Monday
18 Feb 2019

ട്രംപ് മാനസികരോഗി?

By: Web Desk | Wednesday 11 July 2018 10:07 PM IST

കെ രംഗനാഥ്
ദുബായ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത മാനസിക രോഗിയാണെന്ന വെളിപ്പെടുത്തലില്‍ ലോകമെമ്പാടുമുള്ള നയതന്ത്രവൃത്തങ്ങള്‍ക്കും സുരക്ഷാവിദഗ്ധര്‍ക്കും ആശങ്ക.
ലോകത്തെ മുഴുവന്‍ ഭസ്മമാക്കാന്‍ പോന്ന അണുവായുധക്കലവറയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ കൂടിയായ ട്രംപിനെ യുഎസ് ഭരണഘടനയുടെ ഇരുപത്തഞ്ചാം ഭേദഗതി വഴി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റണമെന്നുവരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. പാരനോയ, സാഡിസം എന്നീ മാനസികരോഗലക്ഷണങ്ങള്‍ അദ്ദേഹം കാണിച്ചുതുടങ്ങിയിരിക്കുന്നുവെന്നാണ് യുഎസില്‍ യേല്‍ സര്‍വകലാശാല സ്‌കൂള്‍ ഓഫ് മെഡിസിനിലെ മുന്‍ ഫോറന്‍സിക് സൈക്കിയാട്രി പ്രൊഫസറും ലോകാരോഗ്യ സംഘടനയുടെ മാനസികാരോഗ്യ വിഭാഗം മേധാവിയുമായ ബാന്‍ഡി എസ് ലീയുടെ വെളിപ്പെടുത്തല്‍. ‘വാഷിങ്ടണ്‍ പോസ്റ്റ്’ പത്രം നടത്തിയ പഠനത്തിലും ഇത് സ്ഥിരീകരിച്ചു. മാനസികരോഗത്തിന്റെ അത്യന്തം ആപല്‍ക്കരമായ ലക്ഷണങ്ങള്‍ കാട്ടുന്ന ട്രംപ് ഭൂഗോളത്തിന്റെ നിലനില്‍പിനു തന്നെ കടുത്ത ഭീഷണിയായതിനാല്‍ പ്രസിഡന്റിനെ പുറത്താക്കാനുള്ള അടിയന്തരവഴികള്‍ തേടണമെന്ന് ബാന്‍ഡിലിയും കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ സുസ്ഥിര വികസന കേന്ദ്രം ഡയറക്ടര്‍ ജെഫ്‌റി സാഷസും ചേര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലേതടക്കം ലോകത്തെ പ്രമുഖ പത്രങ്ങളിലെല്ലാം എഴുതിയ ലേഖനങ്ങളില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലേതടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ മാനസികരോഗിയായ ട്രംപിനെതിരായ ട്രോളുകളുടെ വന്‍തരംഗം.
യാഥാര്‍ഥ്യങ്ങളില്‍ നിന്ന് അകന്നുമാറി ഇല്ലാത്ത ഭീഷണികളെച്ചൊല്ലി വിഭ്രാന്തികളിലേയ്ക്ക് വഴുതിവീഴുകയും മനോനില തെറ്റി അസത്യങ്ങള്‍ വിളിച്ചുകൂവുകയും ചെയ്യുന്ന അവസ്ഥയാണ് പാരനോയിയ. സാങ്കല്‍പികമായ ഭീഷണികളെ എതിര്‍ക്കുന്ന പാരനോയിയ രോഗിക്ക് ചേര്‍ന്ന ലക്ഷണങ്ങള്‍ ഓരോ ദിവസം ചെല്ലുന്തോറും പുറത്തുവന്നുകൊണ്ടിരിക്കുന്നുവെന്നാണ് ട്രംപിന്റെ മാനസികാവസ്ഥയെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ ഓര്‍മിപ്പിക്കുന്നത്. മറ്റുള്ളവരെ വേദനിപ്പിച്ച് ആ വേദന കണ്ട് ആനന്ദിക്കുന്ന ഒരു ലക്ഷണമൊത്ത സാഡിസ്റ്റാണ് വൈറ്റ്ഹൗസിലിരുന്ന് രാജ്യത്തെ നിയന്ത്രിക്കുന്നുവെന്നതിന് ഉദാഹരണമാണ് മെക്‌സിക്കന്‍ അഭയാര്‍ഥികളുടെ കുട്ടികളെ അവരുടെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിയിച്ച് താമസിപ്പിക്കാനുള്ള ട്രംപിന്റെ ഉത്തരവ്. ആഗോളവ്യാപകമായി ഇതിനെതിരെ പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് ഈ തീരുമാനം ട്രംപ് പിന്‍വലിച്ചിട്ടുണ്ട്.
‘വാഷണങ്ടണ്‍ പോസ്റ്റ്’ നടത്തിയ പഠനത്തില്‍ ട്രംപ് യുഎസ് പ്രസിഡന്റ് പദവിയിലെത്തിയ ശേഷം ഇതുവരെ 3000ല്‍ പരം വ്യാജപ്രസ്താവനകളാണ് നടത്തിയതെന്ന് കണ്ടെത്തി. ഈയടുത്ത ദിവസം നടന്ന ഒരു മണിക്കൂര്‍ നീണ്ട റാലിയില്‍ ട്രംപ് വിളമ്പിയത് 29 പച്ചക്കള്ളങ്ങളാണെന്നും ‘പോസ്റ്റി’ന്റെ ഗവേഷണത്തിലുണ്ട്. വിഭ്രാമകാവസ്ഥയില്‍ മാനസികനില തെറ്റി അസത്യങ്ങള്‍ വാരിച്ചൊരിയുന്ന ഇത്തരം ഒരു പ്രസിഡന്റ് യുഎസ് ചരിത്രത്തില്‍ ഇതാദ്യമാണെന്നും മാനസികരോഗവിദഗ്ധരും നയതന്ത്ര നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ധീരവും യുക്തിഭദ്രവുമാണ് ട്രംപിന്റെ നിഗമനങ്ങള്‍ എന്ന് അദ്ദേഹത്തിന്റെ വൈതാളികസംഘം മാത്രമേ പറയാറുള്ളൂ.
പ്രസിഡന്റ് ട്രംപിന്റെ സഹപ്രവര്‍ത്തകരും സഹായികളുമായെത്തിയവര്‍ ഒന്നൊന്നായി രാജിവച്ചു പുറത്തുപോകുന്നത് മാനസികരോഗിയോടൊപ്പം പ്രവര്‍ത്തിക്കാനാവാത്തതുകൊണ്ടാണെന്ന അഭിപ്രായവും ശക്തമാവുന്നു. ഇടയ്ക്കിടെ ട്രംപ് തന്റെ സഹായികളെ പുറത്താക്കുന്നത് അവരെല്ലാം തന്റെ ശത്രുക്കളാണെന്ന വിഭ്രാമക മാനസികാവസ്ഥയായ പാരനോയമൂലമാണെന്നും മാനസികരോഗവിദഗ്ധര്‍ പറയുന്നു.

Related News