Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
പ്രൊഫ. കെ അരവിന്ദാക്ഷന്‍

July 20, 2021, 6:01 am

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമീപകാല നടപടികള്‍: പൊതുമേഖലാ ബാങ്കുകള്‍ക്ക് ഗുണം ചെയ്യുമോ?

Janayugom Online

വികസനാവശ്യങ്ങള്‍ക്കായി കോടിക്കണക്കിന് രൂപ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും കോര്‍പ്പറേറ്റ് വമ്പന്മാര്‍ വായ്പയെടുക്കുകയും തിരിച്ചടവില്‍ തുടര്‍ച്ചയായ വീഴ്ചവരുത്തി, വായ്പാ തുകയും പലിശയും പിഴപ്പലിശയും ചേര്‍ത്ത്, മൊത്തം 10–15 ലക്ഷം കോടി വരെ കിട്ടാക്കടം കുമിഞ്ഞുകൂടിയതിന്റെ ആഘാതം സമ്പദ്‌വ്യവസ്ഥയെ ഏറെക്കാലമായി അലട്ടിക്കൊണ്ടിരിക്കുകയാണല്ലോ. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും ഭരണസിരാ കേന്ദ്രങ്ങളിലുമുള്ള സ്വാധീനവും ഉപയോഗിച്ച് കേന്ദ്രബാങ്കായ ആര്‍ബിഐയെപോലും വശത്താക്കി ഇത്തരം വെട്ടിപ്പുകള്‍ നിര്‍ബാധം തുടര്‍ന്നുവരുന്ന കാഴ്ചയാണ് നമുക്കേറെക്കാലമായി കാണാനായിരുന്നത്. ഇപ്പോഴാണ് കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇക്കഴിഞ്ഞ 2021 ജൂണ്‍ 23ന് മൂന്നു വമ്പന്മാരായ കിങ്ഫിഷര്‍ ഉടമ വിജയ്‌മല്യ, രത്നവ്യാപാരികളായ നീരവ് മോഡി, മെഹുല്‍ ചോക്സി എന്നിവരുടെ 18,170.02 കോടി രൂപ വരുന്ന ആസ്തിവകകള്‍ കണ്ടുകെട്ടിയതായ വാര്‍ത്ത പുറത്തുവരുന്നത്. ഇവര്‍ മൂവരും അതിവിദഗ്ധമായാണ്, നിയമം നടപ്പാക്കാന്‍ ബാധ്യസ്ഥമായ നിരവധി ഏജന്‍സികളുടെ അറിവോടെയോ അല്ലാതെയോ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യം വിട്ടതും വിദേശരാജ്യങ്ങളില്‍ സുഖജീവിതം നയിക്കുന്നതും.

ഇഡിയുടെ അവകാശവാദം ശരിയാണെങ്കില്‍ ഇന്ത്യയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് അടക്കമുള്ള പൊതുമേഖലാ ബാങ്കുകള്‍ക്കു ഇവര്‍ മൂന്നുപേരില്‍ നിന്നുമുണ്ടായ നഷ്ടത്തിന്റെ 80 ശതമാനവും ഇതോടെ നികത്താന്‍ സാധ്യമായിരിക്കുന്നു എന്നാണ്. ഇതിനകം തന്നെ, ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് പിടിച്ചെടുത്ത ആസ്തികളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 40ശതമാനവും തിരികെ നല്‍കിക്കഴിഞ്ഞിട്ടുമുണ്ട്. ഓഹരികളുടെ വില്പനവഴി മാത്രം 6,600 കോടി രൂപയും ഇതില്‍പ്പെടുന്നു. ഇവര്‍ക്കെതിരായ സാമ്പത്തിക കുറ്റങ്ങള്‍ പ്രകാരം ശക്തമായ നടപടികളെടുക്കാനാണ് മോഡി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ മൂന്നു വെട്ടിപ്പുകാര്‍ ബാങ്കുകള്‍ക്ക് വരുത്തിവച്ച നഷ്ടം 22,585.83 കോടി രൂപ ആണെന്നാണ് ഏകദേശ കണക്ക്. ഇതിന് വഴിയൊരുക്കിയത് ബാങ്കുവായ്പാ തുക അവര്‍ക്കുതന്നെ ഉടമസ്ഥതയുള്ള കമ്പനികളിലേക്കു തിരിച്ചുവിട്ടതിലൂടെയുമാണ്. നീരവ് മോഡിയും മെഹുല്‍ ചോക്സിയും വെട്ടിപ്പിന് ആശ്രയിച്ചത് അനധികൃതമായി തയാറാക്കിയ ധാരണാപത്രങ്ങള്‍ (എന്‍ഒയുകള്‍) വഴിയുള്ള ഇടപാടുകളിലൂടെയാണ്. അങ്ങനെയാണ് പ­ഞ്ചാ­ബ് നാഷണല്‍ ബാങ്കിന് (പിഎന്‍ബി) 11500 കോടി രൂപ നഷ്ടം വരുത്തിയത്.

ഇന്ത്യയില്‍ മാറിമാറി അധികാരത്തിലെത്തിയ കേന്ദ്ര സര്‍ക്കാരുകള്‍ ഈ വഞ്ചകരെ ഏതുവിധേനയും ഇന്ത്യയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കരുക്കള്‍ നീക്കുകയുമായിരുന്നു. എങ്കില്‍ മാത്രമേ, ഇവിടെ പ്രാബല്യത്തിലിരിക്കുന്ന പണം വെട്ടിപ്പുതടയല്‍ നിയമ(പിഎംഎന്‍എ)­ത്തിന്റെ പരിധിക്കകത്താക്കി ശിക്ഷിക്കാന്‍ കഴിയുമായിരുന്നുള്ളു. 2019ല്‍ ഇഡിയുടെ ശ്രമഫലമായി ഇവരെ 2018ലെ ഫ്യൂജിറ്റീവ് ഇക്കണോമിക്ക് ഒഫന്‍ഡേഴ്സ് ആക്ടിന്റെ പരിധിയിലെത്തിക്കാനായി കോടതികളുടെ അനുമതി ലഭിക്കുകയും ചെയ്തു. സാമ്പത്തിക കുറ്റവാളികളെന്ന നിലയില്‍ ഇപ്പോള്‍ മല്യ, നീരവ് മോഡി, മെഹുല്‍ ചോക്സി എന്നിവരെ നിയമനിഷേധത്തിന്റെ പേരില്‍ കുറ്റവിചാരണയ്ക്ക് വിധേയമാക്കാനും കഴിയുമെന്ന നിലയിലായിട്ടുമുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് 18,170.02 കോടി രൂപ മൂല്യമുള്ള ഇവരുടെ ആസ്തികള്‍ മോഡി സര്‍ക്കാര്‍ പിടിച്ചെടുത്തിരിക്കുന്നതും അതില്‍ നിന്നും 9,041.5 കോടി രൂപ ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് കെെമാറിയിരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും.

യഥാര്‍ത്ഥത്തില്‍ പണത്തിന്റെ രൂപത്തില്‍ പൊതുമേഖലാ ബാങ്കുകളിലെത്തുക 6,600 കോടി രൂപ മാത്രമായിരിക്കും. ബാക്കി തുക ആസ്തികളായാണ്. എന്നാല്‍, നഷ്ടപ്പെട്ട ആരോഗ്യം തിരിച്ചുപിടിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് ഇതുകൊണ്ടൊന്നും കാര്യമില്ലെന്നാണ് യാഥാര്‍ത്ഥ്യം. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടമായി ബാങ്ക് ബുക്കുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന തുക ഇതിനേക്കാള്‍ ഒ‍ട്ടേറെ അധികമാണെന്നതുതന്നെ. 2020 സെപ്റ്റംബര്‍ വരെയുള്ള തുക തന്നെ എട്ട് ലക്ഷം കോടിയോളം വരുന്നു. 2022 ധനകാര്യ വര്‍ഷാവസാനത്തോടെ ഇത് 10 ലക്ഷം കോടിയോ, അതിലധികമോ ആയേക്കാം. ഇവിടെയാണ് കോവിഡ് 19ന്റെ ആഘാതം നിര്‍ണായകഘടകമാകുന്നത്.

ഇഡി പിടിച്ചെടുത്തിരിക്കുന്നതും ബാങ്കുകള്‍ക്ക് കെെമാറിയിരിക്കുന്നതുമായ ആസ്തികളുടെ മൂല്യവും ആശങ്കയിലാണ്. മല്യയുടെ യുണെെറ്റഡ് ബ്രൂവറീസ് (യുബി) എന്ന സ്ഥാപനത്തിന്റെ റെക്കോഡ് ചെയ്തിരിക്കുന്ന ഓഹരിമൂല്യത്തിന്റെ ചെറിയൊരു അംശം മാത്രമേ യഥാര്‍ത്ഥത്തില്‍ അവയ്ക്ക് വിപണിയില്‍ നിന്നും കിട്ടുകയുള്ളു എന്നതാണ് ഈ ആശങ്കയ്ക്ക് നിദാനം. മല്യയുടെ വക മറ്റു ആസ്തികളുടെ മൂല്യത്തിന്റെ സ്ഥിതിയും ഏറെ വ്യത്യസ്തമാവാനിടയില്ല. ബാങ്കുകളുടെ കസ്റ്റഡിയിലുള്ള ഏതാനും ഭൗതിക ആസ്തികള്‍ വില്പനക്കായി വിപണിയിലെത്തിയപ്പോള്‍ അവ വാങ്ങാന്‍ വേണ്ടത്ര പേര്‍ സന്നദ്ധരായി വന്നില്ല. ഇഡി വലിയ നേട്ടമെന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടി, പൊതുമേഖലാബാങ്കുകള്‍ക്ക് കെെമാറ്റം ചെയ്ത വസ്തുവകകള്‍ ബാങ്കുകള്‍ക്കുള്ള ആസ്തികളായിരിക്കില്ല, ബാധ്യതകളായിരിക്കും എന്ന സൂചനയാണിത്. മുകളില്‍ സൂചിപ്പിച്ച കടമ്പകളെല്ലാം കടന്ന് ലേലം നടന്നു എന്നുതന്നെ കരുതുക. അങ്ങനെ ആസ്തി വില്പന പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുന്നു എന്നിരുന്നാല്‍തന്നെയും എന്തെങ്കിലും അനുകൂല ഫലമുണ്ടാകുമോ? സംശയമാണ്. ഏതായാലും ഏറെ കാലതാമസത്തിനു ശേഷമാണെങ്കിലും വിറ്റഴിക്കാന്‍ സാധ്യതയുള്ള ഭൗതിക ആസ്തികള്‍ വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന മല്യ, മോഡി, ചോക്സി ത്രയത്തില്‍ നിന്നും പിടിച്ചെടുക്കാന്‍ സന്നദ്ധമായ ഇഡിയുടെ പരിശ്രമം ബാങ്കുകളുടെ കിട്ടാക്കട ബാധ്യതയില്‍ അല്പമായെങ്കിലും കുറവുവരുത്തുമെന്നു കരുതി നമുക്ക് ആശ്വാസത്തിന് വകയുണ്ട്. ഇന്ത്യയില്‍ പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ബാങ്ക് വെട്ടിപ്പുകാര്‍ക്ക് തൊലിപ്പുറത്തുള്ള ചികിത്സകൊണ്ട് കാര്യമില്ല. ആവശ്യം വേണ്ടത് ‘സിസ്റ്റമിക് ചെഞ്ച്’ മാത്രമാണ്.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വികസനത്തിന്റെ പരമാവധി ഉയരത്തിലെത്തിയപ്പോള്‍ ഒരു ചെറു ന്യൂനപക്ഷം വരുന്ന ചങ്ങാത്ത മുതലാളിമാരായ വ്യവസായികളും ബിസിനസുകാരും കൂട്ടുകൂടുകയും പൊതുമേഖലാ ബാങ്കുകളിലെ വായ്പാ മൂലധനവും സ്വന്തം വ്യവസായ മൂലധനവും വിളക്കിച്ചേര്‍ത്ത് ധനകാര്യമൂലധനം യഥേഷ്ടം കുന്നുകൂട്ടുകയുമാണ് ചെയ്തിരിക്കുന്നത് എന്ന് നമുക്കറിവുള്ളതാണ്. വിനാശകരമായ ഈ പ്രക്രിയ നടക്കുമ്പോള്‍ ഒന്നും നമ്മുടെ മേല്‍നോട്ട സംവിധാനങ്ങളെല്ലാം ആര്‍ബിഐയും കേന്ദ്രസര്‍ക്കാരുകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയോ വായ്പാവിനിയോഗം നേര്‍വഴിക്കാണോ നടക്കുന്നതെന്ന് നിരീക്ഷിക്കുകപോലുമോ ചെയ്തിരുന്നില്ല. ഒരു ഘട്ടമെത്തിയപ്പോള്‍ ബാങ്ക് വായ്പകളുടെ അനധികൃത വിനിയോഗം മൂലം കുമിഞ്ഞുകൂടിയ കിട്ടാക്കട ബാധ്യത മൊത്തം ബാങ്ക് വായ്പയുടെ നാലില്‍ മൂന്നുഭാഗം വരെയായി കുതിച്ചുയരുകയായിരുന്നു. ഈ യാഥാര്‍ത്ഥ്യവും കുറേക്കാലത്തേക്ക് തമസ്കരിക്കപ്പെട്ടിരുന്നതുമാണ്. ഒടുവില്‍ ശരിയായ ചിത്രം പൊതുജന ശ്രദ്ധയിലെത്തിച്ചത് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കെ രഘുറാം ഗോവിന്ദരാജന്‍ ആയിരുന്നു. അദ്ദേഹമാണ് ബാങ്ക് തിരിച്ചടവു വീഴ്ചവരുത്തുന്നവരെ രണ്ടായി തരം തിരിച്ചത്. ഇതില്‍ നീതീകരിക്കാന്‍ കഴിയുന്ന സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം വായ്പാ തിരിച്ചടവു വീഴ്ചവരുത്തിയവര്‍ മാത്രമല്ല, വായ്പ തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ടെങ്കിലും എന്തുതന്നെ സംഭവിച്ചാലും കുഴപ്പമില്ലെന്ന ഉറച്ച നിലപാടെടുത്ത ‘വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്സ്’ എന്ന ന്യൂനപക്ഷ ക്രോണി ക്യാപിറ്റലിസ്റ്റ് വിഭാഗമുണ്ട്. ഇതില്‍ രണ്ടാമത്തെ വിഭാഗത്തിനാണ് അധികാരത്തിന്റെ അകത്തളങ്ങളില്‍ വലിയതോതില്‍ പിടിപാടുള്ളത്. അംബാനിമാരെയും അഡാനിമാരെയും പോലുള്ളവര്‍. ഡോ. രാജന്റെ കണ്ടെത്തല്‍ നരേന്ദ്രമോഡിക്കും ബിജെപി സംഘപരിവാര്‍ സംഘത്തിനും വേണ്ടപ്പെട്ടവരായ ഇവരിലേക്ക് കുറ്റാരോപിതരുടെ പട്ടിക നീണ്ടുപോകുമോ എന്ന സംശയം ഉണ്ടായതിനെ തുടര്‍ന്നാണ് ഡോ. രാജനെ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കാതിരുന്നതെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

ഇന്ത്യന്‍ ബാങ്കിങ് വ്യവസ്ഥയുടെ ആരോഗ്യത്തിനും ജനകീയ ബാങ്കിങിനും ഭീഷണി ഉയര്‍ത്തുന്ന ഈ കിട്ടാക്കടമെന്ന പ്രതിഭാസം നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്ന് ഇന്ത്യയിലെ ബാങ്ക് ജീവനക്കാരുടെ ഏറ്റവും സ്വാധീനമുള്ള സംഘടനയായ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) ജനറല്‍ സെക്രട്ടറി പ്രസിദ്ധീകരിച്ച ആയിരത്തോളം പേജുകള്‍ വരുന്നൊരു അന്വേഷണ റിപ്പോര്‍ട്ട് തികഞ്ഞ ആധികാരികതയോടെതന്നെ ഈ കിട്ടാക്കടപ്രശ്നം ചര്‍ച്ചചെയ്തിരുന്നു. പരേതനായ ജനറല്‍ സെക്രട്ടറി താരകേശ്വര്‍ ചക്രവര്‍ത്തിക്കെതിരെ ചീറ്റിപ്പോയ ഒരു മാനനഷ്ട കേസും അക്കാലത്ത് ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു. ഭരണത്തിലുള്ളവരുടെ പ്രത്യേക താല്പര്യാനുസരണം പൊതുമേഖലകളടക്കമുള്ള ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കോടികള്‍ കടം വാങ്ങി തിരിച്ചടവു വീഴ്ചവരുത്തിയവരുടെ പട്ടികയും ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

വായ്പാ തിരിച്ചടവ് വീഴ്ചവരുത്തുന്നവരില്‍ നിന്നും പണം ഈടാക്കാന്‍ സഹായകമായ വിധത്തില്‍ ഒരു പുതിയ നിയമത്തിന് ‑ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്രപ്സി കോഡ് (ഐബിസി) രൂപം നല്കിയതിനുശേഷവും പ്രായോഗികതലത്തില്‍ റിക്കവറി പ്രക്രിയയുടെ ഗതിവേഗം വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് കഴിയാതെവരുന്നു. കാരണം, കേസുകളുടെ ആധിക്യം തന്നെയാണ്. എന്നിരുന്നാല്‍തന്നെയും ഐബിസി പ്രവര്‍ത്തന സജ്ജമാകുന്നതിനു മുമ്പുള്ളതിലും സ്ഥിതി അല്പമായെങ്കിലും മെച്ചപ്പെട്ടിട്ടുമുണ്ട്. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ഐബിസിയെ തീര്‍ത്തും അവഗണിക്കാനും കഴിയാതെവന്നിരിക്കുന്നതിനാല്‍ റിക്കവറിയുടെ കാലദൈര്‍ഘ്യം നാലു വര്‍ഷത്തില്‍ നിന്ന് 400 ദിവസങ്ങള്‍വരെയായി കുറഞ്ഞിട്ടുമുണ്ടത്രെ. നാഷണല്‍ കമ്പനി നിയമ ട്രിബ്യൂണലുകളും കേസുകളുടെ പെരുപ്പത്തില്‍പ്പെട്ട് ഞെരുങ്ങുകയാണ്. ഐബിസിക്കുണ്ടായിരിക്കുന്നതും സമാനമായ അനുഭവമാണ്. ഇതിനേക്കാളുപരിയായി ബാങ്കുകളെ കുഴയ്ക്കുന്ന പ്രശ്നം പിടിച്ചെടുക്കപ്പെട്ട ആസ്തികള്‍ വിപണിയില്‍ വിറ്റഴിക്കാന്‍ കഴിയുന്നില്ല എന്നതാണ്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരെല്ലാം നിസ്സഹായാവസ്ഥയിലുമാണ്.

Eng­lish Sum­ma­ry: is ED’s move will help bank

You may like this video also