July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

അഞ്ചു ലക്ഷം കോടി സമ്പദ്‌വ്യവസ്ഥ ഒരു ദിവാസ്വപ്നമോ?

Janayugom Webdesk
December 14, 2019

ഇക്കഴിഞ്ഞ 2019 ഓഗസ്റ്റ് 15 നാണ് തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡി തികഞ്ഞ ഒരു ആത്മവിശ്വാസത്തോടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ 2024 ല്‍ ഒരു അഞ്ചു ലക്ഷം കോടി സമ്പദ്‌വ്യവസ്ഥയായി രൂപാന്തരപ്പെടുത്തുമെന്ന പ്രഖ്യാപനം നടത്തിയത്. ഇത് കേട്ടയുടനെ കേന്ദ്രമന്ത്രിമാരും പാര്‍ട്ടി നേതാക്കളും വക്താക്കളും മുതിര്‍ന്ന ബ്യൂറോക്രാറ്റുകളും പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം യാഥാര്‍ഥ്യമാകുമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. മോഡി ഇവിടം കൊണ്ടും അവസാനിപ്പിച്ചില്ല. ഒക്ടോബറില്‍ പൂനയില്‍ നടത്തിയ ഒരു തെര‍ഞ്ഞെടുപ്പു റാലിയില്‍ സ്വാതന്ത്ര്യദിനത്തില്‍ താന്‍ നടത്തിയ ലക്ഷ്യപ്രഖ്യാപനം ഏതുവിധേനയും യാഥാര്‍ഥ്യമാക്കും എന്ന് ആവര്‍ത്തിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം നടത്തിയത് രസകരമായ മറ്റൊരു പരാമര്‍ശമായിരുന്നു. എന്തായിരുന്നു അതെന്നോ? സമ്പദ്‌വ്യവസ്ഥ വളര്‍ന്ന് വികസിക്കുന്നതിനോടൊപ്പം തന്നെ ദാരിദ്ര്യനിര്‍മാര്‍ജ്ജനം കൂടുതല്‍ അനായാസം നടപ്പാക്കാന്‍ കഴിയുമെന്നും യുവാക്കളുടെ ആഗ്രഹങ്ങള്‍ സഫലമാക്കുക കൂടുതല്‍ എളുപ്പമാകുമെന്നുമായിരുന്നു.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഇന്നത്തെ നിലയില്‍ യുവാക്കള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭ്യമാക്കുന്നു എന്നും അതിലേക്കു സഹായകമായ നയപരമായ തീരുമാനങ്ങളാണ് തന്റെ ഭരണകൂടം സ്വീകരിച്ചുവരുന്നതെന്നും മോഡി അവകാശപ്പെടുകയും ചെയ്തു. ഡിമോണറ്റൈസേഷന്‍, ജിഎസ്‌ടി പരിഷ്കാരം തുടങ്ങിയ നയങ്ങളാണോ തന്റെ മനസിലുള്ളതെന്ന് എന്തുകൊണ്ടോ അദ്ദേഹം തുറന്നു പറയുകയുണ്ടായില്ല. പുതിയ നിക്ഷേപ സാധ്യതകള്‍ കണ്ടെത്താന്‍ ആഭ്യന്തര നിക്ഷേപകര്‍ക്ക് സമ്മതമില്ലെങ്കില്‍ പ്രത്യക്ഷ വിദേശമൂലധന നിക്ഷേപം സ്വീകരിക്കാനും‍ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനും സമ്പദ്‌വ്യവസ്ഥ തയാറാകുമെന്ന് തറപ്പിച്ചു പറഞ്ഞ പ്രധാനമന്ത്രി ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന ലക്ഷ്യം എവിടെവരെ എത്തി എന്ന് വ്യക്തമാക്കാനും കൂട്ടാക്കിയില്ല. ഏതായാലും ഒരു യാഥാര്‍ത്ഥ്യം നാം കാണാതെ സാധ്യമല്ല. തീര്‍ത്തും ആകര്‍ഷകങ്ങളായ മുദ്രാവാക്യങ്ങളും ലക്ഷ്യപ്രഖ്യാപനങ്ങളും നിരത്തി ഇന്ത്യന്‍ ജനതയെ തുടര്‍ച്ചയായി വ‍ഞ്ചിക്കാന്‍ പിന്നിട്ട ഏഴു വര്‍ഷക്കാലവും ഒരു പരിധിവരെ വിജയിച്ച നരേന്ദ്രമോഡിയുടെ വിശ്വാസ്യതയ്ക്ക് കനത്ത തകര്‍ച്ചയാണ് ഇപ്പോള്‍ നേരിടേണ്ടി വന്നിരിക്കുന്നത്.

അതുകൊണ്ടുതന്നെ, സമ്പദ്‌വ്യവസ്ഥ വലുതായി വരുന്ന മുറയ്ക്ക് ജനതയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് അവകാശപ്പെടുന്നതില്‍ ആധുനിക തലമുറ വിശ്വാസമര്‍പ്പിക്കുകയുമില്ല. കാരണം സാമ്പത്തിക വളര്‍ച്ചയല്ലാ, തകര്‍ച്ചയാണ് ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ഥ്യം എന്നതുതന്നെ. ‘അഞ്ചുലക്ഷം കോടി സമ്പദ്‌വ്യവസ്ഥ’ എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം നനഞ്ഞപടക്കമായി മാറുമെന്നതിന് ഒന്നിലേറെ തെളിവുകളുണ്ട്. ഒന്ന്, 2016–17 നു ശേഷം തുടര്‍ച്ചയായി രണ്ടു വര്‍ഷക്കാലയളവില്‍ ജിഡിപി വളര്‍ച്ചനിരക്ക് താഴോട്ടാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ഔദ്യോഗിക ഏജന്‍സികള്‍ തന്നെ കണക്കുകള്‍ നിരത്തി വെളിവാക്കുന്നു. സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിന്റെ എല്ലാ ലക്ഷണങ്ങളും പ്രകടമാക്കുന്നുമുണ്ട്. 2019–20 ധനകാര്യ വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ചനിരക്ക് 4.5 ശതമാനമായിരിക്കുമെന്നാണ് നിതിആയോഗ് തന്നെ ഏറ്റുപറഞ്ഞിരിക്കുന്നത്. 2024 ല്‍ ഇന്ത്യ അ‍ഞ്ച് ട്രില്യന്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി മാറണമെങ്കില്‍ നടപ്പു ധനകാര്യ വര്‍ഷം മുതല്‍ വാര്‍ഷിക ജിഡിപി നിരക്ക് 12 ശതമാനമെങ്കിലും ആയിരിക്കണമെന്നാണ് തന്റെ കന്നി ബജറ്റ് രേഖയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്നെ എഴുതിവച്ചിരിക്കുന്നത്.

അപ്പോള്‍ പിന്നെ വരുന്ന അഞ്ചു വര്‍ഷക്കാലയളവില്‍ ജിഡിപി നിരക്ക് 4.5 ല്‍ നിന്ന് 12 ശതമാനത്തിലേക്ക് എത്തിക്കാന്‍ ലോക പ്രസിദ്ധി നേടിയ ഹംഗേറിയന്‍ മാന്ത്രികന്‍ ഹൗഡിനിക്കുപോലും കഴിയുമായിരുന്നു എന്നു തോന്നുന്നില്ല. ഇന്ത്യന്‍ ജിഡിപി വളര്‍ച്ച നിരക്കില്‍ പ്രതീക്ഷിച്ച തോതില്‍ വര്‍ധനവു പ്രതീക്ഷിക്കേണ്ടതില്ലെന്ന നിഗമനത്തിലാണ് ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളായ ഫിച്ച്, സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍, മൂഡിസ് തുടങ്ങിയവയും നാണയനിധി, എഡിപി തുടങ്ങിയ മറ്റ് വിശ്വസനീയമായ സാമ്പത്തിക വിലയിരുത്തല്‍ സ്ഥാപനങ്ങളും. ആഗോളമാന്ദ്യം ഒരു യാഥാര്‍ഥ്യമാണെന്ന സാഹചര്യം നിലവിലിരിക്കേ ആഗോള സമ്പദ്‌വ്യവസ്ഥയുടെ അവിഭാജ്യഘടകമായ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതിയും മറിച്ചാവാന്‍ സാധ്യതയില്ല. ജിഡിപി നിരക്കിനു പുറമേ തൊഴിലവസരങ്ങള്‍ സംബന്ധമായ കണക്കുകളും അ‍ഞ്ച് ട്രില്യന്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയിടെ പുരോഗതിയെ അനിശ്ചിതത്വത്തിലാക്കുകയാണ്.

ഇന്ത്യയുടെ ഔദ്യോഗിക ഏജന്‍സിയായ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് 2017–18 കാലയളവില്‍ രാജ്യത്തിന്റെ തൊഴിലില്ലായ്മയില്‍ നാല്‍പത്തി അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ ഇതിലെ കണ്ടേത്തലുകള്‍ പൂഴ്ത്തിവയ്ക്കുകയായിരുന്നു സുതാര്യ ഭരണം അവകാശപ്പെടുന്ന മോഡിസര്‍ക്കാര്‍ ചെയ്തത്. പില്‍ക്കാലത്ത് എന്‍എസ്ഒയുടെ ആറു ശതമാനം തൊഴിലില്ലായ്മാ നിരക്കെന്ന കണ്ടെത്തല്‍ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐ) തിരുത്തുകകയും അത് ഒന്‍പത് ശതമാനം വരെയായി ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് എന്ന വസ്തുതതയും ഇന്ന് നമുക്കെല്ലാം അറിവുള്ളതാണ്. യാഥാര്‍ഥ്യം കൃത്യസമയത്ത് പുറത്തുവിടാതിരുന്നതിന്റെ പേരില്‍ എന്‍എസ്‌സിയുടെ അധ്യക്ഷന്‍ ഡോ. മോഹന്‍ പ്രതിഷേധ സൂചകമായി തല്‍സ്ഥാനം രാജിവച്ച കാര്യവും ഈ അവസരത്തില്‍ പ്രസക്തമാണ്.

ഏതായാലും, രണ്ടാം മോഡി ഭരണം അധികാരത്തില്‍ വന്നതോടെ തൊഴിലില്ലായ്മാ സംബന്ധമായ കണക്കുകള്‍ കൃത്യമായി പുറത്തുവന്നിരിക്കുകയാണ്. ഇതോടെ അ‍ഞ്ച് ട്രില്യന്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ പുരോഗതിയും യാഥാര്‍ഥ്യമാവില്ലെന്ന് തൊഴില്‍ മേഖലയിലെ അവസ്ഥയും വ്യക്തമാക്കിയിരിക്കുന്നു. അടുത്തത് ഉപഭോഗ മേഖലയുടെ സ്ഥിതിയാണ്. ഉപഭോഗം ഉയരണമെങ്കില്‍ വരുമാനം വര്‍ധിക്കണം. വരുമാനം ആശ്രയിക്കുന്നത് തൊഴില്‍ ലഭ്യതയെയാണ്. തൊഴിലസവരങ്ങളുടെ ഗതി നാം നേരത്തെ പരിശോധിച്ചതുമാണ്. സ്വാഭാവികമായും തൊഴില്‍ ലഭ്യത കുറയുന്നതിനനുസരിച്ച് വരുമാനത്തിലും ഇടിവുണ്ടാകും. അതോടൊപ്പം ഉപഭോഗ നിലവാരവും താഴും. ഡിമാ‍ന്‍ഡ് പരമാവധി വര്‍ധിപ്പിക്കുകയും ക്രയശേഷി ജനങ്ങളുടെ കൈകളിലെത്തിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തില്‍ നിന്ന് മോചിപ്പിക്കാനും വികസനത്തിന്റെ പാതയിലേക്ക് നയിക്കാനും സാധ്യമാകൂ.

ഉപഭോഗനിലവാരവുമായി ബന്ധപ്പെട്ട് രണ്ട് ഏജന്‍സികളാണ് അവലോകന റിപ്പോര്‍ട്ടുകള്‍ തയാറാക്കിയിരിക്കുന്നത്. ഒന്ന് ആര്‍ബിഐയുടെ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് സര്‍വെയാണ്. ഇത് 2010 മുതലുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രണ്ടാമത്തേത് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ)യുടെ വക കണ്‍സ്യൂമര്‍ സെന്റിമെന്റ്സ് സര്‍വെ ആണ്. ഇതിന്റെ ഉള്ളടക്കം 2016 ജനുവരി മുതല്‍ ഈ ഏജന്‍സി നടത്തിയ കണ്‍സ്യൂമര്‍ പിരമിഡ്സ് ഹൗസ് ഹോള്‍ഡ് സര്‍വെ (സിപിഎച്ച്എസ്)യില്‍ കണ്ടെത്തിയ വിവരങ്ങളാണ്. ഈ രണ്ട് അവലോകന റിപ്പോര്‍ട്ടുകളും എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനമെന്തെന്നോ? 2017–18 ല്‍ ഉപഭോക്താക്കള്‍ക്ക് വരുമാനവര്‍ധന വന്‍ തോതിലുണ്ടാകുമെന്ന പ്രതീക്ഷയാണ് പൊതുവില്‍ ഉണ്ടായിരുന്നതെന്നാണ്. (അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.