Monday
22 Apr 2019

ഇസ്‌കഫ് സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങും: സംഘര്‍ഷമല്ല, സമാധാനമാണ് സത്യം

By: Web Desk | Friday 9 November 2018 10:25 PM IST


ഷാജി ഇടപ്പള്ളി

ആഗോള സൗഹൃദത്തിന് സംഘര്‍ഷമല്ല സമാധാനമാണ് സത്യമെന്ന സന്ദേശവുമായി ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ് ഫ്രണ്ട്ഷിപ്പി (ഇസ്‌കഫ്) ന്റെ 22-ാമത് ദേശീയസമ്മേളനത്തിന്റെ മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം നവംബര്‍ 10, 11 തീയതികളില്‍ അക്ഷരനഗരിയായ കോട്ടയത്ത് നടക്കുകയാണ്. ആഗോള സൗഹൃദം ശക്തിപ്പെടുത്തേണ്ട ഒരു കാലഘട്ടമാണിത്. ലാഭം മാത്രം ആഗ്രഹിക്കുന്ന മൂലധന ശക്തികളുടെ നയങ്ങളും തീരുമാനങ്ങളും മാനുഷിക മൂല്യങ്ങള്‍ പോലും തകര്‍ക്കുന്നതാണെന്നുള്ള തിരിച്ചറിവ് സമൂഹത്തില്‍ ശക്തിപ്പെടേണ്ടതുണ്ട്. ഏക ലോക ക്രമമെന്ന ചിന്തകള്‍ മൂലം വിവിധ തലങ്ങളില്‍ സമീപ കാലഘട്ടത്തില്‍ ഉടലെടുത്തിട്ടുള്ള പുതിയ സംഭവ വികാസങ്ങള്‍ ഗൗരവപൂര്‍വം വീക്ഷിക്കുമ്പോള്‍ ലോകജനതയുടെ ജീവിതക്രമങ്ങള്‍ക്കും രാഷ്ട്രങ്ങളുടെ നിലനില്‍പിനും സുരക്ഷക്കും വികസന മുന്നേറ്റങ്ങള്‍ക്കും സോവിയറ്റ് ചേരിയുടെ അഭാവം വേണ്ടുവോളമുണ്ടെന്ന് ബോധ്യപ്പെടുത്തുന്നുമുണ്ട്. കലാപരവും സാംസ്‌കാരികവുമായ ആശയ കൈമാറ്റങ്ങളും രാജ്യങ്ങളും ജനതയും തമ്മിലുള്ള സൗഹൃദങ്ങള്‍ ശക്തിപ്പെടുത്തുന്ന പ്രക്രിയയും കാലങ്ങളായി സജീവമല്ലെന്നുള്ളതും എടുത്തുപറയാതിരിക്കാനാവില്ല.
അന്താരാഷ്ട്ര സമൂഹത്തെ ബാധിക്കുന്ന ഭീഷണികളും വെല്ലുവിളികളും അതിനെ അതിജീവിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍, നീതിയുക്തവും ജനാധിപത്യപരവുമായിട്ടുള്ള ഇടപെടലുകള്‍, പരസ്പര വിശ്വാസവും പ്രയോജനവും, സമത്വവും സഹകരണവും, അന്താരാഷ്ട്ര നിയമങ്ങളോടുള്ള ശക്തമായ പ്രതിബദ്ധതയും അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും മനുഷ്യാവകാശങ്ങളും കാത്തു സൂക്ഷിക്കുന്നതിലും ഐക്യരാഷ്ട്രസഭക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പുലര്‍ത്തുക. സമാധാനത്തിനുള്ള ഭീഷണികള്‍ തടയുകയും ദൂരീകരിക്കുകയും ചെയ്യുക. അക്രമ നടപടികളും മറ്റ് സമാധാന ലംഘനങ്ങളും അമര്‍ച്ച ചെയ്യുക. അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ നീതിയും നിയമങ്ങളും ഉപയോഗിച്ച് പരിഹരിക്കുക. എല്ലാ രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ സൗഹൃദ ബന്ധങ്ങള്‍ ഉണ്ടാക്കി അന്താരാഷ്ട്ര സാഹോദര്യം വളര്‍ത്തിയെടുക്കുക. അന്താരാഷ്ട്ര സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുക. വംശം, ലിംഗം, ഭാഷ, പ്രദേശം എന്നീ വ്യത്യാസങ്ങള്‍ക്കതീതമായി എല്ലാവരുടെയും സ്വാതന്ത്ര്യത്തെയും അടിസ്ഥാന മനുഷ്യാവകാശങ്ങളെയും പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുക. ഈ പൊതുലക്ഷ്യങ്ങള്‍ നേടുന്നതിലേക്ക് രാജ്യങ്ങളുടെ നടപടികള്‍ സമന്വയിപ്പിക്കുന്നതിനുള്ള കേന്ദ്രമായി വര്‍ത്തിക്കേണ്ട ഐക്യ രാഷ്ട്ര സഭയുടെ ശരിയായ ഇടപെടല്‍ ഇപ്പോള്‍ ഉണ്ടാകുന്നുമില്ല. ഈ സന്ദര്‍ഭത്തില്‍ സാംസ്‌കാരിക ഐക്യത്തിനും സഹകരണത്തിനും സമാധാനത്തിനും വേണ്ടിയുള്ള ശക്തമായ ഇടപെടലുകളും വേദികളും രൂപപ്പെടുത്തുകയെന്ന ചര്‍ച്ചകളാവും ഇസ്‌കഫ് സമ്മേളനത്തില്‍ പ്രധാനമായും നടക്കുക. ഭരണഘടനയെ ദുര്‍ബലപ്പെടുത്താനും ജനാധിപത്യത്തെ തകര്‍ക്കാനുമാണ് ബി ജെ പിയും സംഘപരിവാറും ശ്രമിക്കുന്നത്. ദേശീയവും പ്രാദേശികവും വിശ്വാസപരവുമായ വിഷയങ്ങള്‍ സൃഷ്ടിച്ച് നടത്തുന്ന വര്‍ഗീയമായ ചേരിതിരിവുകളും കലാപങ്ങളും മതനിരപേക്ഷതയെ ഇല്ലായ്മ ചെയ്യാനുള്ള കുടില തന്ത്രങ്ങളും ഗൗരവമായി കാണേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കേണ്ടതും ജനാധിപത്യത്തെ സംരക്ഷിക്കേണ്ടതും നാടിന്റെ ഐക്യത്തിന് ആവശ്യമാണ്. ഇസ്‌കഫ് അതിനുള്ള കൂട്ടായ്മകള്‍ക്കാണ് ലക്ഷ്യമിടുന്നത്.
ഭീകരവാദത്തെയും വര്‍ഗീയതയെയും ആശയപരമായി ശക്തമായി നേരിട്ടാല്‍ മാത്രമേ സമാധാനവും സൗഹൃദവും നിലനിര്‍ത്താനാവുകയുള്ളു. ജനാധിപത്യ ഭരണകൂടങ്ങള്‍ ഇച്ഛാശക്തിയോടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഇസ്‌കഫ് ആവശ്യപ്പെടുന്നത്.
സാമ്രാജ്യത്വത്തിനെതിരായ വികാരവും ദേശീയ സ്വാതന്ത്ര്യമെന്ന ലക്ഷ്യവുമാണ് ഫ്രണ്ട് ഓഫ് സോവിയറ്റ് യൂണിയന്‍ (എഫ് എസ് യു ) എന്ന സംഘടനയുടെ പിറവിക്ക് കാരണമായത്. 1941 ജൂണ്‍ 22 ന് ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് സേന സോവിയറ്റ് യൂണിയനെ അക്രമിച്ചതോടെയാണ് പുരോഗമന വീക്ഷണമുള്ളവരും ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്നവരും ഒത്തുകൂടി മഹാകവി രവീന്ദ്രനാഥ ടാഗോര്‍ രക്ഷാധികാരിയും സ്വാമി വിവേകാനന്ദന്റെ ഇളയ സഹോദരന്‍ ഭൂപീന്ദര്‍നാഥ ദത്ത് അധ്യക്ഷനായും പ്രൊഫ. ഹിരന്‍ മുഖര്‍ജി, എസ് കെ ആചാര്യ എന്നിവര്‍ സെക്രട്ടറിയുമായിട്ടാണ് ഇസ്‌കഫിന്റെ ആദ്യ രൂപമായ എഫ്എസ്‌യു പ്രവര്‍ത്തനമാരംഭിച്ചത്. ഫാസിസത്തിന്മേല്‍ സോവിയറ്റ് യൂണിയന്‍ കൈവരിച്ച വിജയത്തെ എഫ്എസ്‌യുവും രാജ്യത്തെ ദേശാഭിമാനികളും ഏറെ ആവേശത്തോടെയാണ് നെഞ്ചേറ്റിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ദിക്കുശേഷം ഇന്ത്യ-സോവിയറ്റ് സൗഹൃദത്തിന് ജവഹര്‍ലാല്‍ നെഹ്‌റു കൂടുതല്‍ ഊന്നല്‍ നല്‍കി. അങ്ങിനെയാണ് 1952 മാര്‍ച്ച് 14 ന് ഇന്‍ഡോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റി (ഇസ്‌കസ് ) ആയി ഈ സംഘടന മാറിയത്. മുംബൈയില്‍ വച്ച് നടത്തിയ ആദ്യ സാംസ്‌കാരികോത്സവം ചരിത്രത്തിലെ വലിയ സാംസ്‌കാരികോത്സവമായി ഇടംപിടിച്ചു. ഡോ. ബാലിഗ, കെപിഎസ് മേനോന്‍, ഐ കെ ഗുജ്‌റാള്‍, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഉള്‍പ്പടെയുള്ളവര്‍ ഇതോടെ ഇസ്‌കസിന്റെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ന്നു. കേരളത്തിലെ ചുമതല വഹിച്ചത് സി അച്യുതമേനോനും ശര്‍മ്മാജിയുമായിരുന്നു. സോവിയറ്റ് യൂണിയന്റെ പതനം ഈ സംഘടനയുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. പിന്നീട് ആഗോള സൗഹൃദത്തിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തനമേഖല വിപുലപ്പെടുത്താന്‍ 1993 ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ചണ്ഡീഗഢില്‍ നടന്ന പതിനഞ്ചാമത് ദേശീയസമ്മേളനം തീരുമാനിച്ചു. അതോടെ ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ കോ -ഓപ്പറേഷന്‍ ആന്‍ഡ് ഫ്രണ്ട്ഷിപ്പ് (ഇസ്‌കഫ് ) എന്ന് നാമകരണവും നടത്തി. വിവിധ രാജ്യങ്ങളുമായി സാംസ്‌കാരിക, സൗഹൃദ ആശയവിനിമയങ്ങള്‍ നടത്തി പരസ്പരം പ്രതിനിധി സംഘങ്ങള്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനും പൊതുവിഷയങ്ങളില്‍ സമാധാനപരമായ കാഴ്ചപ്പാട് അവതരിപ്പിക്കാനും ഇസ്‌കഫ് പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വര്‍ഗീയതയ്ക്കും ഭീകരവാദത്തിനുമെതിരായി കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ നടത്തേണ്ട സാഹചര്യത്തിലാണ് ഡിസംബര്‍ 22, 23, 24 തീയതികളില്‍ കോയമ്പത്തൂരില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന സമ്മേളനം നടക്കുന്നത്. വര്‍ത്തമാനകാലത്തിന്റെ വെല്ലുവിളികളെ പ്രതിരോധിക്കാന്‍ സമ്മേളനം പ്രചോദനമേകും.

( ലേഖകന്‍ ഇസ്‌കഫ്
സംസ്ഥാന സെക്രട്ടറിയാണ് )