നമുക്കുവേണോ ഇങ്ങനെയും മാട്രിമോണികള്‍

Web Desk
Posted on August 10, 2018, 5:03 pm

പൂവറ്റൂര്‍ ബാഹുലേയന്‍

ജാതിയും മതവും ഇല്ലാത്തവര്‍ക്കുവേണ്ടിയുള്ള ഒരു മാട്രിമോണി ഉണ്ടാവുമോ? അങ്ങനെ ഒരു മാട്രിമോണിയെക്കുറിച്ച് ചിന്തിക്കുന്നതുതന്നെ വെറും ദിവാസ്വപ്‌നമെന്ന് ചിന്തിക്കുന്നവരായിരിക്കും ബഹുഭൂരിപക്ഷവും. അതില്‍ ഒരു തെറ്റും പറയാനൊക്കില്ല. കാരണം, അതാണ് സത്യം. രണ്ടുമൂന്ന് ദശാബ്ദം മുമ്പായിരുന്നെങ്കില്‍ അങ്ങനെയൊക്കെ ഒരുപക്ഷെ ചിന്തിക്കാമായിരുന്നു. ജാതിക്കും മതത്തിനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ ചിന്താഗതി അക്കാലത്ത് ശക്തമായിരുന്നു. ഇതിനെയൊക്കെ എതിര്‍ക്കേണ്ടതാണെന്ന ധാരണകളും വീക്ഷണങ്ങളും പുലര്‍ത്തിയിരുന്ന പുരോഗമന ചിന്താഗതി അക്കാലത്ത് ശക്തമായിരുന്നു. പ്രതേ്യകിച്ചും ജാതിമത ഭ്രാന്തൊക്കെ വളരെ മോശമെന്നു കരുതുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന ചെറുപ്പക്കാര്‍ ഏറെയായിരുന്നു. അന്നത്തെ പുതുതലമുറ ചെറുപ്പക്കാരുടെ ആധുനികതയും വീക്ഷണവും അതായിരുന്നു.

എന്നും കാലം മാറുന്നു. മാറ്റങ്ങള്‍ ഉണ്ടായിരുന്നു. അതിനെയാണല്ലൊ പുരോഗതി എന്നു പറയുന്നത്. ഇന്നും കാലം മാറുന്നു. മാറ്റങ്ങളും ഉണ്ടാവുന്നു. പക്ഷെ, ഇതിനെ പുരോഗതി എന്നു പറയാനാവുമോ? ജാതിമത വൈകൃതങ്ങളുടെ പഴയകാലത്തേയും നാണിപ്പിക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യന്‍ സമൂഹം മാറുമ്പോള്‍ എവിടെയാണ് പുരോഗതി? ഇന്ത്യയുടെ സാമൂഹികമായ ദുരവസ്ഥ തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. അന്ധവിശ്വാസ, അനാചാരങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളും സമരങ്ങളും വളര്‍ന്നുവന്ന് പുരോഗമന ചിന്താഗതിയുടെ പുതിയ ചരിത്രമെഴുതിയ നമ്മുടെ കേരള നാട്ടില്‍ ജാതി-മത-വര്‍ഗീയ അനാചാര വളര്‍ച്ചയുടെ ഒരു സൂചകമല്ലെ ജാതിയും മതവും തിരിച്ച് വളര്‍ന്നുവരുന്ന മാട്രിമോണികള്‍?
ക്രിസ്റ്റ്യന്‍ മാട്രിമോണി, നായര്‍ മാട്രിമോണി, ഈഴവ മാട്രിമോണി അങ്ങനെ ഇനംതിരിച്ച് വിവാഹ ഏജന്‍സി കമ്പോളം വളരുന്നു. കച്ചവട സാധ്യത കണക്കിലെടുത്തു തന്നെയാവാം ഇങ്ങനെ മാട്രിമോണികള്‍ വളരുന്നത്. അല്ലാതെ ജാതിയും മതവുമില്ലാത്തവര്‍ക്കുവേണ്ടി ഒരു മാട്രിമോണി തുടങ്ങിയാല്‍ എന്തായിരിക്കും അവസ്ഥ? എല്ലാ മതങ്ങളുടേയും ഏറ്റവും നല്ല സാരോപദേശങ്ങള്‍ കൂട്ടിയോജിപ്പിച്ച് മഹാനായ അക്ബര്‍ ചക്രവര്‍ത്തി ഒരു മതം (ദിന്‍ ഇലാഹി) ഉണ്ടാക്കിയ പോലെയാവും അത്. എല്ലാ മതങ്ങളിലുമുള്ള നല്ലവരായ ഒട്ടേറെപേര്‍ ഇതില്‍ ആകൃഷ്ടരാവും എന്ന് അദ്ദേഹം പ്രതീക്ഷിച്ചപ്പോള്‍ ആ മഹാസാമ്രാജ്യത്തില്‍ നിന്നും ആ പുതിയ മതത്തില്‍ ചേര്‍ന്നത് വെറും എണ്‍പത് പേര്‍ മാത്രമായിരുന്നു. ഇന്നായിരുന്നു ഒരു ഭരണാധികാരി ഇത്തരം ഒരു സംരംഭത്തിനു തുനിഞ്ഞതെങ്കില്‍ എന്തായിരിക്കും പരിണിതഫലം എന്നു പറയാനാവില്ല. വിപരീതഫലമെങ്കില്‍ ഒരുപക്ഷെ ജനം വിവരമറിഞ്ഞേനെ. പക്ഷെ, അങ്ങനെ ചിന്തിക്കേണ്ടതില്ലല്ലോ. കാരണം, അക്ബറുടെ വിശാലമനസ്‌കത ഇക്കാലത്ത് നാം പ്രതീക്ഷിക്കുന്നതുതന്നെ വിഡ്ഢിത്തം.
ജാതി, മതങ്ങള്‍ക്കതീതമായ ഒരു മാട്രിമോണി ഏതെങ്കിലും കാലത്ത് വരുമെന്നുള്ള പ്രതീക്ഷകളെ അനതിവിദൂര സാധ്യതകളിലേക്ക് തള്ളിക്കളയുന്ന വര്‍ത്തമാനകാലത്ത് ഇങ്ങനെയും ഇനംതിരിച്ച് മാട്രിമോണിയലുകള്‍ നമുക്ക് വേണോ എന്ന് ഒരു മറുചിന്തയെങ്കിലും ആയിക്കൂടേ? ജാതികള്‍ തരംതിരിച്ചുള്ള ഇത്തരം വിവാഹ ഏജന്‍സികള്‍ പിന്നോട്ടുപായുന്ന നമ്മുടെ സമൂഹമനസിന്റെ വേഗം കൂട്ടുന്നു. കൂടുതല്‍ ബിസിനസ് നേടിയെടുക്കാന്‍ ഇത് ഏജന്‍സികളെ സഹായിക്കുന്നുണ്ടാവാം. വിവാഹവും മറ്റ് ചടങ്ങുകളും ആഘോഷങ്ങളുമെല്ലാം ഇന്ന് ബിസിനസിന്റെ ഭാഗമാണല്ലോ. വിവാഹത്തെയും കവച്ചുവയ്ക്കുന്ന ചടങ്ങായി വിവാഹനിശ്ചയങ്ങള്‍ ഇന്നു മാറിക്കൊണ്ടിരിക്കുന്നു. പണവും സ്വര്‍ണവും മറ്റ് സമ്പത്തുമൊക്കെയാണ് ബന്ധങ്ങള്‍ തീരുമാനിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍. മതവും ജാതിയും നോക്കിയാവണം ബന്ധങ്ങളെപ്പറ്റി ചിന്തിക്കാന്‍. എങ്കില്‍ മാത്രമേ സമൂഹത്തിന്റെയും ബന്ധുക്കളുടെയും കരുതലും സംരക്ഷണവും ലഭിക്കു. ഇങ്ങനെയുള്ള ഡീലുകള്‍ അഥവാ ഇടപാടുകളോ ഏര്‍പ്പാടുകളോ ഉണ്ടാവുമ്പോഴാണ് ചടങ്ങുകളും ആഘോഷങ്ങളും അനിവാര്യമാവുന്നത്. അതിനനുസരിച്ച് അനുബന്ധ കച്ചവടങ്ങളും കൊഴുക്കും.
വിവാഹക്കമ്പോളത്തില്‍ പെണ്ണും ചെറുക്കനും തമ്മിലുള്ള ഇഷ്ടത്തിനും മാനസികപ്പൊരുത്തത്തിനും വലിയ സ്ഥാനമില്ല. ബന്ധനക്കരാറിലെ പ്രഥമ പരിഗണന ജാതിയും കുലവും കഴിഞ്ഞാല്‍ പണത്തിനും പ്രൗഢിക്കുമാണ്. രാശിപ്പൊരുത്തങ്ങളോടൊപ്പം ഉദേ്യാഗവും സ്വര്‍ണത്തൂക്കവും ത്രാസിലേറ്റും. പത്ത് ഗണവും ഗുണവും ഒത്തുചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത എത്രയോ ബന്ധങ്ങള്‍ കെട്ടഴിഞ്ഞുപോവുന്നതൊന്നും പ്രശ്‌നമല്ല. അരക്ഷിതബന്ധങ്ങളുടെയും ദാമ്പത്യപ്രശ്‌നസങ്കീര്‍ണതകളുടെയും വേര്‍പെടലുകളുടെയും കണക്കെടുത്താല്‍ ഇതില്‍ പൊരുത്തങ്ങള്‍ നോക്കാത്തതായി എത്ര ബന്ധങ്ങള്‍ കാണും? ഒരു സമൂഹവും അത് അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല. അതേസമയം ജാതിയും മതവും നോക്കാതെ പരസ്പരം ഇഷ്ടപ്പെട്ട് പ്രതിബന്ധങ്ങളെ അതിജീവിച്ച് ഐക്യപ്പെടുന്ന ബന്ധങ്ങളിലെ ചെറിയ വിള്ളലുകള്‍ പോലും അതീവസൂക്ഷ്മതയോടെ സമൂഹംനോക്കിക്കാണുന്നു. നോക്കിക്കാണുക മാത്രമല്ല, പര്‍വതീകരിച്ച് ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ദമ്പതികള്‍ക്കോ കുട്ടികള്‍ക്കോ എന്തിന് ബന്ധുക്കള്‍ക്കുപോലുമോ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ മത, ജാതി, രാശി, ഗണപ്പൊരുത്തങ്ങളെ ധിക്കരിച്ചതിന്റെ ദോഷഫലമെന്ന് മുദ്രകുത്തുന്നു. ഈ അബദ്ധജടിലതകളെ കൂസാതെ ജീവിതം നയിക്കുന്നവരെപറ്റി ഒരു നല്ലവാക്കും മിണ്ടുകയുമില്ല.
ജാതി, മത മാട്രിമോണിയലുകളും അനാവശ്യ ചടങ്ങുകളും ആചാരങ്ങളും സജീവമാകുമ്പോള്‍ സ്വതന്ത്രവും സമത്വാധിഷ്ഠിതവും പുരോഗമനപരവുമായ ചിന്ത സമൂഹ മനസില്‍ നിന്നും അകലുന്നു. ഫലത്തില്‍ ഇത് മാനവികമൂല്യങ്ങളുടെ ശോഷണത്തിലാണ് ചെല്ലുന്നത്. ആണും പെണ്ണും തമ്മിലുള്ള ഇഷ്ടവും പ്രണയവും വിവാഹവും ജീവിതവുമൊക്കെ ജാതിവെറികള്‍ വിരിച്ചിട്ട വരമ്പുകള്‍ക്കപ്പുറമാണ്. സ്വാഭാവികമായും അവിടെ ജയവും പരാജയവും കാണാം. ചേരലും പിരിയലും ഉണ്ടാവാം. പക്ഷെ, അതൊക്കെ ഡീലുകളില്‍ ഉറപ്പിച്ച ബന്ധങ്ങളിലെ വീര്‍പ്പുമുട്ടലുകളേക്കാളും കുഴപ്പങ്ങളേക്കാളും കുറവും വ്യത്യസ്തവുമായിരിക്കും.
സൗഹൃദങ്ങളുടെയും ലാളിത്യത്തിന്റെയും അന്തരീക്ഷത്തിലുപരി കച്ചവട മനസുകള്‍ക്ക് വേണ്ടത് ആര്‍ഭാട, ആഘോഷ ചടങ്ങുകള്‍, കുറിക്കുന്ന ഡീലുകളാണ്. അവരുടെ ഇംഗിതങ്ങള്‍ക്കൊത്ത് വേഷമണിയുന്ന ഒരു സമൂഹമാണ് എന്നും നമുക്കുള്ളത്. അത്രയ്‌ക്കൊന്നും നമുക്ക് പരിചിതമല്ലാതിരുന്ന അക്ഷയ തൃതീയയൊക്കെ എത്രപെട്ടെന്നാണ് നമ്മുടെ സമൂഹത്തില്‍ തരംഗമായത്. അക്ഷയതൃതീയ ദിവസം സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യവും ഭാഗ്യവും കൂടെപോരുമെന്നു വിശ്വസിച്ച് വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. അവിടെയും നില്‍ക്കുന്നില്ല, ഇപ്പോള്‍ വന്നുവന്ന് ഏതാണ്ട് അന്നു സ്വര്‍ണം വാങ്ങിയില്ലെങ്കില്‍ ദോഷം കിട്ടുമെന്ന രീതിയിലെത്തിക്കാന്‍ നമ്മുടെ സ്വര്‍ണക്കച്ചവട പബ്ലിക് റിലേഷന്‍സിനു കഴിയുന്നു. ഓണം പൊടിപൂരമാക്കാന്‍ ബിഗ് ഓഫര്‍ കച്ചവടക്കാരെപോലെ ജാത്യാദി മാട്രിമോണിയലുകാരും ഇനി പുത്തന്‍ ഓഫറുകള്‍ കൊണ്ടുവന്നേക്കാം.
പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും എത്ര പോരാട്ടങ്ങള്‍ നടത്തിയാണ് നമ്മുടെ സമൂഹത്തില്‍ വന്‍മാറ്റങ്ങള്‍ സൃഷ്ടിച്ചത്. ഇതൊക്കെ വരുംതലമുറയ്ക്ക് പകരുന്നതിനുപകരം ജാതി, മതചിന്തകളുടെ പുതിയ വേരുകള്‍ തുന്നിപ്പിടിപ്പിക്കണോ?