടുക്കിയ രീതി, ഏതു രീതിയിലാണ് ടിക്കറ്റ് ബുക്ക് ചെയ്തത് തുടങ്ങി റയില്‍വേ മന്ത്രാലയത്തിനു കീഴിലുള്ള യാത്രക്കാരുടെ വിവരങ്ങള്‍ കൈമാറും. വ്യക്തിഗത വിവരങ്ങള്‍ സംബന്ധിച്ച് നിലവിലുള്ള നിയമങ്ങള്‍ പാലിച്ചും സുപ്രീംകോടതി ഉത്തരവ് മാനിച്ചുമാകണം ഡേറ്റകള്‍ വിറ്റഴിക്കുന്നത് സംബന്ധിച്ച് കണ്‍സള്‍റ്റന്റ് പദ്ധതി തയ്യാറാക്കേണ്ടതെന്ന വ്യവസ്ഥ ഉണ്ടെങ്കിലും പാലിക്കപ്പെടുമോ എന്നാണ് ആശങ്ക. സര്‍ക്കാരിന്റെ കൈവശമുള്ള പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോരുന്നതും ചോര്‍ത്തുന്നതും സംബന്ധിച്ച് നിരവധി ആക്ഷേപങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഐആര്‍സിടിസിയുടെ പുതിയ നീക്കം.

100 ടിബി ഡാറ്റാ

ഡാറ്റാ കൈമാറ്റത്തില്‍ സ്വകാര്യതയും ഡാറ്റാസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയരുന്നതായി ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ പറഞ്ഞു. ഐആര്‍സിടിസിയുടെ പക്കല്‍ ഉപയോക്താക്കളുടെ 100 ടിബിയിലധികം ഡാറ്റയുണ്ടെന്നാണ് കണക്കുകള്‍. ഇതിൽ ഉപയോക്താക്കളുടെ പേര്, നമ്പർ, വിലാസം തുടങ്ങിയ എല്ലാ വിശദാംശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 2021–22 സാമ്പത്തിക വർഷത്തിൽ ഏകദേശം 43 കോടി ടിക്കറ്റുകൾ ഐആര്‍സിടിസി വഴി ബുക്ക് ചെയ്തിട്ടുണ്ട്. ഓൺലൈൻ സേവനങ്ങള്‍ 80 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ ഉപയോഗിച്ചുവരുന്നുണ്ട്.

Eng­lish Sumam­ry: IRCTC sells pas­sen­ger data: 1000 crore target

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.