ഐഎസ് ബന്ധം: കൊടുങ്ങല്ലൂരിലെ പള്ളിയ്ക്ക് കനത്ത സുരക്ഷ

Web Desk
Posted on May 02, 2019, 8:24 pm

തൃശൂര്‍: ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ് ഉള്‍പ്പെടെ തീരദേശമേഖലകളിലും റെയില്‍വേ സ്റ്റേഷനുകളിലും പോലീസ് സുരക്ഷ ശക്തമാക്കി. ഹോംസ്റ്റേകളിലും ആശുപത്രികളിലും പോലീസ് നിരീക്ഷണം നടത്തുന്നുണ്ട്. ശ്രീലങ്കന്‍ സ്‌ഫോടനം നടത്തിയ ഐ.എസ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീരീക്ഷണം ശക്തമാക്കിയത്.
കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദടക്കം പ്രമുഖ ആരാധനാലയങ്ങളും അഴിക്കോട് കേന്ദ്രീകരിച്ച് നൂറ് കണക്കിന് മറുനാടന്‍ മല്‍സ്യതൊഴിലാളികളും ഉള്ളതിനാല്‍ ഈ മേഖലയില്‍ പ്രത്യേക നിരീക്ഷണമാണ് നടത്തുന്നത്. തൃശൂര്‍ ജില്ലയിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ മണിക്കൂറുകള്‍ ഇടവിട്ട് പരിശോധന നടത്തുന്നുണ്ട്. ബോംബ് സ്‌ക്വാഡിന്റേയും ഡോഗ് സ്‌ക്വാഡിന്റേയും നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
ഇന്ത്യയിലെ ആദ്യ ജുമാ മസ്ജിദായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദിന് നേരെ ഭീകര ആക്രമണത്തിന് സാധ്യതയെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ ഗൗരവത്തോടെ കാണണമെന്നും രാജ്യത്തിന്റെ മതേതര സംസ്‌കാരത്തിന്റെയും ബഹുസ്വരതയുടെയും പ്രതീകമായ മസ്ജീദ് നാനാജാതി മതസ്ഥര്‍ ഒരുപോലെ ബഹുമാനിക്കുന്ന ഇടമാണെന്നും വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു. മസ്ജിദിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും, സായുധ പോലീസിന്റെ സാന്നിധ്യം ഉണ്ടാകാനും വിഷയം അടിയന്തരമായി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വിഷയത്തിന്റെ പൂര്‍ണറിപ്പോര്‍ട്ട് കിട്ടിയാല്‍ കരുതല്‍ നടപടികള്‍ എടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു.
അതേസമയം സാമൂഹ്യ സാംസ്‌കാരിക രംഗത്തും മതസൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങളിലും രാജ്യത്തിന് മാത്യകയായിട്ടുള്ള ചേരമാന്‍ മസ്ജിദ് രാജ്യത്തിന്റെ മതേതര സംസ്‌ക്കാരത്തിന്റെയും ബഹുസ്വരതയുടെയും പ്രതീകമമാണെന്നും ചേരമാന്‍ പള്ളിയുടെ സുരക്ഷിതത്വം സമാധാന കാംക്ഷികളായ കൊടുങ്ങല്ലൂരിലെ മത വിശ്വാസികളും, ജനാധിപത്യ വിശ്വാസികളും ഏറ്റെടുക്കുമെന്ന പ്രതീക്ഷയുണ്ടെന്നും മഹല്ല് കമ്മറ്റി പ്രസിഡന്റ് ഡോ. പി എ മുഹമ്മദ് സഈദ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.