ഇരുമ്പു യുഗ സംസ്‌കാരത്തിന്‍റെ ബാക്കിപത്രം…

Web Desk
Posted on March 22, 2019, 4:49 pm

മാനന്തവാടി: ഇരുമ്പു യുഗ സംസ്കാരത്തിന്‍റെ ബാക്കിപത്രം എടവക പഞ്ചായത്തിലെ എള്ളുമന്ദം കാക്കഞ്ചേരി കുന്നിന്‍ ചെരുവില്‍ നിന്ന് കണ്ടെത്തി. വയനാട്ടിലെ മഹാശിലകള്‍ എന്ന വിഷയത്തില്‍ ഗവേഷണം നടത്തിവരുന്ന കണ്ണൂര്‍ കൃഷ്ണ മേനോന്‍ വനിതാ കോളജിലെ അധ്യാപകനായ വിനോയ് ജോസഫ് ആണ് സാക്ഷരതാ പ്രേരക് കെപി ബാബുവിന്റെ സഹായത്തോടെ മിനുസമുള്ളതും കറുത്ത കൂജ മാതൃകയിലുള്ളതുമായ പാത്രവും അസ്ഥികളുടെ അവശിഷ്ടങ്ങളും ഇരുമ്പിന്റെ അംശങ്ങളും കണ്ടെത്തിയത്. മുന്‍പും ഈ പ്രദേശത്തു നിന്നും മണ്‍പാത്രങ്ങളും അസ്ഥികളുടെ അവശിഷ്ടങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ കറുത്ത മണ്‍പാത്രം കാണപ്പെടുന്നത് ഇത് ആദ്യമായിട്ടാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

1930 കളില്‍ കമ്മിയേഡ് എന്ന ബ്രിട്ടിഷുകാരനാണ് സുല്‍ത്താന്‍ ബത്തേരി പൊലീസ്
സ്‌റ്റേഷന്‍ പരിസരത്ത് നിന്നും 28 നന്നങ്ങാടികള്‍ കണ്ടെത്തിയത്. പിന്നീട്
കുപ്പക്കൊല്ലിയിലും വാളാല്‍ പ്രദേശത്തും ഉദ്ഘനനങ്ങള്‍ നടന്നുവെങ്കിലും
ഇത്തരത്തിലുള്ള കറുത്ത കൂജ മാതൃകയിലുള്ള പാത്രം എവിടെയും
പരാമര്‍ശിക്കപ്പെട്ടില്ല. അവശിഷ്ടങ്ങള്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക
കലാലയത്തിലെ കൃഷ്ണമേനോന്‍ സ്മാരക മ്യൂസിയത്തിലേക്ക് മാറ്റി. ഇത് സംബന്ധിച്ച
വിവരങ്ങള്‍ സംസ്ഥാന–കേന്ദ്ര പുരാവസ്തു വകുപ്പ് അധികൃതരെ അറിയിച്ചതായി
വിനോയ് ജോസഫ് പറഞ്ഞു.