Saturday
23 Feb 2019

ഇന്ത്യയുടെ പ്രതിരോധമേഖല സ്വകാര്യസ്വത്താണോ?

By: Web Desk | Tuesday 9 October 2018 10:42 PM IST


സി ആര്‍ ജോസ്പ്രകാശ്‌

റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള തീയതി നിശ്ചയിക്കുന്നത്, അനില്‍ അംബാനിയുടെ സൗകര്യം കൂടി കണക്കിലെടുത്താണെന്ന് വരുമ്പോള്‍ ഭരണത്തിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം വ്യക്തമാകും. പുതിയ കാലഘട്ടത്തില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഒഴിവാക്കി ഒരു രാജ്യത്തിനും മുന്നോട്ട് പോകാനാകില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. അതിനാല്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ള ആധുനിക ഭരണകൂടങ്ങള്‍ ചെയ്യുന്നത്, കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം എവിടെവരെയാകാമെന്നതിനെ സംബന്ധിച്ച് നയപരമായ തീരുമാനമെടുത്ത് നടപ്പിലാക്കുകയാണ്. കൃത്യമായ നിയന്ത്രണമില്ലെങ്കില്‍ കിട്ടുന്ന സന്ദര്‍ഭം ഉപയോഗിച്ച് ഈ കോര്‍പറേറ്റ് ശക്തികള്‍ ഭരണത്തിന്റെ സിരാകേന്ദ്രങ്ങളില്‍ വരെ ചെന്നെത്തുമെന്നത് മറ്റൊരു കാര്യം. സ്വകാര്യമേഖലയെ കയറൂരി വിട്ടിരിക്കുന്ന രാജ്യങ്ങളില്‍ പോലും രാജ്യത്തിന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പൊതുവേ നല്ല ജാഗ്രത കാട്ടാറുണ്ട്. അമേരിക്കയിലും ബ്രിട്ടണിലും ഫ്രാന്‍സിലും ജര്‍മനിയിലും ജപ്പാനിലുമെല്ലാം ഈ ജാഗ്രതയും നിയന്ത്രണങ്ങളും നിലവിലുണ്ട്. എന്നാല്‍ ഇന്ത്യ അതില്‍ നിന്നെല്ലാം വ്യത്യസ്തമാകാന്‍ പോകുകയാണ്. ഇന്ത്യന്‍ പ്രതിരോധസേനയുടെ നാളത്തെ ആവശ്യമെന്താണെന്ന്, ഭരണത്തിന്റെ ഭാഗമല്ലാത്ത അനില്‍ അംബാനി എന്ന കോടീശ്വരന്‍ പറയാനും പ്രവര്‍ത്തിക്കാനും തുടങ്ങിയിരിക്കുന്നുവെന്നതാണ് ഏറ്റവും ഒടുവിലത്തെ സാഹചര്യം.

അനില്‍ അംബാനി സ്വന്തം ആഗ്രഹങ്ങളും സങ്കല്‍പ്പങ്ങളും വെറുതെ പറഞ്ഞുപോകുകയാണെങ്കില്‍ ആരും അതിനെ എതിര്‍ക്കേണ്ടതില്ല. കോര്‍പറേറ്റ് ശക്തികള്‍ എപ്പോഴും സ്വന്തം ലാഭത്തെക്കുറിച്ചല്ലാതെ ജനതയെ കുറിച്ചോ രാജ്യത്തെ കുറിച്ചോ ചിന്തിക്കില്ല എന്നത് നൂറ്റാണ്ടുകളുടെ അനുഭവമാണ്. അംബാനി അതില്‍ നിന്നും ഒട്ടും വ്യത്യസ്തനല്ലെന്ന് സമീപകാലത്ത് ഇന്ത്യക്ക് വീണ്ടും വീണ്ടും ബോദ്ധ്യപ്പെട്ടതാണ്. ലക്ഷക്കണക്കിന് കോടി രൂപയുടെ രാജ്യസമ്പത്ത് ഭരണകൂടത്തിന്റെ പിന്തുണയോടെ കൊള്ളയടിക്കുന്നതെങ്ങനെയെന്ന് രാജ്യം കണ്ടതാണ്. സിഎജി റിപ്പോര്‍ട്ടില്‍ അത് എണ്ണി എണ്ണി പറഞ്ഞിട്ടുണ്ട്. ഇതില്‍ റിലയന്‍സിന്റെ പങ്കും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഇന്ത്യന്‍ പ്രതിരോധ സംവിധാനമാകെ തന്നെ കയ്യടക്കാനാണ് അംബാനി നീക്കം നടത്തുന്നത്. ഇത്തരമൊരു നീക്കം രഹസ്യമായി നടത്തുന്നു എന്ന് തീര്‍ച്ചയായും കുറ്റപ്പെടുത്താനാവില്ല. കാരണം ഇപ്പോള്‍ പരസ്യമായും വ്യക്തമായും അംബാനി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ശരിയായിരിക്കാം. പക്ഷേ, എങ്ങനെയാണ് പറഞ്ഞിരിക്കുന്നത് എന്നത് ഗൗരവപൂര്‍വം കണ്ടേ മതിയാകൂ. ഇന്ത്യയുടെ ഭാവി പ്രതിരോധ സംവിധാനത്തെക്കുറിച്ച് ആദ്യം പ്രധാനമന്ത്രി മോഡിയുമായി അംബാനി ചര്‍ച്ച നടത്തി. തുടര്‍ന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരിക്കറുമായി ചര്‍ച്ച നടത്തി. അതിനുശേഷം ഇന്ത്യയുടെ കരസേനാമേധാവി ദല്‍ബീര്‍സിംഗ് സുഹാഗ്, വ്യോമസേനാമേധാവി അരുപ് റാഹ, നാവികസേനാ മേധാവി റോബിന്‍ ധവാന്‍ എന്നിവരുമായും വിശദമായ ചര്‍ച്ച നടത്തി. അവര്‍ ഇന്ത്യയുടെ പ്രതിരോധ രംഗത്തെ വിവരങ്ങള്‍ വ്യക്തമായി തന്നെ അംബാനിക്ക് കൈമാറി.

‘ഇന്ത്യന്‍ കരസേനയുടെ കൈവശം ബൊഫോഴ്‌സ് ആയുധങ്ങള്‍ എത്തിയിട്ട് 25 വര്‍ഷം കഴിഞ്ഞു. അതിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ല. 1970 മുതല്‍ ഉപയോഗിച്ച മിഗ്-21 ആണ് വായുസേന ഇപ്പോഴും ഉപയോഗിക്കുന്നത്. നാവികസേനയുടെ സ്ഥിതി പരിതാപകരമാണ്. കാര്‍ഗില്‍ യുദ്ധം ഇന്ത്യയുടെ ദയനീയമായ സ്ഥിതിയാണ് കാഴ്ചവച്ചത്. ബഹിരാകാശത്തും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്തുമൊക്കെ ഇന്ത്യ കൈവരിച്ച കുതിപ്പുകള്‍ ഒരു വിധത്തിലും പ്രതിരോധ രംഗത്ത് അനുഭവപ്പെട്ടില്ല. ദീര്‍ഘവീക്ഷണമില്ലായ്മയും തന്ത്രപരമായ കാഴ്ചപ്പാടിന്റെ അഭാവവും ഇന്ത്യയുടെ അവസരങ്ങള്‍ ഇല്ലാതാക്കി. രാജ്യത്തിനാവശ്യമായ ആയുധങ്ങള്‍ മിക്കതും ഇറക്കുമതി ചെയ്യുകയാണ്. ഇന്നും ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.’ ഈ വിധത്തില്‍ എത്രയോ കാര്യങ്ങള്‍ അംബാനി പറയുന്നു. ഇവിടെ ചില ചോദ്യങ്ങള്‍ ഉയരുന്നു. ഇന്ത്യയുടെ മൂന്ന് പ്രതിരോധ സേനാ മേധാവികളെയും പ്രത്യേകം പ്രത്യേകം കണ്ട് ചര്‍ച്ച നടത്താന്‍ അംബാനിക്ക് ആരാണ് അധികാരം നല്‍കിയത്? ഇന്ത്യയിലെ ഏത് പൗരനും ജനപ്രതിനിധികള്‍ക്കും ഇവരെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്താന്‍ കഴിയുമോ? അത്തരം ഒരു ചര്‍ച്ച എപ്പോഴെങ്കിലും നടന്നിട്ടുണ്ടോ? അഥവാ അങ്ങനെയൊരു ചര്‍ച്ച നടന്നിട്ടുണ്ടെങ്കില്‍ തന്നെ ഒരു വ്യക്തി ആവശ്യപ്പെടുന്ന വിവരങ്ങളെല്ലാം നല്‍കാമോ? ഇന്ത്യന്‍ പ്രതിരോധസേനയുടെ സ്ഥിതി ഇത്ര പരിതാപകരമാണെങ്കില്‍ തൊട്ട് മുമ്പ് പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണി ഉള്‍പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ കുറ്റക്കാരല്ലേ? ഇന്ത്യന്‍ പ്രതിരോധസേനയുടെ മൂന്ന് വിഭാഗങ്ങള്‍ക്കും എന്തെല്ലാം ആയുധങ്ങള്‍ ആവശ്യമുണ്ട്, അവ എവിടെയൊക്കെ വിന്യസിക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതും സര്‍ക്കാരിന് നിര്‍ദ്ദേശം സമര്‍പിക്കേണ്ടതും പ്രതിരോധ സേന തന്നെയല്ലേ? എത്രകോടി രൂപയുടെ ആയുധം ആവശ്യമുണ്ടെന്ന് സര്‍ക്കാര്‍ തന്നെയല്ലേ തീരുമാനിക്കേണ്ടത്? ആ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ വിളിക്കുമ്പോള്‍ മാത്രമല്ലേ ഒരു വ്യക്തിക്ക് (കരാറുകാരന്) ഇടപെടാന്‍ അവസരമുള്ളു? അതിന് മുമ്പ് ഇതില്‍ ഇടപെടാന്‍ ആര്‍ക്കെങ്കിലും അവകാശം നല്‍കിക്കൊണ്ടുള്ള ഏതെങ്കിലും ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ എപ്പോഴെങ്കിലും പുറപ്പെടുവിച്ചിട്ടുണ്ടോ? ഇന്ത്യന്‍ ഭരണഘടനയെ മറികടന്ന് ഒരു വ്യക്തിക്ക് (അദ്ദേഹം കോര്‍പ്പറേറ്റ് ശക്തിയാണെങ്കിലും) പ്രതിരോധരംഗത്ത് പ്രവര്‍ത്തിക്കാനാകുമോ എന്ന മൗലികമായ ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഈ രംഗവുമായി ബന്ധപ്പെട്ട ഒരു വിവരവും ‘വിവരാവകാശനിയമ’ പ്രകാരം പോലും നല്‍കാന്‍ വ്യവസ്ഥയില്ലാത്ത ഒരു രാജ്യമാണ് നമ്മുടേത്.

2015-16ലെ ബജറ്റ് പ്രകാരം ഇന്ത്യയുടെ മൊത്തം ചെലവിന്റെ 13.88 ശതമാനമായ 2,46,727 കോടി രൂപയാണ് പ്രതിരോധത്തിന് വകയിരുത്തിയിരിക്കുന്നത്. നമുക്ക് 16 ലക്ഷം കോടി രൂപയുടെ ആയുധങ്ങള്‍ ആവശ്യമാണ് എന്നാണ് അംബാനി പറയുന്നത്. ഇന്ത്യയ്ക്ക് ആവശ്യമായ ആയുധങ്ങള്‍ പരമാവധി ഇന്ത്യയില്‍ തന്നെ ഉല്‍പാദിപ്പിക്കണമെന്ന നരേന്ദ്രമോഡിയുടെ അഭിപ്രായം ശരിയായിട്ടുള്ളതാണ്. ലോകത്തെ മിക്ക രാജ്യങ്ങളിലും ആയുധകച്ചവടക്കാര്‍ കോര്‍പറേറ്റ് ശക്തികളാണ്. ഇന്ത്യയ്ക്ക് ആവശ്യമായ ആയുധം ഇന്ത്യയ്ക്കുള്ളില്‍ നിര്‍മിക്കുന്നതിന് ഇന്നത്തെ നിലയില്‍ ഇന്ത്യയിലെ കോര്‍പ്പറേറ്റുകളുടെ സഹായം തേടേണ്ടിവരും. പക്ഷേ അതിന് കൃത്യമായ ഒരു മാനദണ്ഡവും ഒരു പരിധിയും ആവശ്യമാണ്. ഒരു ജനാധിപത്യക്രമത്തിന് നിരക്കുന്നവിധമല്ല അംബാനി കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് ‘പ്രതിരോധസേനയുടെ ആധുനിക വല്‍ക്കരണം സ്വകാര്യ മേഖലയെ വിശ്വാസത്തോടെ ഏല്‍പിക്കണം. ആവശ്യമായ മേഖലകളില്‍ 100 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിക്കണം. അതിനാവശ്യമായ ലിസ്റ്റ് തയ്യാറാക്കി സര്‍ക്കാരിന് നല്‍കും. അതിവേഗത്തിലും ലളിതമായും എല്ലാം നടക്കണം. ഏതൊക്കെ ആയുധങ്ങള്‍ വേണമെന്ന് അതിവേഗത്തില്‍ തീരുമാനിക്കണം. വേഗത്തില്‍ തന്നെ തുക കൈമാറണം.

പ്രതിരോധ രംഗത്തെ വിവിധ ഏജന്‍സികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരണം. സ്വകാര്യമേഖലയ്ക്ക് മുന്‍തൂക്കം ഉറപ്പാക്കുംവിധം ഒരു വര്‍ക്കിംഗ് ഗ്രൂപ്പിന് രൂപം നല്‍കണം’ എന്നിവയാണ് ആവശ്യങ്ങള്‍. അതിനുപുറമെ മൂന്ന് ‘സി’കളില്‍ നിന്ന് (സിബിഐ, സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷണര്‍, കംപ്‌ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറല്‍) സംരക്ഷണം വേണം എന്നുകൂടി അനില്‍ അംബാനി പറയുമ്പോള്‍ പൂച്ച കൃത്യതയോടെ പുറത്ത് ചാടുന്നത് കാണാം. ഇന്ത്യയുടെ ലക്ഷക്കണക്കിന് കോടി രൂപയുടെ പൊതുസമ്പത്ത് കൊള്ളയടിച്ചത് കണ്ടെത്തിയ സിഎജിയെ പിരിച്ചുവിടണമെന്ന് പറയാത്തത് ഭാഗ്യം. രാജ്യത്തോടും 125 കോടി ജനങ്ങളോടും ഇന്ത്യന്‍ പ്രതിരോധ സേനയോടും ഉള്ള ഒടുങ്ങാത്ത സ്‌നേഹവും കൂറും കൊണ്ട് ഒരു വലിയ ത്യാഗം ചെയ്യുന്നു എന്ന മട്ടിലാണ് അംബാനി കാര്യങ്ങള്‍ പറയുന്നത്.

ഇന്ത്യക്ക് ഒരു ഭരണഘടനയും ഭരണവ്യവസ്ഥയുമുണ്ടെന്ന് അദ്ദേഹം മറക്കുന്നു. തന്നെപ്പോലെ വേറെയും കോര്‍പറേറ്റുകള്‍ രാജ്യത്തുണ്ടെന്ന കാര്യവും അദ്ദേഹം മറക്കുന്നു. അംബാനി ആഗ്രഹിക്കുന്ന വിധത്തിലെല്ലാം കാര്യങ്ങള്‍ നടന്നാല്‍ (ഒരുപക്ഷേ നടക്കുമായിരിക്കും) ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യയിലെ എന്നല്ല, ലോകത്തെ തന്നെ ഏറ്റവും വലിയ സമ്പന്നനായി അനില്‍ അംബാനി മാറും. പക്ഷേ ലോകത്ത് ഏറ്റവും കൂടുതല്‍ പട്ടിണിക്കാരുള്ള ഒരു രാജ്യത്തിന്റെ സമ്പത്താണ്, ഇങ്ങനെയൊരു വ്യക്തിയില്‍ എത്തിച്ചേരുന്നത്. ഒരു ഭരണകൂടത്തിനും പ്രതിരോധസേനയുടെ മൂന്ന് മേധാവികള്‍ക്കുമടക്കം നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്ന വിധം ഒരു കോര്‍പറേറ്റ് ശക്തി വളര്‍ന്നിരിക്കുന്നുവെന്നത് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന അപകടത്തിന്റെ നേര്‍ക്കാഴ്ചയാണ്. രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ ഈ അപകടം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.