Monday
18 Feb 2019

ഉന്നതവിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനോ? അതോ ഉന്മൂലനാശത്തിനോ?

By: Web Desk | Tuesday 10 July 2018 10:30 PM IST


‘സര്‍വ്വകലാശാലകള്‍ നിലകൊള്ളുന്നത് മാനവികതയ്ക്ക് വേണ്ടിയാണ്, സഹിഷ്ണുതയ്ക്കും, യുക്തിവിചാരത്തിനും സത്യാന്വേഷണത്തിനും സാഹസികമായ ആശയപര്യവേക്ഷത്തിനും അവസരമുണ്ടാക്കാനാണ്. സര്‍വകലാശാലകള്‍ അവയുടെ കര്‍ത്തവ്യം യുക്തമായി നിറവേറ്റിയാല്‍ രാഷ്ട്രത്തിന്റെ ഏറ്റവും വലിയ സമ്പത്തായി മാറുമെന്നാണ്’ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു, 1949ല്‍ ഉന്നത വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന ഡോ. രാധാകൃഷ്ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഏറ്റു വാങ്ങുന്ന സന്ദര്‍ഭത്തില്‍ പ്രസ്താവിച്ചത്. ജനാധിപത്യ – മാനവിക മൂല്യങ്ങളിലധിഷ്ഠിതമായ ഉന്നതവിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള നെഹ്രുവിന്റെ വിശാലചിന്തയുടെ നിദര്‍ശനമാണീ വാക്കുകള്‍. എന്നാല്‍ നവ ഉദാരവത്കരണത്തിന്റെ പുതിയ സാഹചര്യത്തില്‍ വിദ്യാഭ്യാസം മൂലധനാധിഷ്ഠിത താല്‍പര്യങ്ങള്‍ക്കനുസരിച്ച് ലാഭകരമായ കേന്ദ്രങ്ങളാക്കി മാറ്റുന്ന ഘടനാപരമായ മാറ്റങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുകയാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ചാതുര്‍വര്‍ണ്യ പ്രത്യയശാസ്ത്രത്തേയും സവര്‍ണദേശീയതയേയും പല പ്രകാരത്തിലും അടിച്ചേല്‍പ്പിക്കുന്നതിനുള്ള ആസൂത്രിത നീക്കങ്ങള്‍ നടത്തുകയാണ്.
ആര്‍എസ്എസിന്റെ അനുബന്ധ സംഘടനയായ സംസ്‌കൃതഭാരതി ഏതാനും മാസങ്ങള്‍ മുന്‍പാണ് ജെഎന്‍യുവില്‍ ഒരു ‘സംസ്‌കൃതമഹോത്‌സവം’ സംഘടിപ്പിച്ചത്. ‘പുരാണഗ്രന്ഥങ്ങളിലെ ആധുനികശാസ്ത്രം’ എന്നതായിരുന്നു ഈ പരിപാടിയിലെ പ്രധാന ചര്‍ച്ചാവിഷയം. ജ്യോതിശാസ്ത്രം, വൈദ്യം, സസ്യ-ജീവശാസ്ത്രം, വ്യോമയാനം തുടങ്ങി 29 വിഭാഗങ്ങളായി തിരിച്ചാണ് സംസ്‌കൃതഗ്രന്ഥങ്ങളിലെ സംഭാവനകള്‍ ചര്‍ച്ച ചെയ്തത്. രാജ്യദ്രോഹപരമായി ചിന്തിക്കുന്നവരുടെ എണ്ണം സര്‍വകലാശാലകളില്‍ വര്‍ധിക്കുന്ന സന്ദര്‍ഭത്തില്‍ അതിനെതിരായി നമ്മുടെ പൂര്‍വികര്‍ ആര്‍ജ്ജിച്ച നേട്ടങ്ങള്‍ വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തുകയാണത്രെ ഇത്തരം ഉദ്യമങ്ങളുടെ പിന്നിലെന്ന് സംസ്‌കൃതഭാരതിയുടെ നേതാവ് കൗശല്‍കിഷോര്‍തിവാരി അവകാശപ്പെടുന്നു.
ജ്ഞാനോദയ വ്യവഹാരത്തിന്റെ സ്വരൂപങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന സര്‍വകലാശാലകള്‍, മതേതര ഫെഡറല്‍ മൂല്യങ്ങളില്‍ ഊട്ടിയുറപ്പിച്ച ജനാധിപത്യ ഇടങ്ങളായാണ് സ്വതന്ത്ര ഇന്ത്യയില്‍ സംഘടിപ്പിക്കപ്പെട്ടത്. ഈ വിശുദ്ധ സ്ഥലികളിലേക്ക് നുഴഞ്ഞു കയറുന്നതിനുള്ള ആസൂത്രിത വിദ്യകള്‍ ദീര്‍ഘകാലമായി തേടുകയാണ് കാവിസംഘം.
ഉന്നത വിദ്യാഭ്യാസത്തിന്റെ അലകും പിടിയും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിമറിക്കുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്, യുജിസിയെ പിരിച്ചുവിട്ട് പുതിയ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കുന്നതിനുള്ള ശുപാര്‍ശ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമേല്‍ വിപുലമായ അധികാരങ്ങളുണ്ടായിരുന്ന യുജിസിക്കു പകരം കേന്ദ്ര സര്‍ക്കാര്‍ രൂപകല്‍പന ചെയ്തിട്ടുള്ള പുതിയ കമ്മീഷനില്‍ നിന്നും ധനപരമായ അധികാരം എടുത്തുകളയുമെന്ന് കരട് നിയമം പറയുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇനിമേല്‍ ധനസഹായം നല്‍കുന്നതിനുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കും.
സ്മൃതിഇറാനി മാനവവിഭവശേഷിമന്ത്രിയായ ഉടനെത്തന്നെ രൂപീകരിച്ച ഹരീഗൗതം ചെയര്‍മാനായ കമ്മിറ്റിയാണ് 1956 ലെ യുജിസി നിയമം ഭേദഗതി ചെയ്ത് ഇത്തരമൊരു കമ്മീഷന്‍ രൂപീകരിക്കാന്‍ ശുപാര്‍ശ നല്‍കിയത്. യോഗ ഉള്‍പ്പെടെയുള്ള പുരാതന കാലത്തെ പാഠങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രതിലോമകരമായ നിര്‍ദ്ദേശങ്ങളാണ് ആ റിപ്പോര്‍ട്ടിലുള്ളത്.
ഡോ. എസ് രാധാകൃഷ്ണന്‍ ചെയര്‍മാനായ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് യുജിസി രൂപവത്ക്കരിക്കപ്പെടുന്നത്. ദരിദ്രരോട് സഹാനുഭൂതിയും, സ്ത്രീകളോട് ആദരവും ഉണ്ടായാലേ പരിഷ്‌കൃത സമൂഹമായി മാറാന്‍ കഴിയൂവെന്നും ബൗദ്ധിക സാഹസികതയുടെ ഇടങ്ങളായി സര്‍വകലാശാലകളെ മാറ്റണമെന്നും ആ റിപ്പോര്‍ട്ടില്‍ നിഷ്‌കര്‍ഷിച്ചിരുന്നു.
പ്രഖ്യാതമായ ഹംബോള്‍ഡിയന്‍ മാതൃകയിലുള്ള സര്‍വകലാശാലകളെക്കുറിച്ച് നെഹ്രുവും രാധാകൃഷ്ണനും സ്വപ്‌നം കണ്ടിരുന്നു. വിദ്യാഭ്യാസ വിചക്ഷണനായ വില്‍ഹം ഹംബോള്‍ഡാണ് പരമ്പരാഗത ശൈലിയില്‍ നിന്നും വ്യത്യസ്തമായി പ്രഷ്യയില്‍ ബെര്‍ലിന്‍ സര്‍വ്വകലാശാല ആരംഭിക്കുന്നത്. ആധുനിക വിദ്യാഭ്യാസത്തിന്റെ സ്ഥാപകന്‍ എന്നാണ് നോം ചോംസ്‌കിയെപ്പോലുള്ള ചിന്തകന്മാര്‍ ഹംബോള്‍ഡിനെ വിശേഷിപ്പിച്ചത്. സമ്പൂര്‍ണമായ അക്കാദമിക് സ്വാതന്ത്ര്യത്തിനു വേണ്ടി അദ്ദേഹം വാദിച്ചു. അന്വേഷണതൃഷ്ണ, സര്‍ഗാത്മകസ്വയംനിര്‍ണയം, സൃഷ്ടി പരത, ബൗദ്ധികസ്വാതന്ത്ര്യം, സ്വതന്ത്രമായ ജ്ഞാനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉറപ്പുവരുത്തുന്ന ഉന്നതവിദ്യാഭ്യാസ സങ്കല്പമായിരുന്നു അദ്ദേഹത്തിന്റേത്. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളില്‍ ലോകവിജ്ഞാന രംഗത്തുണ്ടായ വന്‍കുതിപ്പുകള്‍ക്കെല്ലാം കാരണമായത് ഈ സര്‍വ്വകലാശാല മാതൃകയായിരുന്നു. ‘പബ്ലിക് സ്റ്റേറ്റ് എഡ്യുക്കേഷന്‍’ എന്ന ആശയം മുന്നോട്ടുവെച്ചത് വില്‍ഹം ഹംബോള്‍ഡായിരുന്നു. (എം ആര്‍ അനില്‍കുമാര്‍ – മാതൃഭൂമി ആഴ്ചപ്പതിപ്പ്) ബ്രിട്ടീഷ് അധിനിവേശ താല്‍പ്പര്യങ്ങളെ പിന്‍പറ്റിപ്പോന്ന ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ, അതില്‍നിന്നും മുക്തമാക്കുക എളുപ്പമല്ലെങ്കിലും, അതിനുള്ള ധീരമായ നടപടികളാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യ സ്വീകരിച്ചു പോന്നത്.
എന്നാല്‍ ഉന്നത വിദ്യാഭ്യാസരംഗം കൂടുതല്‍ കര്‍ക്കശമായ പൊളിച്ചെഴുത്തുകള്‍ക്കാണ് ഇപ്പോള്‍ വിധേയപ്പെടുന്നത്. ബൗദ്ധികവിരുദ്ധമായ ഒരു ഹീന സംസ്‌കാരത്തിന്റെ നവതരംഗമാണ് അനുഭവപ്പെടുന്നത്. സ്വതന്ത്ര ജ്ഞാനോല്‍പ്പാദന ഉറവിടങ്ങളെന്ന അഭിമാനം കൊണ്ടിരുന്ന ഈ മേഖലയെ അഗണ്യകോടിയില്‍ തള്ളി വര്‍ധിതമായ മൂലധന താല്‍പ്പര്യങ്ങളാല്‍ വരിഞ്ഞു മുറുക്കുകയാണ് ചെയ്യുന്നത്. 2016ല്‍ അംഗീകരിച്ച പുതിയ വിദ്യാഭ്യാസ നയത്തിന്റെ ആമുഖം തന്നെ അങ്ങേയറ്റം പ്രതിലോമകരമായ ആശയത്താല്‍ നിറഞ്ഞതാണ്. ‘മനുഷ്യരാശിയുടെ ചരിത്രത്തിലെ മൂന്നില്‍ രണ്ടു ഭാഗം കാലയളവില്‍ പ്രാചീനവും ഏറ്റവും തേജോമയവുമായ ലോകത്തിലെ ജീവിക്കുന്ന നാഗരികത എന്ന നിലയില്‍, തത്ത്വചിന്ത, സാമ്പത്തികശാസ്ത്രം, വാണിജ്യം, സംസ്‌കാരം, വിദ്യാഭ്യാസം എന്നീ മണ്ഡലങ്ങളിലെല്ലാം ഇന്ത്യയ്ക്ക് മേലാധിപത്യമുണ്ടായിരുന്നു. ഇപ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇന്ത്യ വേണ്ടവണ്ണം ചെയ്താല്‍ 21-ാം നൂറ്റാണ്ട് ഇന്ത്യയുടേത് ആയിത്തീരും.’ അതിദേശീയതാ വാദത്തിന്റെ പൊയ്ക്കാലില്‍ തീര്‍ത്ത ഈ വീമ്പുപറച്ചില്‍ കഥാകല്പിതമായ ഒരു ഭൂതകാലത്തിന്റെ ഉദാത്തവല്‍ക്കരണത്തിലൂടെ ദീര്‍ഘവീക്ഷണമുള്ള ഭാവിയെ റദ്ദ് ചെയ്യുന്നതാണെന്ന് ജെഎന്‍യുവിലെ ചരിത്ര വിഭാഗം അധ്യാപിക ജാനകിനായര്‍ പറയുന്നു. സ്വാതന്ത്ര്യവും ജനാധിപത്യ ആശയങ്ങളുമെല്ലാം സര്‍വ്വകലാശാലകളെ ദേശവിരുദ്ധ ശക്തികളെ പാലൂട്ടി വളര്‍ത്തുന്ന താവളങ്ങളാക്കി മാറ്റിയെന്നും ആയതിനാല്‍ അച്ചടക്കത്തിന്റെ ഇരുമ്പുമറ തീര്‍ക്കണമെന്നും, ദേശസ്‌നേഹത്തിന്റെ പാഠങ്ങള്‍ ശീലിക്കാന്‍ 207 അടി ഉയരമുള്ള ദേശീയ പതാക ഉയര്‍ത്തണമെന്നും ടാങ്കുകളും പീരങ്കികളും കൊണ്ടുവരണമെന്നുമുള്ള ഭ്രാന്തന്‍ ആശയങ്ങളാണ് ചില മന്ത്രിമാര്‍ ഉയര്‍ത്തിയത്.
രാജ്യത്തെ 46 കേന്ദ്രസര്‍വകലാശാലകളിലും, 350 സംസ്ഥാന സര്‍വ്വകലാശാലകളിലും 38000 അഫിലിയേറ്റഡ് കോളജുകളിലുമായി 3.3 കോടി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. എന്നുവെച്ചാല്‍ അത് കാനഡയുടേയും ഇറാഖിന്റെയും ജനസംഖ്യയ്ക്ക് തുല്യമാണെത്രെ. ഇത്രയും വിപുലമായ ഒരു ബൗദ്ധിക സഞ്ചയത്തെ ജനാധിപത്യ-മാനവിക മൂല്ല്യങ്ങളില്‍ നിന്നും മോചിപ്പിച്ച്, തങ്ങളുടെ സവര്‍ണ-ചാതുര്‍വര്‍ണ്യ ആദര്‍ശങ്ങളുമായി എങ്ങിനെ ബന്ധിപ്പിക്കാമെന്നാണ് സംഘപരിവാരത്തിന്റെ ഉത്കണ്ഠ (ജാനകി നായര്‍).
ഉദാരവത്കരണ നയങ്ങള്‍ ഊര്‍ജിതമായ കാലം മുതല്‍ തന്നെ ഭരണകൂടം സര്‍വകലാശാലകള്‍ക്ക് ധനസഹായം നല്‍കുന്ന ഏര്‍പ്പാടില്‍ നിന്നും പിന്‍വാങ്ങണമെന്ന അഭിപ്രായം ശക്തിപ്പെട്ടിട്ടുണ്ട്. സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരായവര്‍ക്കും ദളിതര്‍ക്കും സംവരണത്തിന്റെയും ഫെല്ലോഷിപ്പുകളുടേയും രൂപത്തില്‍ ഗവേഷണരംഗത്ത് നിരവധി ആനുകൂല്യങ്ങള്‍ നല്‍കി വരുന്നത് ദേശ ദ്രോഹികളെ സൃഷ്ടിക്കാനേ ഉപകരിക്കുന്നുള്ളുവെന്ന വിചിത്രവാദമാണ് ഹിന്ദുത്വവാദികള്‍ പ്രചരിപ്പിക്കുന്നത്.
എണ്‍പതുകളില്‍ കര്‍ണാടകയിലും മഹാരാഷ്ട്രയിലും മുളച്ചുപൊന്തിയ സ്വാശ്രയ സ്ഥാപനങ്ങള്‍ തല വരിപ്പണം വാങ്ങാന്‍ തുടങ്ങിയതോടെയാണ് വിദ്യാഭ്യാസത്തിന്റെ വാണിജ്യസാദ്ധ്യതയെക്കുറിച്ച് കോര്‍പ്പറേറ്റുകള്‍ ചിന്തിച്ചുതുടങ്ങിയത്. 2000ല്‍ നിയോഗിച്ച അംബാനി-ബിര്‍ള കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശ, നല്ല കച്ചവട സാദ്ധ്യതയുള്ള ശാസ്ത്ര-സാങ്കേതിക മേഡിക്കല്‍ അനുബന്ധ മേഖലയില്‍ നിന്നും പരിപൂര്‍ണമായും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും, അഥവാ സര്‍ക്കാരിന് പിന്തുണ നല്‍കണമെന്നുണ്ടെങ്കില്‍ അത് ഭാഷാ-മാനവിക വിഷയങ്ങളെയും സാമൂഹികശാസ്ത്രങ്ങളെയും സംബന്ധിക്കുന്ന മേഖലയില്‍മാത്രം മതിയെന്നാണ്.
ഉദാരവത്കരണ നയത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നതിന്റെ ഉത്തമ ഉദാഹരണമാണ് സര്‍വകലാശാലകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് സ്വയം ഫണ്ട് കണ്ടെത്തണമെന്ന മോഡി സര്‍ക്കാരിന്റെ നിലപാട്. 2017ല്‍ രൂപീകരിച്ച ഹയര്‍ എഡ്യുക്കേഷന്‍ ഫിനാന്‍സിങ്ങ് ഏജന്‍സിയുടെ ഉദ്ദേശ്യം ഇതിനായാണ്. പൊതുമേഖലാ ബാങ്കുകളും മറ്റു ഫിനാന്‍സ് സ്ഥാപനങ്ങളുമാണ് ഹിഫായ്ക്ക് കടമായി ധനസഹായം നല്‍കുന്നത്. എല്ലാ കേന്ദ്ര സര്‍വകലാശാലകളും ചെലവുകള്‍ നിര്‍വ്വഹിക്കാനായി വിദ്യാര്‍ത്ഥികളുടെ ഫീസ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യത്തിലും സമ്മര്‍ദ്ദത്തിലുമാണ്.
ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സ്വയം ഭരണം പോത്സാഹിപ്പിക്കണമെന്നാണ് പുതിയ കരട് നിര്‍ദ്ദേശത്തില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ‘ഗ്രേഡഡ് ഓട്ടോണമസ്’ സംവിധാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എല്ലാ സര്‍വകലാശാലകളിലും പ്രക്ഷോഭം ശക്തമായി കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ഓട്ടോണമസ് സ്ഥാപനങ്ങളിലെ പഠനം അമിതമായ പണച്ചെലവുംകൊണ്ട് താങ്ങാന്‍ കഴിയാത്തതാണെന്ന് അനുഭവം പഠിപ്പിക്കുന്നു. ഇത് ദരിദ്ര ദളിത് വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസരംഗത്തുനിന്ന് ആട്ടിയകറ്റാനേ സഹായിക്കൂ എന്ന കാര്യത്തില്‍ സംശയമില്ല. പ്രാദേശിക ആവശ്യങ്ങള്‍ പരിഗണിച്ചു വേണം കോളജുകള്‍ ആരംഭിക്കേണ്ടതെന്ന് നേരത്തേ രാധാകൃഷ്ണന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ദേശീയ തലത്തില്‍ പഠനനേട്ടങ്ങളെ ഗ്രേഡിങ്ങ് നടത്തുന്ന സാഹചര്യം വന്നാല്‍ അത് ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ സൗകര്യങ്ങളെ സാരമായി ബാധിക്കും. അവിടങ്ങളിലെ സ്ഥാപനങ്ങളുടെ അംഗീകാരം തന്നെ നഷ്ടപ്പെടാം. സ്വന്തമായി പാഠ്യപദ്ധതിയുണ്ടാക്കല്‍, വിലയിരുത്തല്‍, സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ എന്നിവയില്‍ സ്വകാര്യ-സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുക വഴി സമ്പന്ന വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം വിലയ്ക്കു വാങ്ങാന്‍ കഴിയുന്ന അവസ്ഥ സംജാതമാകുമെന്ന് വിദ്യാഭ്യാസ വിചക്ഷണര്‍ ഭയപ്പെടുന്നു. അക്കാദമിക് മേഖലയിലെ താക്കോല്‍ സ്ഥാനങ്ങളില്‍ സംഘപരിവാര ശക്തികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവരെ തിരുകി കയറ്റുന്നതിനുള്ള ശ്രമങ്ങള്‍ ഭരണത്തിലേറിയതു മുതല്‍ ആരംഭിച്ചതാണ്. ഉന്നതവിദ്യാഭ്യാസരംഗത്ത് കൂടി അത് സമ്പൂര്‍ണമായി നടപ്പാക്കാനുള്ള ദൗത്യം ഈ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അവര്‍ക്ക് ലഭിക്കുന്നു. ഏതായാലും ഉന്നത വിദ്യാഭ്യാസരംഗത്ത് മോഡി സര്‍ക്കാര്‍ നടത്തുന്ന ഓരോ ചുവടുവെപ്പും അതിന്റെ ഉന്നമനത്തിനല്ല, മറിച്ച് സര്‍വ്വനാശത്തിലേക്കാണ് നയിക്കുക.