ഇരുളില്‍ മറഞ്ഞ വേലായുധന്‍

Web Desk
Posted on July 07, 2019, 7:32 am

ക്ലാപ്പന ഷണ്‍മുഖന്‍

ഡോ. ചേരാവള്ളി ശശി കവി, ജീവചരിത്രകാരന്‍ ബാലസാഹിത്യ രചയിതാവ് തുടങ്ങിയുള്ള നിലകളില്‍ സാഹിത്യത്തിന്റെ എല്ലാ ശാഖയിലും ശ്രദ്ധേയനാണ്. ഒരു നോവല്‍ രചിക്കുന്നത് ഇതാദ്യമാണ്. അതും ചരിത്രനോവല്‍. വളരെ ശ്രദ്ധിച്ചും സത്യസന്ധമായും കൈകാര്യം ചെയ്യേണ്ട മേഖല.
ജീവചരിത്ര സ്വഭാവമുള്ള ഈ നോവല്‍ രചനയ്ക്ക് അദ്ദേഹം നേരത്തെ പ്രസിദ്ധീകരിച്ച ജീവചരിത്രഗ്രന്ഥങ്ങളായ അഴകത്ത് പത്മനാഭക്കുറുപ്പ്, പി ഭാസ്‌കരന്‍, തോപ്പില്‍ഭാസി, എസ് എല്‍ പുരം സദാനന്ദന്‍, കെ എസ് ജോര്‍ജ് എന്നിവയ്ക്ക് വേണ്ടിവന്ന രചനയുടെ കൈവഴക്കവും സിദ്ധിയും ഏറെ പ്രയോജനപ്പെട്ടിട്ടുണ്ടാകുമെന്നാണ് അനുമാനിക്കേണ്ടത്.
ചരിത്രത്തെയും ചരിത്രപുരുഷന്‍മാരെയും പല കാരണങ്ങളുടെ പേരിലും മനഃപൂര്‍വമോ അല്ലാതെയോ മറക്കുന്ന സ്വഭാവം നമ്മുടെ കീഴ്‌വഴക്കമാണ്.
ജാതിയുടെയും മതത്തിന്റെയും പേരില്‍ ധനികരും മേല്‍ജാതിക്കാരുമായ ഒരുപറ്റം ആളുകള്‍ക്കിടയില്‍ മറ്റുള്ളവര്‍ കീഴാളരായി ജീവിച്ച് അനുഭവിക്കേണ്ടി വന്ന യാതനകള്‍ 1800 കാലഘട്ടങ്ങളില്‍ എത്ര നിന്ദ്യവും ക്രൂരവും അവിശ്വസനീയവുമായിരുന്നു എന്ന തിരിച്ചറിവ് നല്‍കുന്ന ഈടുറ്റ ചരിത്രാഖ്യായികയാണ് ചേരാവള്ളിയുടെ ‘മുമ്പേ നടന്ന വേലായുധന്‍’.
ശ്രീനാരായണഗുരുവിന് 34 വര്‍ഷം മുമ്പ് ശില പ്രതിഷ്ഠിച്ച് അന്നത്തെ സമൂഹത്തില്‍ വിപ്ലവം സൃഷ്ടിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ഒറ്റയാന്‍ പ്രവര്‍ത്തനങ്ങളുടെ, അതും ഏറെയും കായികമായ ഇടപെടലുകളുടെ ധീരോജ്വലമായ കഥകളാണ് ചേരാവള്ളി ചുരുളഴിക്കുന്നത്.
ആറാട്ടുപുഴ കല്ലശേരി കുടുംബത്തില്‍ 1825ല്‍ ജനിച്ച വേലായുധന് ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ടു. അപ്പൂപ്പന്‍ പെരുമാളച്ചനും അമ്മൂമ്മയും ചേര്‍ന്നാണ് വളര്‍ത്തിയത്.
അപ്പൂപ്പനില്‍ നിന്നും മറ്റ് പലരില്‍ നിന്നും കേട്ടറിഞ്ഞ സാമൂഹ്യ അസമത്വത്തിന്റെയും അധാര്‍മികതയുടെയും കഥകള്‍ വേലായുധനെ ഏറെ അസ്വസ്ഥനാക്കിയിരുന്നു. ചെറുതും വലുതുമായ പല സംഭവങ്ങളിലുമുണ്ടായ വേലായുധന്റെ ഇടപെടലുകള്‍ ജാതിക്കോമരങ്ങളെ സംഭീതരാക്കി.
ധനാഢ്യനായിരുന്ന പെരുമാളച്ചന്‍ കച്ചവടക്കാരനും തേങ്ങ, നെല്ല്, ഇഞ്ചി, കുരുമുളക്, മത്സ്യം തുടങ്ങിയവയുടെ കയറ്റുമതിക്കാരനുമായിരുന്നു. ആറാട്ടുപുഴ അന്ന് ഒരു പ്രധാന തുറമുഖം കൂടിയായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
പതിനെട്ടാം വയസില്‍ കാരണവസ്ഥാനം ഏറ്റെടുത്തു. സാമൂഹ്യപ്രശ്‌നങ്ങള്‍, കച്ചവടം, കുടുംബകാര്യം മുതലായവയില്‍ ഭാരിച്ച ഉത്തരവാദിത്തം ഏറിവന്നു. പഠിക്കാന്‍ സമര്‍ഥനായിരുന്നു. സംസ്‌കൃതവും ആയുധവിദ്യയും അഭ്യസിച്ചു. രണ്ട് വെള്ളക്കുതിരയും ആനയും വള്ളങ്ങളും ബോട്ടുകളും കയറ്റിറക്കിനും സഞ്ചാരത്തിനുമായി ഉണ്ടായിരുന്നു.
ഒരിക്കല്‍ പെരുമ്പള്ളി ചന്തവഴി പോകുമ്പോള്‍ അതിസുന്ദരിയായ ഒരു ഈഴവ യുവതിയെ മേല്‍ജാതിക്കാര്‍ മുട്ടിനുതാഴെ വസ്ത്രമുടുത്തതിന്റെ പേരില്‍ പുടവ വലിച്ചുരിഞ്ഞ് ആക്രമിക്കുന്നതു കണ്ടു. വേലായുധന്‍ ആ മനുഷ്യാധമന്‍മാരെ അടിച്ചു തുരത്തിയോടിച്ചു. തുടര്‍ന്ന് മാധവി എന്ന യുവതിയുടെ വീട് സന്ദര്‍ശിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവള്‍ക്കും പുതിയ വീട് വച്ചുകൊടുക്കുകയും ചെയ്തു. ധാരാളം ഈഴവസ്ത്രീകളെ അച്ചിപ്പുടവ ഉടുപ്പിച്ച് പത്തിയൂരില്‍ ഒരു ജാഥതന്നെ സംഘടിപ്പിക്കുകയും തുടര്‍ന്ന് യാതൊരെതിര്‍പ്പും കൂടാതെ ഈഴവസ്ത്രീകള്‍ക്ക് യഥേഷ്ടം പുടവ ധരിച്ചു സഞ്ചരിക്കാന്‍ അവസരമുണ്ടാകുകയും ചെയ്തു.
ശങ്കരന്‍ എന്ന അനുചരനുമൊത്ത് ഓച്ചിറ ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ അടുത്തുള്ള വാരണപ്പള്ളി കുടുംബം സന്ദര്‍ശിക്കുന്നു. വെളുമ്പിയെന്ന ആ കുടുംബത്തിലെ സ്ത്രീയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും അനന്തരം വിവാഹം ആഘോഷപൂര്‍വം നടക്കുകയും ചെയ്യുന്നു.
ഇതിനിടയില്‍ പെരുമ്പള്ളി ചന്തയിലെ ആഭാസനും പിടിച്ചുപറിക്കാരനുമായ കിട്ടനെ ഇനി താന്‍ ഈ നാട്ടില്‍ കേറുകില്ലെന്ന കരാറില്‍ കൈകാര്യം ചെയ്തു നാടുകടത്തുന്നു.
ആദ്യത്തെ കുട്ടി പിറക്കുന്നു. തന്റെ കര്‍മങ്ങളെയോര്‍ത്തു അശാന്തമായ മനസുമായി കഴിയുന്ന വേലായുധന്‍ വാരണപ്പള്ളിയില്‍ കണ്ടതുപോലൊരു ശിവക്ഷേത്രം തന്റെ കുടുംബത്തിലും സ്ഥാപിക്കണമെന്ന അഭിലാഷവുമായി തേവലക്കര നീലകണ്ഠനുമായി ഒരു തീര്‍ഥയാത്രയാരംഭിച്ചു. തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും പല ക്ഷേത്രങ്ങളും കണ്ടശേഷം വൈക്കം ക്ഷേത്രത്തിലെത്തി ബ്രാഹ്മണവേഷം ധരിച്ച് മേല്‍ശാന്തിയുടെ സഹായത്തോടെ പൂജാവിധികളും ആചാരക്രമങ്ങളും ഒരാഴ്ച അവിടെ തങ്ങിക്കൊണ്ട് പഠിച്ചെടുത്തു. താന്‍ അബ്രാഹ്മണനാണെന്ന് സ്വയം വെളിപ്പെടുത്തിയപ്പോള്‍ ആക്രമിക്കാന്‍ വന്നവരെ നേരിടുകയും ചട്ടപ്രകാരമുള്ള പ്രായശ്ചിത്തം ചെയ്തു മടങ്ങുകയും ചെയ്യുന്നു.
ക്ഷേത്രം പണിത വിവരം ഇടപ്പള്ളിത്തമ്പുരാനെ തല്‍പരകക്ഷികള്‍ അറിയിച്ചതനുസരിച്ച് അദ്ദേഹം നേരിട്ടെത്തി ‘ജ്ഞാനേശ്വരം’ ക്ഷേത്രം കാണുകയും അതിന്റെ നിര്‍മാണത്തെ ചോദ്യം ചെയ്യുകയും ചെയ്തു. താന്‍ ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന മറുപടിയുണ്ടായപ്പോള്‍ രാജാവ് മടങ്ങിപ്പോയി.
പെരുമാളച്ഛന്റെ മരണം വേലായുധനെ വല്ലാതെ ഉലച്ചു. അര്‍പ്പൂക്കര ചാക്കശേരി കുടുംബം കഥകളി സംഘമുണ്ടാക്കി. പരിപാടി അരങ്ങില്‍ അവതരിപ്പിച്ചത് മേല്‍ജാതിക്കാര്‍ അലങ്കോലമുണ്ടാക്കി. അവിടെ പഠിക്കാന്‍ വന്നവരില്‍ കുമ്മംപള്ളി രാമന്‍പിള്ളയുമുണ്ടായിരുന്നു. പില്‍ക്കാലത്ത് പണ്ഡിതനായിത്തീര്‍ന്ന ഈ പയ്യനാണ് നാരായണഗുരുവിനെ സംസ്‌കൃതം പഠിപ്പിച്ചത്. ഇവിടെയും മേല്‍ജാതിക്കാര്‍ ദിവാന് പരാതി നല്‍കി. ആറു വര്‍ഷത്തെ നിയമയുദ്ധത്തിനുശേഷം വിധി ഈഴവര്‍ക്കനുകൂലമായി.
കിട്ടന്‍ ഇസ്‌ലാംമതം സ്വീകരിച്ച് നാട്ടില്‍ തിരിച്ചെത്തി. വേലായുധനോടുള്ള പകയുമായി അലഞ്ഞുനടന്ന അയാള്‍ മാധവിയുടെ വീട്ടിലെ പ്രധാനിയായി. മാധവി നന്ദികെട്ട അഭിസാരികയായി മാറി.
കായംകുളം ചന്തയില്‍ മാറുമറച്ച രണ്ടു സ്ത്രീകള്‍ ആക്രമിക്കപ്പെട്ടു. വേലായുധന്‍ അക്രമികളെ അടിച്ചൊതുക്കി. വാള്‍ വീശി നിന്നു. പന്തളം ചന്തയില്‍ സ്വര്‍ണ മൂക്കുത്തിയണിഞ്ഞു വന്ന യുവതിയെ മൂക്കുത്തി പറിച്ചെടുത്തു അപമാനിച്ചതറിഞ്ഞ് വേലായുധന്‍ ആയിരക്കണക്കിന് സ്വര്‍ണമൂക്കുത്തിയുമായി അനുചരന്‍മാരൊടൊപ്പം അയ്യപ്പന്‍കാവിലെ ഉത്സവസ്ഥലത്തെത്തി വിതരണം ചെയ്തു. എതിരാളികളെ ശക്തമായി നേരിട്ടു തറപറ്റിച്ചു.
പേഷ്‌കാരുടെ ഒരു അവിഹിതബന്ധം കൈയോടെ പിടിച്ചതിന്റെയും ഇടപ്പള്ളി രാജാവിന്റെ മകന്‍ സ്ഥാപിച്ച തീണ്ടല്‍പ്പലക തകര്‍ത്തതിന്റെയുമൊക്കെ പേരില്‍ വേലായുധനെയും മറ്റ് ഏഴുപേരെയും കള്ളക്കേസില്‍ കുടുക്കി ശിക്ഷിക്കുന്നു. ദിവാന്‍ വേലായുധനെ നേരിട്ടുവിളിപ്പിച്ച് കാണാതെപോയ സാളഗ്രാമം കണ്ടുപിടിക്കാന്‍ സഹായം തേടുന്നു. തീവ്ര പരിശ്രമത്തിനൊടുവില്‍ കിട്ടനില്‍ നിന്നും അതു പിടിച്ചെടുക്കുകയും പാരിതോഷികമായി നിറഞ്ഞ സദസില്‍ വച്ച് രണ്ട് കൈയിലും വീരശൃംഖലയും രാജമുദ്രയുള്ള ഉടവാളും ലഭിക്കുകയും ചെയ്യുന്നു.
തങ്ങളെ പീഡിപ്പിക്കുന്ന തമ്പ്രാക്കന്‍മാര്‍ക്കെതിരെ പണിമുടക്കുവാന്‍ വേലായുധന്‍ കീഴാളരെ ആഹ്വാനം ചെയ്യുകയും ആ സമരം വിജയകരമായി ഒത്തുതീര്‍പ്പിലൂടെ അവസാനിപ്പിക്കുകയും ചെയ്തു. ഇതാണ് തിരുവിതാംകൂറില്‍ നടന്ന ആദ്യത്തെ കര്‍ഷകസമരം 1866 ലായിരുന്നു ഇത്.
കൊല്ലത്തേക്കുള്ള രാത്രിയിലെ ബോട്ടുയാത്രയില്‍ അപ്രതീക്ഷിതമായാണ് കിട്ടനും സംഘവും ബോട്ടിനുള്ളില്‍ കടന്നുകയറി വേലായുധന്റെ അനുചരന്‍മാരുമായി പോരാടുകയും ഉറങ്ങിക്കിടന്ന വേലായുധനെ മാരകമായി കുത്തി കൊലപ്പെടുത്തുകയും ചെയ്തത്. ബോട്ടു തിരിച്ചുവിട്ടു. മൃതശരീരം കണ്ട ജനം ഇളകിമറിഞ്ഞ് കിട്ടനെ കല്ലെറിഞ്ഞും ദേഹോപദ്രവം ചെയ്തും കടലിലേയ്ക്ക് ഓടിച്ചു.
നവോത്ഥാന പ്രവര്‍ത്തനങ്ങളെയും അതിന്റെ പ്രസക്തിയേയും പറ്റി ഏറെ കോലാഹലം നടക്കുന്ന കേരളത്തില്‍, ഈ കാലഘട്ടത്തില്‍ ഏവരും വായിക്കുകയും പഠിക്കുകയും ചെയ്യേണ്ട ഒരു മഹത് ഗ്രന്ഥം തന്നെയാണ് ‘മുമ്പേ നടന്ന വേലായുധന്‍’