28 March 2024, Thursday

സാംസ്കാരിക കേരളത്തിന് അപരിഹാര്യമായ നഷ്ടം : കാനം

Janayugom Webdesk
തിരുവനന്തപുരം
October 11, 2021 11:04 pm

പ്രശസ്ത സിനിമ‑നാടക നടൻ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുശോചിച്ചു. നാടക രംഗത്തിലൂടെ അഭിനയരംഗത്ത് എത്തിയ നെടുമുടി വേണു വളരെ വേഗം ജനപ്രിയ നായകനായി മാറി. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ മലയാളി മനസുകളിൽ എന്നും തങ്ങി നിൽക്കുന്നു. നെടുമുടിയുടെ നിര്യാണം നാടക‑സിനിമാ രംഗത്തിനു മാത്രമല്ല സാംസ്കാരിക കേരളത്തിനാകെ അപരിഹാര്യമായ നഷ്ടമാണെന്ന് കാനം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സാംസ്കാരിക കേരളത്തിന് അതുല്യനായ ഒരു പ്രതിഭാശാലിയെയാണ് നഷ്ടമായതെന്ന് സിപിഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: അഭിനയത്തെ ഭാവാത്മകമായ തലത്തിൽ ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസിൽ സ്ഥിര സാന്നിധ്യം ഉറപ്പിച്ച അനുഗ്രഹീത നടനാണ് അദ്ദേഹം. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളിൽ വലിയ താല്പര്യമെടുക്കുകയും നാടൻപാട്ടുകളുടെ അവതരണം മുതൽ പരീക്ഷണ നാടകങ്ങളുടെ അവതരണം വരെ നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്തു. അദ്ദേഹം ചൊല്ലിയ നാടൻപാട്ടുകൾ ജനമനസുകളിൽ വരുംകാലത്തുമുണ്ടാകും. സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്നേഹിച്ച നെടുമുടി വേണുവിന്റെ നിര്യാണം നമ്മുടെ സാംസ്കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

 

വട്ടിയൂർക്കാവ് തിട്ടമംഗലത്തെ നെടുമുടി വേണുവിന്റെ വസതിയിലുള്ള ഭൗതികദേഹം നാളെ രാവിലെ 10.30 മുതൽ 12.30 വരെ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ പൊതുദർശനത്തിനുവയ്ക്കും. ഉച്ചയ്ക്കു ശേഷം രണ്ടു മണിയോടെ സർക്കാരിന്റെ എല്ലാ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.