March 27, 2023 Monday

അയർലന്റ് വീണ്ടും ഒന്നാക്കാൻ സാധ്യത തെളിയുന്നു

എം എസ് രാജേന്ദ്രൻ
ലോകജാലകം
March 17, 2020 3:20 am

ഇക്കഴിഞ്ഞ ഒക്ടോബർ 30ന് ഗ്രേറ്റ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പിരിഞ്ഞതോടെ 28 അംഗങ്ങൾ ഉൾപ്പെട്ട യൂണിയന്റെ അംഗസംഖ്യ 27 ആയി മാത്രമെ ചുരുങ്ങിയിട്ടുള്ളുവെങ്കിലും അത് സൃഷ്ടിച്ച പ്രത്യാഘാതം ഗുരുതരമായിരുന്നു. നൂറ്റാണ്ടുകളായി ഒന്നാകാൻ ആഗ്രഹിച്ചിരുന്ന യൂറോപ്പിന്റെ അതിമോഹം ആണ് ഇപ്പോൾ പൊളിയാൻ തുടങ്ങിയത്. പാതി മനസ്സോടെയാണ് ഗ്രേറ്റ് ബ്രിട്ടൻ ഈ യൂണിയനിൽ ചേർന്നതെന്ന വസ്തുത ഒരു രഹസ്യമായിരുന്നില്ല. അതുകൊണ്ടു തന്നെ ഈ വേർപാടിൽ ആർക്കും അതിശയം തോന്നിയതുമില്ല. പക്ഷെ, ഇനി ആ യൂണിയന്റെ ഭാവി എന്താകുമെന്നത് പ്രവചിക്കാനാവില്ലതന്നെ. യൂറോപ്യൻ യൂണിയന് മാത്രമല്ല ഗ്രേറ്റ് ബ്രിട്ടനിൽ തന്നെയും വിഘടനത്തിന്റെ വിത്താണ് അത് വിതച്ചിരിക്കുന്നത്.

ബ്രിട്ടന്റെ വേർപാടോടുകൂടി യൂറോപ്യൻ യൂണിയനിൽ മാത്രമല്ല ഗ്രേറ്റ് ബ്രിട്ടനിൽ തന്നെ അതു വിഘടനവാദത്തിന് കളമൊരുക്കുമെന്ന് ഈ പംക്തിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഗ്രേറ്റ് ബ്രിട്ടൻ ഇംഗ്ലണ്ടായി ചുരുങ്ങുമോയെന്ന് അന്ന് ഉന്നയിച്ചിരുന്ന സംശയം ഇപ്പോൾ യാഥാർത്ഥ്യമാകാൻ തുടങ്ങുകയാണ്. സ്കോട്ട്‌ലന്‍ഡ് ബ്രിട്ടനിൽ നിന്ന് വിട്ടുപോകാൻ ഒരു ഹിതപരിശോധന നടത്തിക്കഴിഞ്ഞിരുന്ന പശ്ചാത്തലത്തിലാണ് ഈ സംശയം തോന്നിയിരുന്നത്. വടക്കൻ അയർലന്‍ഡും ആ വഴിക്കാണ് നീങ്ങുന്നതെന്ന സൂചനകളുമുണ്ടായിരുന്നു. ഇംഗ്ലണ്ടിൽ നിന്ന് വിട്ടുപോകാൻ ആയിരക്കണക്കിന് രക്തസാക്ഷികളെ സൃഷ്ടിച്ചുകൊണ്ട് സിൻ ഫൈൻ എന്ന കലാപകാരികളുടെ സംഘടന മൂന്നു പതിറ്റാണ്ടുകൾ നടത്തിയ സായുധപ്പോരാട്ടം വളരെ വിഷമിച്ചാണ് അന്ന് അവസാനിപ്പിക്കാൻ കഴിഞ്ഞത്. അയർലന്‍ഡ് എന്ന സ്വതന്ത്ര രാജ്യം ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ്, 1921ൽ, വേർപെട്ടുപോയപ്പോൾ നാലഞ്ച് ജില്ലകൾ മാത്രം അടങ്ങിയ വടക്ക് കിഴക്കൻ മേഖലയെ ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമായി നിലനിർത്താൻ കഴിഞ്ഞത് ആ ഭാഗത്തുള്ളവരുടെ കത്തോലിക്കാ വിരോധം ഒന്നുകൊണ്ട് മാത്രമായിരുന്നു.

തെക്കൻ അയർലന്‍ഡ് കത്തോലിക്ക ഭൂരിപക്ഷത്തിന്റെ നാടായിരുന്നു. വടക്കൻ ഭാഗത്താകട്ടെ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരായിരുന്നു അല്പം കൂടുതൽ. സിൻ ഫൈൻ നടത്തിയ പോരാട്ടം അന്ന് ഒതുക്കാൻ കഴിഞ്ഞെങ്കിലും സിൻ ഫൈൻ പാർട്ടി ശക്തിപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ അവർക്കാണ് ബഹുഭൂരിപക്ഷം സീറ്റുകൾ ലഭിച്ചിട്ടുള്ളതും. കത്തോലിക്കർ വടക്കൻ അയർലന്‍ഡിലും ഒരു ഭൂരിപക്ഷമായിരിക്കുന്നുവെന്നതിന് വേറെ തെളിവുതേടി പോകേണ്ടതില്ല. അടുത്തകൊല്ലം നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിൽ (സെൻസസ്) ഇതു സ്പഷ്ടമാകുമെന്നാണ് എല്ലാവരും കരുതുന്നത്. ആ കണക്കെടുപ്പിന് ശേഷവും ശാന്തമായും സമാധാനപരമായും പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ പിന്നെ എന്തുചെയ്യണമെന്ന് സിൻ ഫൈൻ കലാപകാരികളെ ആരും പഠിപ്പിക്കേണ്ടിവരില്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തെ മൂന്നു ദശാബ്ദങ്ങളിൽ അവർ നടത്തിയ കൊലയും കൊള്ളിവെപ്പും അതിനുള്ള ഉത്തരം നൽകും. സിൻ ഫൈൻ പോരാളികൾ അവരുടെ ലക്ഷ്യം നേടാൻ എന്തും ചെയ്യാൻ മടിക്കില്ലെന്ന് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന മൂന്ന് പതിറ്റാണ്ടുകളിൽ വടക്കൻ അയർലന്‍ഡിൽ അവർ ഒഴുക്കിയ ചോരപ്പുഴ തെളിവാണ്. സാർവ്വദേശീയതലത്തിൽ പ്രത്യേകിച്ചും അമേരിക്കയിൽ അവർക്കു ലഭിക്കാവുന്ന പിന്തുണ എത്രയെന്ന് ആരെയും പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല. രണ്ടുകോടി അയർലന്‍‍ഡുകാരാണ് അമേരിക്കയിൽ മാത്രം പ്രവാസികളായുള്ളത്. അമേരിക്ക എക്കാലത്തും ബ്രിട്ടന്റെ പക്ഷത്താണ് നിലപാട് എടുത്തിട്ടുള്ളതെങ്കിലും ഈ രണ്ട് കോടി പ്രവാസികളുടെ ശബ്ദം ഇക്കാര്യത്തിൽ അമേരിക്കയെയും സ്വാധീനിക്കാതിരിക്കില്ലെന്ന് ഉറപ്പാണ്. വടക്കൻ അയർലന്‍ഡിൽ അവർ നടത്തിയ പോരാട്ടത്തിന്റെ തീഷ്ണത കണ്ടറിഞ്ഞിട്ടുള്ളവരെ അക്കാര്യം ആരും പറഞ്ഞു പഠിപ്പിക്കേണ്ടി വരില്ല. ഈ പോരാട്ടത്തിന്റെ വിജയത്തിന് അവർ ബലി കഴിച്ചത് 3500 പേരുടെ ജീവനാണെന്ന് എല്ലാവർക്കും ഓർമ ഉണ്ടാകണം. പക്ഷെ, അന്ന് അവരുടെ ആവശ്യം ഭരണത്തിൽ തങ്ങൾക്കും പങ്കുവേണമെന്ന് മാത്രമെ ഉണ്ടായിരുന്നുള്ളു. അതു സാധിച്ചു കിട്ടിയപ്പോൾ കുറച്ചുകാലത്തേക്ക് അവർ ശാന്തമായിരിക്കുകയും ചെയ്തു. ഇപ്പോൾ വടക്കൻ അയർലന്‍ഡിലെ കത്തോലിക്കരുടെ സംഖ്യ ഭൂരിപക്ഷത്തിലും അധികമായ സ്ഥിതിക്ക് സൗജന്യങ്ങളുടെ അപ്പക്കഷ്ണംകൊണ്ട് അവരെ തൃപ്തിപ്പെടുത്താനാവുമെന്ന് തോന്നുന്നില്ല. ഇപ്പോൾ അവരുടെ പോരാട്ടം അയർലന്‍ഡ് ദ്വീപിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നാണ് ഫെബ്രുവരി എട്ടിന് നടന്ന തെരഞ്ഞെടുപ്പ് ഫലം വിളിച്ചറിയിക്കുന്നത്. ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള 99 വര്‍ഷങ്ങള്‍ക്കിടയില്‍ രണ്ടു പാര്‍ട്ടികളാണ് അവിടെ അധികാരം മാറിമാറി പങ്കിട്ടിരുന്നത്. എന്നാല്‍ ഫെബ്രുവരി എട്ടിന് നടന്ന തെരഞ്ഞെടുപ്പിൽ വടക്കൻ അയർലന്‍ഡില്‍ ഒതുങ്ങി നിന്നിരുന്ന സിൻ ഫൈൻ ആദ്യത്തെ മുൻഗണനാ റൗണ്ടിൽ ഒന്നാം സ്ഥാനത്തെത്തിയെന്നത് പുതിയ മാറ്റത്തെ ഉച്ചൈസ്തരം ഉദ്ഘോഷിക്കുന്ന ഒരു വസ്തുതയാണ്.

പുരോഗമനപരമായ ഒരു മാനിഫെസ്റ്റൊ ആയിരുന്നു അവരുടേത്. ആരോഗ്യരക്ഷക്കും പാർപ്പിട സൗകര്യത്തിനും കൂടുതൽ ഫണ്ട് നീക്കിവെക്കുമെന്നതാണ് അവരുടെ വാഗ്ദാനം. അയർലന്‍ഡ് ദ്വീപും വടക്കൻ അയർലാന്‍ഡും ഒരൊറ്റ രാജ്യമാക്കുമെന്നും അവർ വാഗ്ദാനം ചെയ്തിട്ടുണ്ട്. വടക്കൻ അയർലന്‍ഡുകാര്‍ക്ക് അയർ
­­­­ലന്‍ഡുമായി യോജിക്കാനുള്ള പോരാട്ടത്തിൽ ഒരു പുതിയ ചുവടുവയ്പാണിത്. യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം വിടർത്തിക്കൊണ്ട് പുതിയൊരു ചരിത്രം ഉദ്ഘാടനം ചെയ്ത സിൻ ഫൈൻ ഇരുപ്രദേശങ്ങളുടെയും സംയോജനത്തിനുള്ള മണിമുഴക്കമാണ് നടത്തിയിരിക്കുന്നത്. 1921ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതുമുതൽ അധികാരം പങ്കിട്ടെടുത്തിരുന്ന രണ്ടു പഴയപാർട്ടികളേയും മലർത്തി അടിച്ചുകൊണ്ടുള്ള സിൻ ഫൈൻ കക്ഷിയുടെ അരങ്ങേറ്റം ഇരുപ്രദേശങ്ങളും ഒന്നാകുമെന്നതിന്റെ ഒരു ശംഖ് വിളിയാണ് നടത്തിയിരിക്കുന്നത്. ഇതിന് തടയിടാൻ ബ്രിട്ടീഷ് സർക്കാരിന് പല പരിമിതികളുമുണ്ട്. ബ്രിട്ടനിൽ നിന്ന് വേർപെട്ട് പോകാനുള്ള സ്‌കോട്ട്‌ലന്‍ഡിന്റെ കഠിനമായ ശ്രമം ഒട്ടും ശമിക്കുന്ന ലക്ഷണം കാണുന്നുമില്ല. ഈ ബന്ധം വേർപെടുത്തുന്നത് സംബന്ധിച്ച് സ്കോട്ട്‌ലന്‍ഡ് ആദ്യം നടത്തിയ ഹിതപരിശോധന പരാജയപ്പെട്ടത് നേരിയ ശതമാനം വോട്ടിനാണ്. പക്ഷെ അതുകൊണ്ട് സ്കോട്ട്‌ലന്‍ഡ് ആ ശ്രമം ഉപേക്ഷിച്ചിട്ടുമില്ല. രണ്ടാമതൊരു ഹിതപരിശോധനയ്ക്കു കൂടി അവർ അരയും തലയും മുറുക്കി നിൽക്കുകയുമാണ്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടുപോകുന്നതിൽ വിജയിച്ചെങ്കിലും രാജ്യത്തിന്റെ പൂർവ്വകാല ശക്തി വീണ്ടെടുക്കാൻ പെടാപ്പാടാണ് നടത്തുന്നത്. ഇ യുവിൽ നിന്ന് വിട്ടുപോകുന്നതിനുള്ള ഉടമ്പടി നടപ്പിലാക്കുന്നത് തന്നെ അത്ര എളുപ്പമല്ല. അതോടൊപ്പം ഇംഗ്ലീഷ് ഭരണത്തിൽ നിന്ന് വിടുതൽ തേടുന്ന കാര്യത്തിൽ സ്കോട്ട്‌ലന്‍ഡ് ഉറച്ചുനിൽക്കുന്നതുകൊണ്ട് ആ രംഗത്തും പ്രധാനമന്ത്രിക്ക് പാടുപെടേണ്ടിവരും. വെയിൽസിൽ നിന്ന് ഈ ശ്രമത്തിന് എന്തുപിന്തുണ കിട്ടുമെന്ന് നിശ്ചയവുമില്ല. അതുകൊണ്ട് തന്നെ വടക്കൻ അയർലന്‍ഡിന്റെ വിട്ടുപോകലിനെ ചെറുക്കുന്നതും അത്ര എളുപ്പമാവില്ല. പ്രത്യേകിച്ചും സിൻ ഫൈൻ അയർലന്‍ഡില്‍ നേരിട്ട് ഇടപെട്ടുകൊണ്ട് അവിടുത്തെ തെരഞ്ഞെടുപ്പിലും ശക്തി പ്രകടനം നടത്തിക്കഴിഞ്ഞ സ്ഥിതിക്ക്. വടക്കൻ അയർലന്‍ഡില്‍ പുതിയൊരു ജനസംഖ്യാ കണക്കെടുപ്പ് ആസന്നമായതും പ്രധാനമന്ത്രി ജോൺസനെ തളർത്തും. അതുകൊണ്ട് തന്നെ വടക്കൻ അയർലന്‍ഡ് വിട്ടുപോകുന്നതിന് തടയിടാൻ അദ്ദേഹത്തിന് കഴിഞ്ഞെന്ന് വരില്ല. ഇതെല്ലാം വച്ചു നോക്കുമ്പോൾ വടക്കൻ അയർലന്‍ഡും അയർലന്‍ഡ് ദ്വീപുമായുള്ള ലയനം അനതി വിദൂരമായ ഭാവിയിൽ നടക്കുമെന്നു തന്നെ പ്രതീക്ഷിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.