കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ഐഎസ് തീവ്രവാദികളുടെ സാന്നിധ്യം കൂടുതലാണെന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് വിലയിരുത്തൽ. വ്യക്തമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ല റിപ്പോർട്ട് തയ്യാറാക്കിയതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾക്ക് അനുസൃതമായ വിധത്തിലുള്ള വിവരങ്ങൾ തങ്ങളിൽ നിന്നും ശേഖരിച്ചിട്ടില്ലെന്നാണ് കേരള ഡിജിപി ലോക്നാഥ് ബെഹ്റ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. പ്രദേശിക പൊലീസ് സ്റ്റേഷനുകളിൽ നിന്നും ശേഖരിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടെന്ന് കർണാടക പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനും പ്രതികരിച്ചു. കേരളത്തിൽ നിന്നും ഐഎസിൽ ചേർന്നവരെ കുറിച്ചുള്ള ചില വിവരങ്ങൾ സംസ്ഥാന പൊലീസിന്റെ പക്കലുണ്ട്. ചിലർ ഐഎസിൽ ചേർന്നതായി സ്ഥിരീകരിച്ചു.
മറ്റുള്ളവരുടെ വിവരങ്ങൾ ഇപ്പോഴും ശേഖരിക്കുന്നതേയുള്ളുവെന്നാണ് കേരള പൊലീസ് പറയുന്നത്. കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഐഎസിൽ ചേർന്ന 150 മുതൽ 200 പേർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തീവ്രവാദി ആക്രമണത്തിന് പദ്ധതിയിടുന്നതായാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ.
you may also like this video