ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കപില്‍മിശ്രയോടുള്ളതിനേക്കാള്‍ വൈരാഗ്യം സിപിഐ യുവനേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനോടാണെന്ന് ബോധ്യമാകുംവിധമാണ് അടുത്തിടെ ഉണ്ടായ സംഭവം. രണ്ടാംവട്ടം അധികാരമേറ്റ അരവിന്ദ് കെജ്‌രിവാള്‍ മോഡി — അമിത് ഷാ- സംഘപരിവാര്‍ സംഘത്തോട് സഹകരിച്ച് നീങ്ങാനാണ് തീരുമാനമെടുത്തിട്ടുള്ളതെന്നും വ്യക്തം. ബിജെപി എംപി ഗൗതം ഗംഭീറിന് തോന്നുന്ന മാനുഷിക വികാരംപോലും സംഘപരിവാര്‍ അതിക്രമത്തിന് ഇരയായവരോട് എഎപി നാളിതുവരെ പ്രകടമാക്കിയിട്ടുമില്ല. പശ്ചിമ ബംഗാളിലെ ബിജെപി നേതാവായിരുന്ന സുഭദ്ര മുഖര്‍ജി പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്, സിഎഎ വിരുദ്ധ പ്രക്ഷോഭണം നടത്തിയവര്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുകയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയ പ്രചരിപ്പിക്കുന്നതിലും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടക്കമുള്ള ബിജെപി നേതാക്കള്‍ വഹിക്കുന്ന പങ്കിനെതിരായ വികാരപ്രകടനമെന്നനിലയിലാണ്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ യു എസ് പ്രസിഡന്റ് ട്രംപിന്റെ സന്ദര്‍ശന ദിവസങ്ങളില്‍ അരങ്ങേറിയത് ഏകപക്ഷീയവും വ്യക്തമായ ആസൂത്രണവും നടത്തിയതിനെ തുടര്‍ന്നുണ്ടായ കലാപമാണെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങളുടെ കടകളും വീടുകളും പ്രത്യേകം ലക്ഷ്യമിട്ട് സംഘടിതമായാണ് ഈ അതിക്രമങ്ങള്‍. ഇതിനിടെ മോഡി ഭരണത്തെ വെട്ടിലാക്കിക്കൊണ്ടാണ് ഐക്യരാഷ്ട്രസഭക്കു കീഴിലുള്ള മനുഷ്യാവകാശ കമ്മിഷന്‍, പൗരത്വ ഭേദഗതി നിയമമെന്ന അസാധാരണ നിയമത്തിനെതിരെ അസാധാരണവും അപ്രതീക്ഷിതവുമായൊരു നീക്കമെന്ന നിലയിലാണ് സുപ്രിംകോടതിയില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഡല്‍ഹിയിലെ വെറുമൊരു ക്രമസമാധാന പ്രശ്നമെന്നതിലുപരി വംശഹത്യയിലേക്ക് ആളിപ്പടര്‍ന്ന ലഹളയിലും അതിക്രമങ്ങളിലും അമ്പതോളം പേരുടെ മരണത്തിലേക്കും സുപ്രിംകോടതിയുടെ ശ്രദ്ധക്ഷണിക്കാനും ബന്ധപ്പെട്ട കേസുകളില്‍ കോടതിയെ സഹായിക്കുന്ന അമിക്കസ് ക്യൂറിയായി കക്ഷിചേരാനുമാണ് യു എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉദ്ദേശിക്കുന്നതത്രെ. സാധാരണഗതിയില്‍ ഇത്തരമൊരു നീക്കം ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ നടത്തുന്നൊരു ഇടപെടല്‍ മാത്രമായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. എന്നാല്‍ സിഎഎ എന്ന സംവിധാനം വിവേചനത്തിനെതിരായ സാര്‍വദേശീയ ഉടമ്പടികളിലും സന്ധികളിലും കക്ഷിയായിരിക്കുന്ന ഇന്ത്യ, മതത്തിന്റെ പേരില്‍ വിവേചനത്തിന് വഴിവയ്ക്കുന്നൊരു നിയമം നടപ്പാക്കാന്‍ പാര്‍ലമെന്റിനെ മറയാക്കി എന്ന വസ്തുത അവഗണിക്കാന്‍ കഴിയുമോ എന്നതാണ് പ്രസക്തമായ പ്രശ്നം.
സ്വകാര്യ‑പൊതു മണ്ഡലങ്ങളില്‍ നിന്നും വിവേചനം, അത് എന്തിന്റെ പേരിലായാലും ഉന്മൂലനം ചെയ്യാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധവുമാണല്ലോ. ഇന്ത്യന്‍ ഭരണഘടനയും ഇന്ത്യന്‍ പാര്‍ലമെന്റും എക്കാലവും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളതും സംരക്ഷിക്കാന്‍ ബാധ്യസ്ഥരുമായ മതനിരപേക്ഷതയും ഉറപ്പാക്കുമെന്ന തത്വാധിഷ്ഠിതമായ നിലപാടുകള്‍ ഒരിക്കലും ബലികഴിക്കപ്പെടാന്‍ പാടില്ലാത്തതാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാന്‍ ലക്ഷ്യമിട്ട് ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ നടപടിയും സാര്‍വദേശീയ വേദികളില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇവിടെയും മനുഷ്യാവകാശ ലംഘനങ്ങളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മതത്തിന്റെ പേരില്‍ വിവേചനം വ്യവസ്ഥചെയ്യുന്ന സിഎഎ നടപ്പാക്കുന്നതിനെതിരെ ഇറാന്‍ ഭരണകൂടത്തിന്റെ തലവന്‍ തനിക്കുള്ള ശക്തമായ വിയോജിപ്പ് ഔദ്യോഗികമായി മോഡി സര്‍ക്കാരിനെ അറിയിച്ചു. മലേഷ്യന്‍ പ്രസിഡന്റ് വളരെ നേരത്തെതന്നെ സര്‍ക്കാരിന്റെ സിഎഎ വിരുദ്ധ ഔദ്യോഗിക വിയോജിപ്പ് ഇന്ത്യന്‍ ഭരണകൂടത്തെ അറിയിച്ചിരുന്നതാണ്. ഇതിനെല്ലാം ഉപരിയായി ഇപ്പോളിതു യു എന്‍ മനുഷ്യാവകാശ കമ്മിഷനും മോഡി-അമിത് ഷാ കൂട്ടുകെട്ടിന്റെ പൗരത്വ ഭേദഗതി നിയമത്തെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണല്ലോ.
മതം അടക്കമുള്ള വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ഒരു രാജ്യത്തെ വേര്‍തിരിച്ചു കാണുന്നതിന് വിരുദ്ധമായ നിലപാടുകളില്‍ ഇന്ത്യയും മറ്റു ലോക രാജ്യങ്ങള്‍ക്കൊപ്പം കരാറുകളില്‍ എത്തിച്ചേര്‍ന്നിട്ടുള്ളതാണ്. സിവില്‍ രാഷ്ട്രീയാവകാശങ്ങള്‍ക്കായുള്ള അന്തര്‍ ദേശീയ ഉടമ്പടി (ഐസിസിപിആര്‍), സാമ്പത്തിക‑സാമൂഹ്യ‑സാംസ്കാരിക‑വിദ്യാഭ്യസ അവകാശങ്ങള്‍ക്കായുള്ള അന്തര്‍ദേശീയ കരാര്‍ (ഐഎഇഎസ്എആര്‍), വംശീയ ഉന്മൂലനത്തിനായുള്ള അന്തര്‍ദേശീയ ഉടമ്പടി (ഐസിഇആര്‍എ) ബാലാവകാശ ഉടമ്പടി (എആര്‍സി), സ്ത്രീ വിവേചന ഉന്മൂലനത്തിനായുള്ള ഉടമ്പടി തുടങ്ങിയ അനേകം ഉടമ്പടികളില്‍ കയ്യൊപ്പു ചാര്‍ത്തിയ രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് ഇതിനെല്ലാം എതിരായ നിലപാടുകളോ, നിയമനിര്‍മ്മാണമോ സ്വീകരിക്കുന്നത് അധാര്‍മ്മികമാണ്. ഇതിന്റെ പേരിലാണ് ഡല്‍ഹിയില്‍ സമീപകാലത്തു നടന്ന വംശഹത്യക്കു സമാനമായ അതിക്രമങ്ങള്‍ വിലയിരുത്തപ്പെടേണ്ടത്. ബിജെപി — സംഘപരിവാര്‍ ഫാസിസ്റ്റ് ശക്തികള്‍ ഒഴികെയുള്ള ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളും രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്നവരും മാധ്യമ പ്രവര്‍ത്തകരും ജുഡീഷ്യറിയുടെ ഇടപെടലുകള്‍ വഴി കേന്ദ്രത്തില്‍ ഭരണം കയ്യാളുന്ന മോഡി ഭരണകൂടത്തെ, ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവും വിനാശകരവുമായ നയസമീപനങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയുമോ എന്ന ശ്രമകരമായ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്.
ഈ ദൗത്യം അത്ര എളുപ്പമല്ല എന്നാണ്, പ്രതിപക്ഷത്തെ നയിക്കുന്ന കോണ്‍ഗ്രസിലെ ഏഴ് ലോക്‌സഭാംഗങ്ങളെ നീതീകരിക്കാനാവാത്ത കാരണങ്ങള്‍ നിരത്തി ബജറ്റ് സമ്മേളന കാലം മുഴുവന്‍ അയോഗ്യരാക്കാന്‍ തീരുമാനമായിരിക്കുന്നതില്‍ വെളിവാകുന്നത്. അവര്‍ ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന കുറ്റങ്ങളില്‍ പ്രധാനം സര്‍ക്കാരിന് അലോസരമുണ്ടാകാന്‍ പര്യാപ്തമായ വിപത്തില്‍ ഡല്‍ഹി സംഭവത്തില്‍ ഉടനടി ചര്‍ച്ചകള്‍ വേണമെന്ന് ന്യായമായ ആവശ്യം തുടര്‍ച്ചയായി ഉന്നയിക്കുന്നു എന്നതാണ്. രാജ്യം അതിവേഗം ഏകാധിപത്യത്തിലേക്കും ഫാസിസത്തിലേക്കും നീങ്ങുകയാണെന്ന ആശങ്കയാണ്. ജനാധിപത്യ വിശ്വാസികളെ അലോസരപ്പെടുത്തുന്നത്. അടിയന്തരാവസ്ഥയ്ക്ക് സമാനമായൊരു മാധ്യമവിരുദ്ധ വേട്ടയ്ക്കു ഇരയായിരിക്കുന്നത് ‘ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണ്‍’ ചാനല്‍ മുഴുവനായുമാണ്. 2020 മാര്‍ച്ച് ആറ് രാത്രി 7.30 മുതല്‍ 48 മണിക്കൂര്‍ സമയത്തേക്കാണ് ഈ നിരോധനങ്ങളെ ഉത്തരവിലൂടെ കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം തടഞ്ഞത്. ഇതിനുള്ള പ്രകോപനമെന്തെന്നോ? ഡല്‍ഹി കലാപം നടക്കുമ്പോള്‍ ഈ രണ്ടു ചാനലുകളും വാര്‍ത്തകളിലൂടെയും വാര്‍ത്താ വിശകലനങ്ങളിലൂടെയും ഡല്‍ഹി പൊലീസിനെയും സംഘപരിവാറിനെയും പ്രധാനമന്ത്രി മോഡിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അതിനിശിതമായി കുറ്റപ്പെടുത്തുകയും ഒരു പ്രത്യേക സമുദായത്തോട് പക്ഷം ചേരുന്ന നിലപാടുകളെടുത്തു എന്നുമായിരുന്നു.
ങ1994ലെ കേബിള്‍ ടി വി നെറ്റ്‌വര്‍ക്ക് നിയമങ്ങളിലെ പ്രത്യേക വകുപ്പുകള്‍ ഉദ്ധരിച്ചായിരുന്നു ഈ നിരോധനം. ഏതായാലും ഒരു കാര്യം വ്യക്തമാണ്, കേന്ദ്ര സര്‍ക്കാരിനെയും ബിജെപി-സംഘപരിവാര്‍ കൂട്ടങ്ങളെയും പ്രതിരോധത്തിലാക്കുന്ന മാധ്യമങ്ങള്‍ അടച്ചുപൂട്ടിയെന്ന ഭീഷണി ഇതുവഴി നടപ്പാക്കപ്പെട്ടിരിക്കുകയാണ്. മതവിദ്വേഷമോ മതപ്രീണനമോ പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്കെതിരെ കുതിച്ചുചാടി നടപടികളെടുക്കുന്ന നമ്മുടെ ഭരണകൂടം, ഇതേ കുറ്റങ്ങള്‍ക്ക് വിധേയരാക്കപ്പെടേണ്ടതാണെന്ന് ഡല്‍ഹി ഹൈക്കോടതി കണ്ടെത്തിയ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അടക്കമുള്ള സംഘപരിവാര്‍ — ബിജെപി നേതാക്കളെ ഇന്നും സ്വതന്ത്രരായി വിട്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണവും ജാതി-മതം തിരിച്ചുള്ള പട്ടികയും ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു. ഇത്തരമൊരു നരഹത്യാ പരമ്പരയ്ക്ക് ആരുതന്നെ ഉത്തരവാദികളായാലും അവര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. എന്നാല്‍, മോഡി — അമിത് ഷാ ഫാസിസ്റ്റു ഭരണത്തില്‍ ഇത്തരമൊരു പ്രതീക്ഷ അസ്ഥാനത്തായിരിക്കും. കാരണം ഇന്ത്യ അതിവേഗം ഓടിയടുക്കുന്നതു ഫാസിസ്റ്റു ഭരണത്തിലേക്കു തന്നെയാണ്.
(അവസാനിച്ചു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.