രമേശ് ബാബു

October 22, 2020, 4:00 am

കർഷകൻ എന്നും അടിയായ്മക്കാരനോ?

Janayugom Online

ബ്രിട്ടീഷ് പൂർവഭാരതത്തെ ഗാന്ധിജിയും മാർക്സും വിശേഷിപ്പിച്ചിട്ടുള്ളത് സ്വതന്ത്ര‑സ്വയം പര്യാപ്ത ഗ്രാമസമുച്ചയം എന്നാണ്. ബ്രിട്ടീഷ് ചരിത്രകാരനായിരുന്ന മോണ്ട്ഗോമി മാർട്ടിൻ ബ്രിട്ടീഷ് പാർലമെന്റ് അന്വേഷണ കമ്മിഷന് നല്കിയ ഒരു റിപ്പോർട്ടിൽ (1840) പറയുന്നത്- ഭാരതം ഒരു കാർഷികരാഷ്ട്രം മാത്രമല്ല അവർക്ക് വേണ്ട എല്ലാം വ്യാവസായികമായി ഉല്പാദിപ്പിക്കുന്ന ഒരു സ്വയംപര്യാപ്ത രാജ്യം കൂടിയാണെന്നാണ്. ബ്രിട്ടീഷ് ആധിപത്യത്തിന് മുൻപുള്ള ഭാരതത്തിൽ രാഷ്ട്രീയ‑സാമ്പത്തിക ബാഹ്യഇടപെടലുകളൊന്നുമില്ലാതെ നൂറ്റാണ്ടുകളായി തുടർന്ന നാട്ടറിവുകളും ആചാരങ്ങളുമാണ് ഗ്രാമങ്ങളുടെ സജീവ വൈവിധ്യം നിലനിർത്തിയിരുന്നത്. അതുകൊണ്ടാണ് ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളിലാണെന്ന് ഗാന്ധി പറഞ്ഞത്. ഗാന്ധിജി ചർക്കയെ ഒരു ദേശീയ സാമ്പത്തിക‑സാംസ്കാരിക‑സ്വാതന്ത്ര്യ ചിഹ്നമായി സ്വീകരിച്ചതും ഈ ദർശനത്തോടെയാണ്. കാർഷികവൃത്തിയിൽ ബ്രിട്ടീഷ് അധിനിവേശത്തിന് മുൻപും ജന്മി-പ്രഭു കുടിയായ്മയും അടിയായ്മയും ഭാരതത്തിന്റെ വിവിധ കോണുകളിൽ നിലനിന്നിരുന്നുവെങ്കിലും മൊത്തവിളയിൽ നിന്നുള്ള വരുമാനത്തിന്റെ ആറ് ശതമാനം വരെ മാത്രമാണ് കർഷകർ ജന്മി-പ്രഭുകുടുംബങ്ങൾക്ക് നല്കിയിരുന്നത്. അതുകൊടുത്തു കഴിഞ്ഞാൽ പാടത്തും വരമ്പത്തും അവർക്ക് മറ്റ് അധികാരങ്ങളില്ലായിരുന്നു. (കേരളത്തിൽ അവസ്ഥ മോശമായിരുന്നു. കാരണം ഇവിടെ ജന്മികുടിയാൻ ബന്ധത്തിൽ ജാതീയതയും നിർണായക ഘടകമായിരുന്നു. )

വടക്കേ ഇന്ത്യയിൽ ജഹാംഗീർ ചക്രവർത്തിയുടെ കാലത്തുപോലും അഞ്ചുശതമാനം നികുതി നല്കിക്കഴിഞ്ഞാൽ ബാക്കിയുള്ള വിളവുമുഴുവൻ സ്വതന്ത്ര ഗ്രാമവിപണിയിലാണ് എത്തിയിരുന്നത്. ഇത് സ്വയംപര്യാപ്തമായ സാമ്പത്തിക‑രാഷ്ട്രീയഭരണത്തിന് ഓരോ ഗ്രാമത്തെയും പര്യാപ്തമാക്കിയിരുന്നു. അധിനിവേശം പൂർണമാക്കാൻ ഈ സ്വയം പര്യാപ്തതയെയാണ് ബ്രിട്ടന് തകർക്കേണ്ടിയിരുന്നത്. ഭാരതത്തിന്റെ സ്വയംപര്യാപ്തതയ്ക്ക് ഊർജ്ജം പകരുന്നത് കൃഷിയും അനുബന്ധ ഗ്രാമീണ വ്യവസായങ്ങളുമാണെന്ന് കണ്ടതോടെ അവർ കാർഷിക മേഖലയിൽ കണ്ണുവയ്ക്കാൻ തുടങ്ങി. കർഷകർക്ക് ഭീമമായ നികുതി ഏർപ്പെടുത്തിക്കൊണ്ടാണ് അവർ ഭാരതത്തിന്റെ സ്വയംപര്യാപ്തതയുടെ ആണിക്കല്ല് പിഴുതെടുത്തത്.

ലോകത്തെ മിക്ക രാഷ്ട്രങ്ങളുടെയും ചരിത്രത്തെ മാറ്റിത്തീർത്ത മുന്നേറ്റങ്ങളുടെ ചാലകശക്തിയായി വർത്തിച്ചിട്ടുള്ളത് കാർഷികവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് കാണാം. അതുപോലെതന്നെ സമൂഹത്തിൽ ഓരോകാലത്തും ആധിപത്യം ചെലുത്തിയ മൂല്യങ്ങളെല്ലാം കാർഷികവൃത്തിയെ നിർവചിക്കുകയും പുനർനിർവചിക്കുകയും ചെയ്തിട്ടുണ്ട്. പതിറ്റാണ്ടുകളായി ഇന്ത്യൻ കർഷകനെ ഇടനിലക്കാർ ചൂഷണം ചെയ്തുവരികയാണെന്നും അത്തരം പ്രതിസന്ധികളിൽ നിന്ന് കർഷകരെ മോചിപ്പിക്കുമെന്നും പറഞ്ഞുകൊണ്ട് മോഡിസർക്കാർ അവതരിപ്പിച്ചിരിക്കുന്ന കാർഷിക ബില്ലുകൾ പക്ഷേ ഇന്ത്യൻ കർഷകർ വിശ്വാസത്തിലെടുക്കുന്നില്ല.

കാർഷികോല്പന്നങ്ങളുടെ ഉല്പാദനം, വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും), വിലസ്ഥിരതയും കൃഷിസേവനങ്ങളും സംബന്ധിച്ച കർഷകരുടെ കരാറുകൾ (ശാക്തീകരണവും സംരക്ഷണവും) എന്നീ ബില്ലുകളാണ് കർഷക സമരങ്ങൾക്കും പ്രതിപക്ഷ എതിർപ്പിനുമിടയിൽ ലോക്‌സഭയും രാജ്യസഭയും പാസാക്കിയിരിക്കുന്നത്. രാജ്യത്തെ സംബന്ധിക്കുന്ന വിഷയമായ കൃഷിമേഖലയിലെ നിയമനിർമ്മാണത്തിന് മുൻപ് സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചനകളൊന്നും നടത്താതെയുള്ള ഈ നിയമഭേദഗതി രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്ന രീതിയിലുള്ള ദുഷിച്ച നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

രാജ്യത്തെ ഭൂരിപക്ഷം കൃഷിക്കാരും പ്രതിപക്ഷവും കേന്ദ്രസർക്കാരിന്റെ ഘടകകക്ഷികളായ ശിരോമണി അകാലിദൾ, സംഘപരിവാറിന് കീഴിലുള്ള കർഷകസംഘടനകൾ എല്ലാം ബില്ലിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

കർഷകർ കാലാകാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളെയൊന്നും ബിൽ സ്പർശിക്കുന്നില്ല എന്ന ആക്ഷേപമാണ് പൊതുവിൽ ഉയർന്നിട്ടുള്ളത്. ഉല്പാദനച്ചെലവ്, ഭൂമിയുടെ പാട്ടം എന്നിവയോടൊപ്പം ഉല്പാദനച്ചെലവിന്റെ 75 ശതമാനം ചേർത്തുകൊണ്ട് എല്ലാ കാർഷിക ഉല്പന്നങ്ങൾക്കും മിനിമം സഹായവില പ്രഖ്യാപിക്കുക, സർക്കാർ മണ്ഡികൾ (ചന്തകൾ), സംഭരണ കേന്ദ്രങ്ങൾ എന്നിവയുടെ എണ്ണം വർധിപ്പിക്കുക, സബ്സിഡികൾ, സൗജന്യങ്ങൾ എന്നിവ കർഷകർക്ക് നേരിട്ട് ലഭിക്കുന്ന വിധത്തിൽ നിയമനിർമ്മാണം നടത്തുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുമ്പോൾ ചെറുകിട കർഷകർക്ക് അതിന്റെ നേട്ടം ലഭ്യമാകുന്ന വിധത്തിൽ നിയമനടപടികൾ സ്വീകരിക്കുക, കൃഷിഭൂമി സംബന്ധിച്ച തർക്കങ്ങൾ പരിഹരിച്ച് കർഷകർക്ക് കൈവശാവകാശ രേഖ ലഭ്യമാക്കുന്നതിനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുക, വനാവകാശ നിയമം നടപ്പിലാക്കുക എന്നിവയൊക്കെയാണ് കർഷകർ ഭരണകൂടത്തിനോട് ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ. എന്നാൽ പുതിയ നിയമത്തിൽ ഇത്തരം ആവശ്യങ്ങൾ ഒന്നും പരിഗണിച്ചിട്ടില്ലെന്നും ഉറപ്പുതരുന്നില്ലെന്നും സമരം ചെയ്യുന്ന കർഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെവിടെയും സ്വകാര്യ വിപണിയിലായാലും സർക്കാർ ചന്തകളിലായാലും മിനിമം സഹായവില ലഭ്യമാകുന്ന വിധത്തിൽ നിയമപരമായ അവകാശം ഉറപ്പുവരുത്തുക എന്നതാണ് ഈ കോവിഡ്, പ്രകൃതി പ്രതികൂലകാലത്ത് കർഷകർക്ക് സർക്കാർ ചെയ്തുകൊടുക്കേണ്ടത്. പുതിയ നിയമത്തിൽ വിലസ്ഥിരത ഉറപ്പാക്കൽ എന്ന് വെറുതെ എഴുതിവച്ചതല്ലാതെ ഇക്കാര്യത്തിൽ ഒരു നിയമപരിരക്ഷയും ലഭിക്കുന്നില്ലെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. നിലവിൽ 23 വിളകൾക്ക് മാത്രമാണ് താങ്ങുവിലയുള്ളത്. അത് മറ്റ് വിളകൾക്ക് കൂടി ലഭ്യമാക്കാൻ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും അവർ പറയുന്നു. പട്ടിണിക്കാരായി മാറിയ കർഷകരെ കാർഷികോല്പന്ന വിപണി കമ്മിറ്റികളെ അപ്രസക്തമാക്കുന്ന പുതിയ നിയമത്തിലൂടെ വീണ്ടും കോർപ്പറേറ്റുകളുടെ ചൂഷണത്തിനായി എറിഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നതെന്ന് കാർഷിക സാമ്പത്തിക വിദഗ്ധരും സൂചിപ്പിക്കുന്നു.

മോഡിസർക്കാരിന്റെ സാമ്പത്തിക ധനതത്വശാസ്ത്ര പിടിപ്പുകേടിന്റെ ഉത്തമ ഉദാഹരണങ്ങളായി നോട്ട്നിരോധനവും ജിഎസ്‌ടിയും മാറിയെങ്കിൽ കാർഷിക ബിൽ വ്യക്തമായ ഉദ്ദേശ്യങ്ങളോടെയാണ് ഈ കോവിഡ് ലോക്ഡൗൺ കാലത്ത് തിരക്ക് പിടിച്ച് പാസാക്കിയിരിക്കുന്നത്. അത് എന്തെന്ന് വഴിയേ തെളിയാനിരിക്കുന്നതേയുള്ളു.

കോവിഡ്കാലം സംജാതമാക്കിയ വിപണി നഷ്ടം, തൊഴിലില്ലായ്മ, അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ് പുറമെ പ്രതികൂല കാലാവസ്ഥ, വെട്ടുക്കിളി ശല്യം‍ തുടങ്ങിയവയിലൂടെ കഷ്ടപ്പെടുന്ന കർഷകർ ഒന്നിനൊന്ന് ദുരിതങ്ങളിലേക്ക് പോകുന്ന കാഴ്ചകളാണ് രാജ്യത്ത്. ഈ അവസ്ഥയ്ക്ക് മുൻപും കർഷക ആത്മഹത്യ ആവർത്തിക്കുന്ന പ്രവണതയായിരുന്നു ഇന്ത്യയിൽ. രാജ്യത്തെ തീറ്റിപ്പോറ്റുന്ന ഈ വർഗത്തിന്റെ സംരക്ഷണത്തിലാണ് രാഷ്ട്രത്തിന്റെ നിലനില്പുപോലും. വർത്തമാനകാലത്ത് അവർ അനുഭവിക്കുന്ന ഇല്ലായ്മകൾക്ക് പരിഹാരം കണ്ടെത്താനും അതുനല്കുവാനുമാണ് ക്ഷേമരാഷ്ട്രത്തിനായി ലക്ഷ്യംവയ്ക്കുന്ന ഭരണാധികാരികൾ സന്നദ്ധമാവേണ്ടത്. കൃഷിക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ചെയ്തുകൊടുക്കാതെ കശ്മീരിലെ കർഷകന് കന്യാകുമാരിയിൽ വിപണി തുറന്നിട്ടുണ്ടെന്ന് പറഞ്ഞിട്ടെന്തുകാര്യം? കേരളം വിഭാവനം ചെയ്തതുപോലുള്ള കർഷക ക്ഷേമനിധി ബോർഡുകൾ തീർത്ത് കർഷകർക്ക് സംരക്ഷണകവചമൊരുക്കുകയാണ് ഈ കോവിഡ് ദുരന്തകാലത്ത് ചെയ്യേണ്ടത്.

അവശന്മാ, രാർത്തന്മാ, രാലംബഹീനന്മാ- രവരുടെസങ്കടമാരറിയാൻ? 

അവരർദ്ധനഗ്നന്മാ, രാതപമഗ്നമാ- രവരുടെ പട്ടിണിയെന്നു തീരാൻ?