ഇരുട്ടിന്റെ ആത്മാവ്

Web Desk
Posted on November 12, 2018, 8:45 pm
akhil

അഖില്‍ എം എസ്
ക്ലാസ് 4. ഗവ. എല്‍ പി എസ്
കാഞ്ഞിരംപാറ, തിരുവനന്തപുരം

കഥാപാത്രങ്ങള്‍-
വേലായുധന്‍, ശങ്കരന്‍കുട്ടി, അമ്മുക്കുട്ടി, അച്ചുതന്‍ നായര്‍, നീലി
എം ടി വാസുദേവന്‍നായരുടെ പ്രശസ്തമായ ഒരു നോവലാണ് ‘ഇരുട്ടിന്റെ ആത്മാക്കള്‍.’ ഇദ്ദേഹം ഒട്ടേറെ പ്രസിദ്ധമായ നോവലുകളുടെ സ്രഷ്ടാവാണ്. രണ്ടാമൂഴം, അസുരവിത്ത്, നാലുകെട്ട്, കാലം എന്നിവ ഉദാഹരണങ്ങളാണ്. കൂടാതെ ഇദ്ദേഹം നാടകകൃത്ത്, തിരക്കഥാകൃത്ത്, അധ്യാപകന്‍, പത്രാധിപര്‍, ചലച്ചിത്ര സംവിധായകന്‍ എന്നീ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു.
‘ഇരുട്ടിന്റെ ആത്മാക്കള്‍’ എന്ന കഥ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും. ഇത് എളുപ്പത്തില്‍ വായിക്കാനും മനസിലാക്കാനും സാധിക്കുന്നു. ഭ്രാന്തില്ലാത്ത ഒരു മനുഷ്യനെ വീട്ടുകാരും, നാട്ടുകാരും ചേര്‍ന്ന് ഭ്രാന്തനാക്കി മാറ്റുന്ന അവസ്ഥയാണ് ഈ കഥ പറയുന്നത്. ഭ്രാന്തില്ലാതെ ഭ്രാന്തനാണെന്ന് സ്വയം സമ്മതിക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ മാനസികാവസ്ഥകളാണ് വേലായുധന്‍ എന്ന കഥാപാത്രം നമുക്ക് കാണിച്ചുതരുന്നത്. ഈ കഥാപാത്രം ഒരിക്കലും വായനക്കാരന്റെ മനസില്‍ നിന്ന് മാഞ്ഞുപോവില്ല. അതോടൊപ്പം തന്നെ മറ്റുള്ള കഥാപാത്രങ്ങളും നമ്മുടെ മനസില്‍ സ്ഥാനം പിടിക്കും.
എനിക്ക് ഈ കഥ വളരെയധികം ഇഷ്ടപ്പെട്ടു. ഇതിലെ നാടന്‍ ശൈലികളും ഭാഷാപ്രയോഗവും നമ്മളെ ഒരു നാട്ടിന്‍പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകും. ഭ്രാന്തനാണെന്ന് പറഞ്ഞ് വേലായുധനെ ചങ്ങലയ്ക്കിടുന്ന കഥയിലെ ഭാഗം എന്റെ മനസില്‍ വല്ലാതെ വേദനിപ്പിച്ചു.
‘ഇരുട്ടിന്റെ ആത്മാവ്’ എന്ന ഈ കഥയിലെ കഥാപാത്രങ്ങള്‍ ഈ തരത്തിലല്ലാതെ മറ്റൊരു തരത്തില്‍ ഇന്നും നമുക്ക് ചുറ്റും ജീവിക്കുന്നുണ്ടാവാം.
എന്റെ മനസിനെ വല്ലാതെ സ്വാധീനിച്ചു. ഈ കഥ. എനിക്ക് ഈ കഥയേയും കഥാപാത്രങ്ങളെയും ഒരിക്കലും മറക്കാന്‍ കഴിയില്ല.