11 November 2024, Monday
KSFE Galaxy Chits Banner 2

നിര്‍മ്മലാ സീതാരാമനാണോ ‘നാരിശക്തി‘യുടെ പ്രതീകം?

പി വസന്തം
October 7, 2024 4:30 am

“ഞാന്‍ ഭരണഘടനയെയും നിയമത്തെയും എന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് നിലനിര്‍ത്തുകയും കാത്തുരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യും” എന്ന് ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട ഏത് ഭരണാധികാരിയും അധികാരമേല്‍ക്കുമ്പോള്‍ പ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. ഇത്തരത്തില്‍ പ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഇലക്ടറല്‍ ബോണ്ട് പദ്ധതിയിലൂടെ പണം തട്ടിയെടുത്തു എന്നതിന്റെ പേരില്‍ ബംഗളൂരു തിലക് നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. പണം തട്ടിയെടുക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, ക്രിമിനല്‍ ലക്ഷ്യത്തോടെ ഒന്നിലധികം വ്യക്തികളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം എന്നീ കുറ്റങ്ങളാണ് എഫ്ഐആറില്‍ ചേര്‍ത്തിട്ടുള്ളത്. ആദര്‍ശ് അയ്യര്‍ എന്ന പരാതിക്കാരന്‍ ജനാധികാര സംഘര്‍ഷ സംഘടനയുടെ നേതാവാണ്. നിര്‍മ്മലാ സീതാരാമനും പ്രതികളും ചേര്‍ന്ന് അധികാര ദുരുപയോഗത്തിലൂടെ ആയിരക്കണക്കിന് കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാന്‍ കോര്‍പറേറ്റ് സ്ഥാപനങ്ങളെ നിര്‍ബന്ധിച്ചെന്നാണ് ആരോപണം.

ബിജെപി സര്‍ക്കാര്‍ 2017ല്‍ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് 2024 ഫെബ്രുവരി 15ന് പരമോന്നത നീതിന്യായ കോടതിയായ സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ അമിതമായി പണം ചെലവഴിക്കുന്നതിന് നിയന്ത്രണം ചെലുത്താനാണെന്ന വ്യാജേനയാണ് പ്രതിപക്ഷ പ്രതിഷേധങ്ങളെയൊക്കെ നിഷേധിച്ചുകൊണ്ട് മണി ബില്ലായി പാര്‍ലമെന്റ് സമിതിയുടെ പരിശോധന പോലുമില്ലാതെ ധൃതിയില്‍ അവതരിപ്പിച്ച് പാസാക്കിയത്. എസ്ബിഐയെ ആയിരുന്നു സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ബോണ്ട് ഇറക്കാന്‍ അധികാരപ്പെടുത്തിയത്. ജനാധിപത്യ ഇന്ത്യയില്‍ വളര്‍ന്നുവരുന്ന പണക്കൊഴുപ്പ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പാടില്ലെന്നും ഇലക്ടറല്‍ ബോണ്ടിന്റെ ഗുണഭോക്താക്കള്‍ ആരാണെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും കോടതി അതിന്റെ വിധിയില്‍ ഊന്നിപ്പറഞ്ഞു.

തൊണ്ണൂറുകള്‍ക്ക് ശേഷം ഇന്ത്യന്‍ ഭരണകൂടം സ്വീകരിച്ചുവരുന്ന പുത്തന്‍ സാമ്പത്തികനയങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് വളരാനുള്ള എല്ലാ സാഹചര്യങ്ങളും സൃഷ്ടിച്ചു. ഇതിന്റെ ഭാഗമായി ലാഭവിഹിതം ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വീതിച്ച് നല്‍കുകയും ചെയ്യുന്നു. കോര്‍പറേറ്റ് ശക്തികളും ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള അവിശുദ്ധബന്ധം ഏറ്റവും കൂടുതല്‍ നാം കാണുന്നത് തെരഞ്ഞെടുപ്പ് വേളയിലാണ്. സിപിഐ എല്ലാക്കാലത്തും ഇത്തരത്തിലുള്ള കള്ളപ്പണം തെരഞ്ഞെടുപ്പില്‍ വഹിക്കുന്ന പങ്കിനെ ചെറുത്തിട്ടുമുണ്ട്. സ്വാതന്ത്ര്യാ നന്തര ഇന്ത്യയില്‍ 1956ലെ കമ്പനി ആക്ട് അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോര്‍പറേറ്റുകളില്‍ നിന്ന് സംഭാവന സ്വീകരിക്കാന്‍ പാടില്ലായിരുന്നു. ഈ നിയമം ഭേദഗതി വരുത്തിയത് 1985ലായിരുന്നു. ഭേദഗതി പ്രകാരം കോര്‍പറേറ്റുകള്‍ക്ക് അവരുടെ ലാഭത്തിന്റെ അഞ്ച് ശതമാനം വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കാം എന്നാണ്. പുത്തന്‍ സാമ്പത്തിക നയത്തിന്റെ സ്വാധീനം ഭരണകര്‍ത്താക്കളിലുണ്ടായി എന്നതിന്റെ ഉത്തമോദാഹരണമാണ് 2013ലും 2017ലും കമ്പനി നിയമത്തില്‍ വന്നിട്ടുള്ള ഭേദഗതികള്‍. 2013ലെ ഭേദഗതിയനുസരിച്ച് ലാഭത്തിന്റെ 7.5 ശതമാനം സംഭാവന നല്‍കാം.

2017ല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റി നൂറ് ശതമാനം ലാഭം വേണമെങ്കിലും നല്‍കാമെന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്തു. 2013ലെ കമ്പനി നിയമമനുസരിച്ച് ഒരു കമ്പനി ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എത്ര പണം നല്‍കി എന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥയും മോഡി സര്‍ക്കാര്‍ ഭേദഗതി ചെയ്തു. മൊത്തത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എത്ര പണം നല്‍കി എന്ന് റിപ്പോര്‍ട്ട് ചെയ്താല്‍ മതി എന്നാക്കി. ഈ ഭേദഗതികള്‍ക്കൊപ്പമാണ് 1934ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ സെക്ഷന്‍ 31ന്മേലുള്ള ഒരു ഭേദഗതി വഴി ഇലക്ടറല്‍ ബോണ്ടുമായി പുതിയൊരു നിയമം 2017ല്‍ നിലവില്‍ വന്നത്. ഈ ഭേദഗതി വഴി ഒരു ഷെഡ്യൂല്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് വഴി ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കാം എന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. 

1961ലെ ആദായ നികുതി നിയമത്തിലെ ഭേദഗതി പ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി ലഭിച്ചിട്ടുള്ള ഇലക്ടറല്‍ ബോണ്ടുകളുടെ വിവരങ്ങള്‍ ആദായ വകുപ്പിന് നല്‍കേണ്ട ആവശ്യമില്ല. എത്ര പണം വേണമെങ്കിലും രഹസ്യമായി സംഭാവന ചെയ്യാന്‍ കോര്‍പറേറ്റുകള്‍ക്ക് സൗകര്യമുണ്ടാക്കുക എന്ന ദുരുദ്ദേശം സര്‍ക്കാരിനുണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കോര്‍പറേറ്റുകള്‍ക്ക് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നിയമപരമായി സംഭാവന ചെയ്യാനും, രാഷ്ട്രീയ പാര്‍ട്ടിക്ക് സ്വീകരിക്കാനുമുള്ള സംവിധാനമാണ് ഇലക്ടറല്‍ ബോണ്ട്. എസ്ബി‌ഐ ശാഖ മുഖാന്തിരം 1,000 മുതല്‍ കോടി വരെയുള്ള ബോണ്ടുകള്‍ പണമടച്ച് കോര്‍പറേറ്റുകള്‍ക്ക് വാങ്ങാം. ഒരു ശതമാനം വോട്ടെങ്കിലും ലഭിച്ചിട്ടുള്ള രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോണ്ട് സ്വീകരിക്കാം. 2017–18 കാലത്ത് 222 കോടി സംഭാവന നല്‍കിയപ്പോള്‍ 210 കോടി രൂപ ലഭിച്ചത് ബിജെപിക്കാണ്. സിപിഐ ഇലക്ടറല്‍ ബോണ്ട് മുഖാന്തിരം ഒരു രൂപ പോലും സ്വീകരിക്കാത്ത രാഷ്ട്രീയ പാര്‍ട്ടി എന്ന നന്മ നിലനിര്‍ത്തുന്നു.

കള്ളപ്പണം തടയാനെന്ന രീതിയില്‍ വന്ന ഇലക്ടറല്‍ ബോണ്ട് രഹസ്യ സ്വഭാവത്തിലുള്ളതായിരുന്നു. ഇന്ത്യയിലെ ജനങ്ങളുടെ അറിയാനുള്ള അവകാശം പോലും നിഷേധിച്ചുകൊണ്ട്, ഒട്ടും സുതാര്യതയില്ലാതെയാണ് പദ്ധതി നടപ്പാക്കിയത്. അതുകൊണ്ടുതന്നെയാണ് ഇലക്ടറല്‍ ബോണ്ടുകള്‍ നിലവില്‍ വരുത്താനായി കൊണ്ടുവന്ന എല്ലാ ഭേദഗതികളും ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, പര്‍ഡിവാല, മനോജ് മിശ്ര തുടങ്ങിയ അഞ്ചംഗ ജഡ്ജിമാര്‍ ഫെബ്രുവരിയില്‍ വിധിച്ചത്. ഇലക്ടറല്‍ ബോണ്ട് വിലക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയെങ്കിലും കഴിഞ്ഞദിവസം അത് തള്ളി.
സുപ്രീം കോടതി വിധി വന്നതിനുശേഷവും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും അമിത് ഷായും ബിജെപി പ്രസിഡന്റും ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദ് ചെയ്തത് കള്ളപ്പണത്തിന് മടങ്ങിവരാന്‍ സാധ്യത ഒരുക്കുമെന്ന് പറഞ്ഞ് വേവലാതിപ്പെട്ടിരുന്നു. ഇപ്പോള്‍ ഇഡി ഉദ്യോഗസ്ഥനെ ഉള്‍പ്പെടെ നിര്‍മ്മലാ സീതാരാമനോടൊപ്പം പ്രതിസ്ഥാനത്ത് ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അടിവരയിടുന്നത് ഹിന്ദുത്വ രാഷ്ട്രീയവും കോര്‍പറേറ്റ് മുതലാളിത്ത ബന്ധവുമാണ്. കോര്‍പറേറ്റുകള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാനുള്ള എളുപ്പവഴിയായി ഇലക്ടറല്‍ ബോണ്ടുകള്‍ മാറുകയും ധനമന്ത്രി ഇതിന്റെ ഭാഗമായിത്തീരുകയും ചെയ്തു എന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ്. ഇഡിയെപ്പോലുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കോര്‍പറേറ്റ് സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി ഫണ്ട് തരപ്പെടുത്തുന്ന രീതിയിലേക്കും ബിജെപി ഇലക്ടറല്‍ ബോണ്ടിനെ ദുരുപയോഗപ്പെടുത്തി. 

ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയായ തെരഞ്ഞെടുപ്പില്‍ പണത്തിന്റെ അപ്രമാദിത്വം സ്വാധീനിക്കുന്നുണ്ട്. 1976ലെയും 2010ലെയും ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ആക്ട് അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിദേശ സംഭാവന സ്വീകരിക്കുന്നതിന് നിരോധനമുണ്ടായിരുന്നു. ഇപ്പോഴത്തെ അവസ്ഥ എന്താണ്? ഇഡിയുടെ അന്വേഷണത്തില്‍പ്പെട്ട പല സ്ഥാപനങ്ങളും ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടുകളില്‍ ഉദാരമായി നിക്ഷേപിച്ചതാണ് പല കേസുകളില്‍ നിന്നും ഒഴിവാക്കിയതിന് കാരണം എന്ന് ജനങ്ങള്‍ സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയുമോ? ജനാധിപത്യത്തെ പണക്കൊഴുപ്പും കെെക്കരുത്തുംകൊണ്ട് അട്ടിമറിക്കുന്ന സ്ഥിതിയുണ്ടായി. ജനാധിപത്യ പ്രക്രിയയെത്തന്നെ നോക്കുകുത്തിയാക്കി ജനവിധി അട്ടിമറിക്കാനും കോര്‍പറേറ്റ് ഫണ്ടിങ് ഉപയോഗപ്പെടുത്തി. കോടതിയുടെ ഇടപെടല്‍ ജനാധിപത്യ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുതകുന്നതാണ്.

ജനപ്രതിനിധികള്‍ക്കെതിരായി കേസുകള്‍ കെെകാര്യം ചെയ്യുന്ന ബംഗളൂരു പ്രത്യേക കോടതിയുടെ നിര്‍ദേശപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് ധനമന്ത്രി. അഴിമതിക്കെതിരെ രായ്ക്കുരാമാനം പ്രസംഗിക്കുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തയാണ് കേസില്‍പ്പെട്ടിട്ടുള്ളത്. നാരീശക്തിയുടെ പ്രതീകമായിട്ടാണ് ബിജെപി, നിര്‍മ്മലാ സീതാരാമനെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ അവര്‍ ധനമന്ത്രിയായ ശേഷം അവതരിപ്പിച്ചിട്ടുള്ള ഒരൊറ്റ ബജറ്റും ലീംഗനീതി ബജറ്റായിരുന്നില്ല. രാജ്യത്തിന്റെ പുരോഗതിയുടെയും അഭിവൃദ്ധിയുടെയും തുല്യ ഗുണഭോക്താക്കളാക്കി സ്ത്രീകളെ മാറ്റാന്‍ പ്രതിജ്ഞാബദ്ധരാകും എന്ന് പറഞ്ഞവര്‍ തൊഴില്‍ നല്‍കല്‍ പദ്ധതികള്‍ ആവിഷ്കരിച്ചില്ല. 10 വര്‍ഷത്തിനുള്ളില്‍ 2.7 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി. 

സാമൂഹ്യ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന സ്ത്രീകളുടെ വലിയ പങ്കാളിത്ത പദ്ധതിയായ തൊഴിലുറപ്പ് പദ്ധതി വിഹിതം ഓരോ വര്‍ഷവും വെട്ടിക്കുറച്ചു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന് കീഴില്‍ ഭക്ഷ്യധാന്യങ്ങളുടെ വികേന്ദ്രീകൃത സംഭരണത്തിനുള്ള ഭക്ഷ്യ സബ്സിഡിയിലും വെട്ടിക്കുറവ് വരുത്തി. ഇതെല്ലാം ഭക്ഷ്യപ്രതിസന്ധിയിലേക്കും സ്ത്രീകളുടെ ദാരിദ്ര്യവല്‍ക്കരണത്തിലേക്കുമാണ് എത്തിച്ചത്. മറ്റൊരു ആവശ്യകത ആരോഗ്യമേഖലയ്ക്കാണ് നല്‍കേണ്ടത്. ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്ന യാതൊന്നും ബജറ്റില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി പാവങ്ങളെ മറന്ന ബജറ്റുകളാണ് നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചിട്ടുള്ളത്. സാമൂഹ്യ സുരക്ഷാ മേഖലകളെ പൂര്‍ണമായും അവഗണിച്ച് കോര്‍പറേറ്റുകള്‍ക്ക് ഇന്ത്യന്‍ ജനതയെ ചൂഷണം ചെയ്യാനുള്ള അവസരമൊരുക്കിയവരാണവര്‍. ഇവരെങ്ങനെ സ്ത്രീകളുടെ പ്രതീകമാവും? 

ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അഴിമതിക്ക് ചുക്കാന്‍ പിടിക്കുന്നയാളാണ് ‘നാരീശക്തി‘യുടെ പ്രതീകമായ ധനമന്ത്രി എന്ന് ജെഎഎസ്‌പിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍, കുഞ്ഞുങ്ങളും ദളിതരും ആക്രമിക്കപ്പെടുമ്പോള്‍, നരബലിപോലും ആവര്‍ത്തിക്കപ്പെടുമ്പോള്‍, മണിപ്പൂരിലെ സ്ത്രീകളെ നഗ്നരാക്കി പൊതുനിരത്തിലൂടെ നടത്തുമ്പോള്‍ ‘അരുത്’ എന്ന് പറയാന്‍ കഴിയാത്ത ഒരു വനിതാമന്ത്രിയെ സ്ത്രീകള്‍ക്ക് ആവശ്യമില്ല. ആരോപണ വിധേയയായ നിര്‍മ്മലാ സീതാരാമന്‍ എന്ന ധനമന്ത്രി ധാര്‍മ്മികതയുടെ പേരിലെങ്കിലും രാജിവയ്ക്കുന്നതാണ് ഉചിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.