September 30, 2022 Friday

ഭയം നമ്മെ വേട്ടയാടുന്നുവോ.…

Janayugom Webdesk
വാതിൽപ്പഴുത്തിലൂടെ
August 24, 2020 3:00 am

മനുഷ്യരാശിയെ മഹാമാരി വിഴുങ്ങുന്ന ദുരന്തകാലത്ത് ഭയവും നമ്മെ വേട്ടയാടുന്ന ദുര്യോഗം. ഭയത്തിനു പല മുഖങ്ങളുണ്ടാവാം. എന്നാൽ സ്നേഹംപോലും ഭയമായി മാറുന്ന കാലം. സ്നേ­ഹിക്കുന്നതും ഒരു കുറ്റമാണെന്ന് മനുഷ്യമനസ് വിധിയെഴുതുന്ന വിഭ്രാമകകാലം. മാതാപിതാക്കൾ മക്കളെ കല്യാണം കഴിപ്പിക്കുമ്പോൾ അവരുടെ സ്നേഹനിർഭരമായ കുടുംബ ജീവിതമാണ് അവർ നേരുക. അതൊരു നാട്ടുനടപ്പ്. ഇപ്പോൾ കാലമങ്ങു മാറിപ്പോയില്ലേ. മോളെ അവൻ രാജവെമ്പാലയെ കൊണ്ടു കടിപ്പിച്ചു കൊല്ലരുതേ എന്നു പ്രാർത്ഥനമാറുന്ന കാലം. പെണ്ണ് കല്യാണം കഴിഞ്ഞു യാത്രാകുമ്പോൾ ഒരു സുരക്ഷാകവചമായി ചെങ്കിരീയെ കെട്ടിയ കയർ കൂടി നവോ‍ഡയായ മകളെ ഏല്പിച്ചു വിടുന്ന മാതാപിതാക്കളുടെ കാലം. ‘അളിയാ കീരിയുടെ ഭക്ഷണമെല്ലാം കാറിൽ പാക്കുചെയ്തുവച്ചിട്ടുണ്ട്. ഒരു സ്വർണമൂർഖനെ ഈ കീരിക്കുട്ടന് വിട്ടുകൊടുത്താൽ മതി. അവൻ മൂർഖനെ അകത്താക്കിക്കൊള്ളും. ’ വരനെ ഓർമ്മിപ്പിക്കുന്ന മണവാട്ടിയുടെ ആങ്ങള. കലികാലകല്യാണങ്ങൾ അങ്ങനെയൊക്കെയായിപ്പോയി.

എന്നാൽ ഭർത്താവ് ഭാര്യയെ സ്നേഹത്തിൽ ആറാടിച്ചാൽ അതും കുറ്റമാകുന്ന കാലമെന്ന വാർത്തയും പുറത്തുവരുന്നു. ഭർത്താവ് തന്നെ സ്നേഹം കൊണ്ടു വീർപ്പുമുട്ടിക്കുന്നുവെന്നും അതിനാൽ തനിക്ക് വിവാഹമോചനം നല്കണമെന്നും അപേക്ഷിച്ച് ഉത്തരേന്ത്യയിലെ ഒരു പെണ്ണ് കോടതിയെ സമീപിച്ചെന്നാണ് കൗതുക വാർത്ത. ചെക്കന്റെ വീടിന്റെ പടിയിൽ വലതുകാൽവച്ചു കയറിയതു മുതൽ ഭർത്താവിന്റെ സ്നേഹക്കടലിൽ താൻ മുങ്ങിത്തുടിക്കുന്നുവെന്നാണ് പെണ്ണിന്റെ പരാതി. ഒരു നേരമെങ്കിലും ദേഷ്യപ്പെടേണ്ടേ, ഒരിക്കലെങ്കിലും ഒന്നു നുള്ളുകയോ മാന്തുകയോ വേണ്ടേ, ങേഹേ, ഇതൊന്നുമറിയാത്ത സ്നേഹപരബ്രഹ്മം എന്നിങ്ങനെ നീളുന്നു പെണ്ണിന്റെ സങ്കട ഹർജി. ചെക്കനെ വിസ്തരിച്ചപ്പോൾ അയാൾ തുറന്നു പറഞ്ഞു തനിക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ എന്ന്. ഇത്തരം പെൺപിള്ളാരെ കൈകാര്യം ചെയ്ത് വധശിക്ഷ ഏറ്റുവാങ്ങുന്നതാണ് ഭേദമെന്ന് ബഹുമാനപ്പെട്ട കോടതിക്ക് അങ്ങനെയങ്ങു വെട്ടിത്തുറന്നു പറയാനാവുമോ! എന്തായാലും പെണ്ണിന്റെ ഹർജി തള്ളിയ കോടതി എങ്ങനെയാണ് കൊച്ചേ നീ ആറു മാസം ഗർഭിണിയായി എന്നു മാത്രം ചോദിച്ചില്ലത്രേ! വയറുനിറയെ സ്നേഹം നല്കുന്നതും പരമോന്നത കോടതിക്ക് ചോദ്യം ചെയ്യാനാവില്ലല്ലോ.

കൊറോണക്കാലത്ത് ഭയം യുവതലമുറയെ വേട്ടയാടുന്നുവെന്ന് അന്താരാഷ്ട്ര തലത്തിൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിരിക്കുന്നു. 18 വയസിനു 30 വയസിനും മധ്യേയുള്ള യുവാക്കളിൽ മഹാഭൂരിപക്ഷത്തേയും ഭയവും വിഷാദരോഗവും ഗ്രസിച്ചിരിക്കുന്നു. ഇളം തലമുറയിലും ഇതുതന്നെയാണ് ഗതി. മുതിർന്നവരാകട്ടെ ‘തലയ്ക്കു മീതേ വെള്ളം വന്നാൽ അതുക്കും മീതേ തോണി’ എന്ന വിധം ധൈര്യശാലികൾ. തൊട്ടാവാടികളായ ഈ തലമുറയെ നമുക്ക് എങ്ങനെ നാളെയുടെ സംവിധാന ശക്തികളാക്കാമെന്ന് മുത്തച്ഛന്മാരും മുത്തശ്ശികളും പരിഹാസത്തോടെ ചോദിക്കുമ്പോൾ പകലിനേയും രാത്രിയേയും ഇരുളിനേയും വെളിച്ചത്തേയും ഒരുപോലെ ഭയക്കുന്ന യുവതലമുറ നമ്മെ പേടിപ്പെടുത്തുന്നു. കൊറോണപ്പനിയെന്നു കേട്ടപ്പോൾ ഉടുതുണിയിൽ മുള്ളിപ്പോകുന്ന ഈ തലമുറയെ ബ്രഹ്മാണ്ഡത്തെ ഏല്പിച്ചിട്ട് മനസമാധാനമായി പരലോകം പൂക്കാൻ വയ്യാത്ത അവസ്ഥയിൽ വയോജനസമൂഹവും എന്തുചെയ്യാൻ. കാലനില്ലാത്ത കാലം പോലെ ചത്തുകൊൾവതിനേതും കഴിവില്ല കാലനില്ല എന്നു പരിതപിക്കേണ്ട കാലം. എന്തായാലും ഈ പഠനത്തിൽ നിന്ന് ഒരു കാര്യം ഉറപ്പായി. സൂര്യബിംബമെടുത്ത് ഉരുട്ടിക്കളിക്കുമെന്നും ചന്ദ്രനിൽ തുളയിട്ട് ഊഞ്ഞാൽ കെട്ടിയാടുമെന്നുമൊക്കെ വീരവാദം മുഴക്കുന്ന നമ്മുടെ യുവത ഇത്രയേയുളളൂവെന്നു കാണിച്ചു തരാൻ ഒരു കൊറോണ വേണ്ടിവന്നു.

പണ്ട് കൊല്ലം തൃക്കടവൂർ ദ്വയാംഗമണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ ഒരംഗമയിരുന്നു ടി കൃഷ്ണൻ. നാട്ടുകാർക്കൊക്കെ ഇഷ്ടമാണെങ്കിലും അവർ തങ്ങളുടെ നേതാവിനെ ‘മുണ്ടൻ കൃഷ്ണൻ’ എന്നേ വിളിക്കൂ. എംഎൽഎയായിട്ടും തന്നെ മാലോകർ തെല്ലു ബഹുമാനത്തോടെ സർ എന്നു വിളിക്കാത്തതിൽ അദ്ദേഹത്തിനു തെല്ലു പരിഭവം. ഒടുവിൽ മുണ്ടൻ കൃഷ്ണൻ തന്നെ ഒരു കാച്ചങ്ങട് കാച്ചി! ഏതു യോഗം കഴിഞ്ഞായാലും ഏതെങ്കിലും വീട്ടിൽ ചെന്നിട്ടായാലും മടങ്ങാൻ നേരത്ത് തന്റെ തോളിൽ കിടക്കുന്ന ഖദർ ഷാളെടുത്ത് ചുരുട്ടിക്കൂട്ടി കയ്യിൽവച്ച് തൊഴുകയ്യോടെ പറയും, ‘അപ്പോൾ കൃഷ്ണൻ സാർ ഇറങ്ങട്ടെ! ’ പക്ഷേ ജനം പിന്നെയും നേതാവിനെ വിളിച്ചത് മുണ്ടൻ കൃഷ്ണനെന്നു തന്നെ. മരിക്കുവോളം. അതുപോലെയാണ് അന്തരിച്ച പാവം കെ എം മാണിയുടെ കാര്യവും. മരിക്കുവോളം അദ്ദേഹം മാണിസാറായിരുന്നു അണികൾക്ക്. ‘പശുവും ചത്തു മോരിലെ പുളിയും പോയി’ എന്നു പറയും പോലെ മരണശേഷം മാണിസാറിനെ അണികൾ കെ എം മാണിയെന്നു വിളിച്ചു തുടങ്ങിയിരിക്കുന്നു. പി ജെ ജോസഫ് പോലും ‘മാണി ചൂണ്ടിപ്പറഞ്ഞിരുന്നു, മാണി എടുത്തു കാട്ടിയിരുന്നു’ എന്നൊക്കെ. ഇതെല്ലാം കേട്ട് സഹിക്കാനാവാതെ മാണിയുടെ പുത്രൻ ജോസ് കെ മാണിപോലും പിതാവിനെ മാണിസാർ എന്നു വിളിച്ച് മരണപൂർവകാലത്തെ പേരു തിരിച്ചുകൊണ്ട് വരാൻ ശ്രമിക്കുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനില്ക്കാൻ ഞങ്ങൾ തീരുമാനിച്ചത് മാണി സാറിന്റെ ആത്മാവിന്റെ നിർദ്ദേശപ്രകാരം ആണെന്നും ജോസ്മോൻ പറഞ്ഞു കഴിഞ്ഞു!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.