ഇരുള്‍ വെളിച്ചങ്ങളുടെ മാന്ത്രികത

Web Desk
Posted on April 07, 2019, 10:50 am

സൂര്‍ദാസ് രാമകൃഷ്ണന്‍

കാലത്തിന്റെ പ്രതീകംപോലെ നിലകൊള്ളുന്ന നിലക്കണ്ണാടിയില്‍ പ്രതിഫലിച്ച സ്വന്തം രൂപത്തെ ഛായാചിത്രങ്ങളായി ക്യാന്‍വാസിലേക്ക് പകര്‍ത്തിക്കൊണ്ട്, കാലം തന്റെമേല്‍ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ സ്വയം വിലയിരുത്തിയ ചിത്രകാരനായിരുന്നു ഡച്ചുകാരനായ റംബ്രാന്‍ഡ്. ഒന്നും രണ്ടുമല്ല, അറുപത്തിരണ്ട്് സ്വന്തം ഛായാചിത്രങ്ങളാണ് അദ്ദേഹം വരച്ചത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലായി പകര്‍ത്തിയവ. അതൊരു വെറും പകര്‍ത്തലായിരുന്നില്ല. പ്രായത്തിന്റെയും ജീവിതാനുഭവങ്ങളുടെയും ഹൃദയത്തെ പൊതിഞ്ഞ വൈകാരിക സങ്കീര്‍ണതകളുടെയും ആഴങ്ങള്‍ പ്രതിഫലിപ്പിക്കുന്നവയായിരുന്നു ആ ഛായാചിത്രങ്ങള്‍. അറുപത്തിമൂന്നു വര്‍ഷം നീണ്ട ജീവിതത്തിനിടയില്‍ അറുപത്തിരണ്ട് ഛായാചിത്രങ്ങള്‍! ആത്മവിശ്വാസം സ്ഫുരിക്കുന്ന യൗവനയുക്തനായ റംബ്രാന്‍ഡിന്റെ ചൈതന്യവത്തായ മുഖം മുതല്‍ ജീവിതപാരുഷ്യം തീര്‍ത്ത വടുക്കളില്‍ നിസംഗത വന്നു നിറയുന്ന വാര്‍ധക്യത്തിന്റെ മുഖഭാവങ്ങള്‍ വരെ ആ ഛായാചിത്രസഞ്ചയത്തില്‍ കാണാം. വാസ്തവത്തില്‍ ഒന്നിനൊന്ന് വ്യത്യസ്തമായ സ്വഛായാചിത്രങ്ങള്‍ കൊണ്ട് സ്വന്തം ജീവിതമെഴുതുകയായിരുന്നു അദ്ദേഹം. ഇത്രയധികം സ്വഛായാചിത്രങ്ങള്‍ വരച്ച മറ്റൊരു ചിത്രകാരനും ലോകചിത്രകലയുടെ ചരിത്രത്തിലില്ല. മാത്രമല്ല, ഈ സവിശേഷ സ്വഭാവം, റംബ്രാന്‍ഡിനെ ലോകചിത്രകാരന്മാരില്‍ ഏറ്റവും വലിയ ഛായാചിത്ര രചയിതാവാക്കി മാറ്റുകയും ചെയ്തു.
റംബ്രാന്‍ഡ് ഹെര്‍മെന്‍സ് വാന്‍ റിന്‍ 1606ല്‍ ലെയ്ഡനില്‍ (ഇന്ന് നെതര്‍ലാന്റിന്റെ ഭാഗമായ പ്രദേശം) സമ്പന്നനായ ഒരു ധാന്യമില്ലുടമയുടെ മകനായി ജനിച്ചു. ഹെര്‍മന്‍ ഹെറിറ്റ്്‌സ് എന്നായിരുന്നു പിതാവിന്റെ പേര്. റംബ്രാന്‍ഡ്് മാതാപിതാക്കളെ അഗാധമായി സ്‌നേഹിച്ചിരുന്നു. പിതാവിന്റെ പതിനൊന്ന് ഛായാചിത്രങ്ങളും മാതാവിന്റെ പതിനാലോളം ഛായാചിത്രങ്ങളും അദ്ദേഹം വരച്ചു. അവയില്‍ ഇപ്പോള്‍ വിയന്നയിലെ ആര്‍ട്ട് ഗ്യാലറിയില്‍ സൂക്ഷിച്ചിരിക്കുന്ന ‘ഇരിക്കുന്ന വൃദ്ധ’ എന്ന അമ്മയുടെ ചിത്രം ലോകപ്രസിദ്ധമാണ്. വാര്‍ദ്ധക്യം അമ്മയെ എത്രത്തോളം വിഷാദവതിയാക്കിയിരുന്നുവെന്ന് ഈ ചിത്രത്തിലൂടെ റംബ്രാന്‍ഡ് കാണിച്ചുതരുന്നുണ്ട്. സ്വന്തം ഛായാചിത്രങ്ങള്‍ കഴിഞ്ഞാല്‍ റംബ്രാന്‍ഡ് ഏറ്റവും കൂടുതല്‍ വരച്ചിട്ടുള്ളത് മാതാപിതാക്കളുടെ ഛായാചിത്രങ്ങളാണ്. ഈ ചിത്രങ്ങളില്‍ കാണുന്നതിനെ പകര്‍ത്തുക എന്ന റിയലിസ്റ്റിക് ശൈലിയല്ല അദ്ദേഹം പിന്‍തുടര്‍ന്നത്. കാഴ്ച തന്റെ മനസ്സിലുണര്‍ത്തുന്ന ചിന്തയും വികാരങ്ങളും എന്താണോ അതിനെ ക്യാന്‍വാസിലേക്ക് ആവാഹിക്കുക എന്ന ഇംപ്രഷനിസ്റ്റിക് മനോഭാവമാണ് പുലര്‍ത്തിയിരുന്നത്. അതുകൊണ്ടുതന്നെ റംബ്രാന്‍ഡിന്റെ ഛായാചിത്രങ്ങള്‍, വ്യക്തികളുടെ ബാഹ്യരൂപത്തെ ആന്തരിക സത്തയുടെ പ്രതിരൂപമാക്കി മാറ്റുന്നു. അത് അദ്ദേഹം സാധ്യമാക്കുന്നതാകട്ടെ അതിസൂക്ഷ്മമായ പ്രകാശ ക്രമീകരണം കൊണ്ടാണുതാനും. വ്യക്തിയടെ മുഖത്ത് പ്രകാശം പതിക്കുമ്പോള്‍ സ്വാഭാവികമായും സൃഷ്ടിക്കപ്പെടുന്ന വെളിച്ചവും നിഴലുകളും തമ്മിലുള്ള ലയം റംബ്രാന്‍ഡിനെ പോലെ തിരിച്ചറിഞ്ഞ് പകര്‍ത്തിയിട്ടുള്ള ചിത്രകാരന്മാര്‍ വിരളമാണ്. ഛായാചിത്രങ്ങളില്‍ മാത്രമല്ല തന്റെ എല്ലാത്തരം ചിത്രങ്ങളിലും ഇരുളിനെയും വെളിച്ചത്തെയും അതിവിദഗ്ദ്ധമായി ചായങ്ങളുപയോഗിച്ച് ക്രമീകരിച്ചുകൊണ്ട് വസ്തുക്കളുടെ ത്രിമാനതയ്ക്കും മനുഷ്യരൂപങ്ങളുടെ ചലനാത്മകമായ ശാരീരിക നിലകള്‍ക്കും വ്യക്തിത്വത്തിനും കൂടുതല്‍ മിഴിവേകുന്നു റംബ്രാന്‍ഡ്.
പതിനാലാം വയസില്‍ ലെയ്ഡനിലെ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നെങ്കിലും ഒറ്റവര്‍ഷം കൊണ്ട് പഠനം മതിയാക്കി റംബ്രാന്‍ഡ്. ചിത്രകല പഠിക്കുക എന്നതായിരുന്നു ഏകലക്ഷ്യം. പിതാവിനാകട്ടെ മകന്‍ ചിത്രകാരനാകുന്നതില്‍ താല്പര്യമുണ്ടായിരുന്നില്ല. ഒടുവില്‍ മകന്റെ സ്‌നേഹപൂര്‍വ്വമുള്ള നിരന്തരമായ നിര്‍ബന്ധത്തിനുവഴങ്ങി 1625ല്‍ റംബ്രാന്‍ഡിനെ ചിത്രകലാപഠനത്തിനായി ആംസ്റ്റര്‍ഡാമിലേക്കയച്ചു. ക്ലാസിക്കല്‍ പാരമ്പര്യത്തിന്റെ കണിശതയിലൂന്നി ചിത്രരചന പഠിപ്പിച്ചിരുന്ന പെയ്റ്റര്‍ ലാസ്റ്റ്മാന്‍ ആയിരുന്നു ഗുരു. ആറുമാസം കൊണ്ട് അതും മടുത്തു. പിന്നെ അവിടെ നിന്നില്ല. നാട്ടിലേക്ക് തന്നെ മടങ്ങി. നിരാശയോടെയുള്ള മടക്കമായിരുന്നില്ല അത്. സര്‍ഗാത്മകത്വരയാല്‍ അസ്വസ്ഥമായ മനസ്സുമായിട്ടായിരുന്നു റംബ്രാന്‍ഡ് ലെയ്ഡനില്‍ തിരിച്ചെത്തിയത്. പിന്നെ വരയുടെ അവിരാമ ദിനങ്ങളായിരുന്നു. തനിക്ക് ചുറ്റും കണ്ടതെല്ലാം റംബ്രാന്‍ഡ് വരച്ചു. അസംബന്ധമായ കാഴ്ചയെന്നോ അശ്ലീലമായ കാഴ്ചയെന്നോ വിചാരിക്കാതെ കണ്ടതെല്ലാം പകര്‍ത്തി. ആരുടെയും ശൈലി അനുകരിച്ചില്ല. വരയിലൂടെ സ്വയം നിര്‍മ്മിച്ചുകൊണ്ട് തന്നിലെ ചിത്രകാരനെ കണ്ടെത്തുകയായിരുന്നു റംബ്രാന്‍ഡ്. അദ്ദേഹം സ്വന്തം ഛായാചിത്രങ്ങള്‍ വരച്ചുതുടങ്ങിയതും ഈ ഘട്ടത്തിലാണ്. ഏരിയല്‍ ഡ്യുറാന്റ് പറഞ്ഞതുപോലെ ഒരുപക്ഷേ, ലെയ്ഡനില്‍ തിരിച്ചെത്തിയ റംബ്രാന്‍ഡ് ആദ്യം വരച്ചത് സ്വന്തം ഛായാചിത്രം തന്നെയാകാം. ചിത്രകാരന്മാരുടെ എണ്ണപ്പെരുക്കത്താല്‍ നിറഞ്ഞിരുന്ന ഒരു നാട്ടില്‍ സ്വയം വളര്‍ന്നുവരുന്ന ചിത്രകാരന് പിടിച്ചുനില്‍ക്കുക പ്രയാസമായിരുന്നു. പക്ഷേ, ലെയ്ഡനില്‍ വരച്ചുതുടങ്ങിയതിന്റെ മൂന്നാംവര്‍ഷം റംബ്രാന്‍ഡിന്റെ ഒരു ചിത്രം നൂറുഡോളറിന് വിറ്റുപോയി. അന്ന് അതൊരു വലിയ തുകയായിരുന്നു. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല അദ്ദേഹത്തിന്. ഛായാചിത്രങ്ങള്‍ക്കും മറ്റുവിവിധതരം ചിത്രങ്ങള്‍ക്കുമായി ഒരുപാട് കരാറുകളില്‍ ഏര്‍പ്പെട്ടു. ആംസ്റ്റര്‍ഡാമില്‍ നിന്നായിരുന്നു കരാറുകളൊക്കെ വന്നിരുന്നത്. ബൈബിളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ക്കായിരുന്നു ആവശ്യക്കാരേറെ. റംബ്രാന്‍ഡ് തന്റെ തട്ടകം ആംസ്റ്റര്‍ഡാമിലേക്കുമാറ്റി. അതൊരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു. ആംസ്റ്റര്‍ഡാമിലെ കലാജീവിതം റംബ്രാന്‍ഡിനെ പ്രശസ്തികൊണ്ടും പണം കൊണ്ടും സമ്പന്നനാക്കി. പ്രത്യേകിച്ചും 1632–1642 വരയുള്ള കാലഘട്ടം. റംബ്രാന്‍ഡിനെ ലോകപ്രശസ്തനാക്കിയ ചിത്രങ്ങളെല്ലാം വരച്ചത് ഈ കാലഘട്ടത്തിലായിരുന്നു. അനാട്ടമി ലസണ്‍ ഓഫ് ഡോക്ടര്‍ നിക്കോളോസ് ടൂള്‍പ്, സാക്രിഫൈസ് ഓഫ് ഐസക്, ദി മിലിഷ്യ കമ്പനി ഓഫ് ക്യാപ്റ്റന്‍ ഫ്രാന്‍സ് ബിന്നിംഗ് കോക്ക് തുടങ്ങിയ ചിത്രങ്ങളെല്ലാം പിറന്നത് ഈ കാലഘട്ടത്തിലാണ്.

റംബ്രാന്‍ഡ്

റംബ്രാന്‍ഡ്

ബൈബിളിലധിഷ്ഠിതമായ റംബ്രാന്‍ഡ് ചിത്രങ്ങളില്‍ ഏറ്റവും പ്രശസ്തമായവയില്‍ ഒന്നാണ് യൂദാസിന്റെ ആത്മസംഘര്‍ഷം. ചിത്രീകരിച്ചിട്ടുള്ള ‘യൂദാസ് റിട്ടേണിംഗ് ദി തെര്‍ട്ടി പീസസ് ഓഫ് സില്‍വര്‍’ ക്രിസ്തുവിനെ ഒറ്റിക്കൊടുത്തതിന് ഭരണാധികാരികളും പൗരോഹിത്യവും പ്രതിഫലമായി കൊടുത്ത മുപ്പത്തുവെള്ളിക്കാശ് അവരുടെ മുമ്പിലേക്ക് തന്നെ വലിച്ചെറിഞ്ഞിട്ട് വിലപിക്കുന്ന യൂദാസിനെ ഒരര്‍ത്ഥത്തില്‍ അനശ്വരനാക്കുകയായിരുന്നു. റംബ്രാന്‍ഡ് ഈ ഗംഭീര ചിത്രത്തിലൂടെ. മുട്ടുകാലില്‍ നിന്നും വിലപിക്കുന്ന യൂദാസിന്റെ രൂപം അയാളുടെ ഉള്ളിലെ പാപബോധ സംഘര്‍ഷത്തിന്റെ തീവ്രത മുഴുവന്‍ പ്രകടമാകുന്ന രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. അയാളുടെ ശരീരനിലയില്‍ മാപ്പപേക്ഷിക്കുന്ന ഒരു പാപിയുടെ കുമ്പസാരഭാരം മുഴുവനുണ്ട്. മുഖമാകട്ടെ മനസ്സിലെ വികാരവിക്ഷുബ്ധത മുഴുവന്‍ പ്രകടമാക്കുന്നു. ആത്മഹത്യയ്ക്ക് തൊട്ടുമുമ്പുള്ള ആത്മസംഘര്‍ഷത്തില്‍ പെട്ട് ഉഴലുകയാണ് യൂദാസ്. അയാള്‍ വലിച്ചെറിഞ്ഞ വെള്ളിക്കാശിലേയ്ക്കും അയാളുടെ മുഖത്തേയ്ക്കും പതിയ്ക്കുന്ന രീതിയിലാണ് റംബ്രാന്‍ഡ് ഈ ചിത്രത്തില്‍ പ്രകാശത്തെ ക്രമീകരിച്ചിരിക്കുന്നത്. മറ്റുള്ളവരെ കാണാമെങ്കിലും അവര്‍ പ്രകാശത്തിനു പുറത്ത്് ഇരുണ്ട ഒരന്തരീക്ഷത്തിലാണ് നിലകൊള്ളുന്നത്. ഭരണ‑പൗരോഹിത്യ പ്രതിനിധികളുടെയെല്ലാം മുഖത്ത് ഭീതി നിഴലിട്ട് നില്‍ക്കുന്നു. ബൈബിളിലെ ഏറ്റവും സംഘര്‍ഷഭരിതമായൊരു നിമിഷത്തെ ഇരുളും വെളിച്ചവും ഇഴചേര്‍ത്ത് കാലാതിവര്‍ത്തിയാക്കിയിരുന്നു റംബ്രാന്‍ഡ് ഈ ചിത്രത്തില്‍. മതാത്മക വിഷയങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന എണ്ണൂറില്‍പ്പരം ചിത്രങ്ങള്‍ റംബ്രാന്‍ഡ് വരച്ചിട്ടുണ്ട്.
ഇങ്ങനെ പ്രശസ്തിയുടെ കൊടുമുടിയില്‍ വിരാജിച്ച കാലത്തുതന്നെയാണ് തന്റെ മുന്നില്‍ ഛായാചിത്രം വരയ്ക്കുന്നതിനായി വന്ന, സുന്ദരിയും സമ്പന്നയുമായ സസ്‌ക്യവാന്‍ യൂലിന്‍ ബര്‍ദ് എന്ന സ്ത്രീയെ ജീവിതത്തിലേക്ക് കൂട്ടിയത്. മനോഹരമായിരുന്നു അവരുടെ പരസ്പര സ്‌നേഹം. റംബ്രാന്‍ഡ് സസ്‌ക്യയുടെ അതിമനോഹരമായ ഛായാചിത്രങ്ങള്‍ വരച്ചിരുന്നു. പക്ഷേ, അവര്‍ക്കുണ്ടായ നാല് സന്തതികളില്‍ ആദ്യത്തെ മൂന്നുപേരും ബാല്യത്തില്‍ തന്നെ മരിച്ചു. നാലാമത്തെ പുത്രനായ ടൈറ്റസ് മാത്രമാണ് ജീവിച്ചത്. ഭാര്യയുടെ മരണശേഷം അവരുടെ സമ്പത്ത് മുഴുവന്‍ മകന്റെ പേരില്‍ എഴുതിവച്ച റംബ്രാന്‍ഡ്, ഭാര്യയുടെ പരിചാരികയെ ജീവിതസഖിയാക്കി, വിവാഹകരാറില്‍ ഏര്‍പ്പെടാതെ തന്നെ. അവരെയും അദ്ദേഹം അഗാധമായി സ്‌നേഹിച്ചിരുന്നു. അവരിലൊരു കുട്ടിയുണ്ടായപ്പോള്‍ പരസ്യമായി പിതൃത്വം ഏറ്റെടുക്കുകയും ചെയ്തു. ജീവിതത്തിന്റെ അവസാന കാലങ്ങളില്‍ നിര്‍ദ്ധനനായിരുന്നു റംബ്രാന്‍ഡ്. പക്ഷേ, ഒരിക്കലും ദുഃഖിതനായിരുന്നില്ല. ഒരുതരം നിര്‍മ്മതയോടെ ജീവിത പ്രാരാബ്ധങ്ങളെ അദ്ദേഹം നേരിട്ടു.
നിരൂപകനായ ജോണ്‍ റസ്‌കിന്‍ പറഞ്ഞതുപോലെ ”എല്ലാ ചിത്രകാരന്മാരും സൂര്യപ്രകാശത്താല്‍ ചൈതന്യവത്തായ അഭിജാത ജീവിതത്തെ ചിത്രീകരിച്ചു. റംബ്രാന്‍ഡ് മാത്രം വെളിച്ചം കുറഞ്ഞൊരു വിളക്കുമായി പരുഷമായ ജീവിതത്തിലേക്ക് നോക്കിക്കൊണ്ടിരുന്നു.”