കാശ്‌മീരിൽ ആദ്യ പ്രവിശ്യ സ്ഥാപിച്ചെന്ന് ഐഎസ് ഭീകരസംഘടന

Web Desk
Posted on May 12, 2019, 11:50 am

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തങ്ങളുടെ സ്ഥാപനത്തിന്റെ ആദ്യ പ്രവിശ്യ സ്ഥാപിച്ചെന്ന അവകാശവാദവുമായി ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് രംഗത്ത് . ജമ്മു കാഷ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്.

ഐഎസ് വാര്‍ത്താ ഏജന്‍സിയായ അമാഖ് ആണ് വെള്ളിയാഴ്ച ഈ അവകാശവാദം ഉന്നയിച്ചത്. ഇന്ത്യയില്‍ ‘വിലയാ ഓഫ് ഹിന്ദ്’ എന്ന പേരില്‍ സ്വന്തം പ്രവിശ്യ സ്ഥാപിച്ചതായി ഐഎസ് അറിയിച്ചു.’ വിലയാ ഓഫ് ഹിന്ദ് എന്നാല്‍ ഹിന്ദ്’ പ്രവിശ്യ എന്നാണ് അര്‍ഥം. കാഷ്മീരിലാണ് ഈ പ്രവിശ്യയെന്നും സൂചനയുണ്ട്. ഷോപ്പിയാനിലെ അംശിപോറയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യത്തിനു വന്‍ നഷ്ടമുണ്ടാക്കിയെന്നും ഐഎസ് അവകാശപ്പെട്ടു. ശ്രീലങ്കയില്‍ കൊളംബോയിലെ ഈസ്റ്റര്‍ ദിനത്തില്‍ 253 പേര്‍ കൊല്ലപ്പെട്ട ചാവേര്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.

ഇസ്ലാമിക് സ്‌റ്റേറ്റിന് ഇനിയും നിയന്ത്രണം സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ലാത്ത ഇന്ത്യയില്‍ പ്രവിശ്യ സ്ഥാപിച്ചെന്ന് അവകാശപ്പെടുന്നത് അസംബന്ധമാണെങ്കിലും അതു പൂര്‍ണമായും എഴുതിത്തള്ളാനാവില്ലെന്ന് ഇസ്ലാമിക ഭീകരരെ നിരീക്ഷിക്കുന്ന അമേരിക്കന്‍ സ്ഥാപനമായ സൈറ്റ് ഇന്റല്‍ ഗ്രൂപ്പ് മേധാവി റിറ്റ കാട്‌സിന്റെ വിലയിരുത്തല്‍.

https://youtu.be/ySmkXcRrBCg