ഐസ് ഭീകരർ കേരളത്തിലെത്തിയിരുന്നു: കൊച്ചിയിൽ ജാഗ്രത

Web Desk
Posted on April 30, 2019, 8:48 am

കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനപരമ്ബരയുടെ സൂത്രധാരകരില്‍ ചിലര്‍ കേരളം സന്ദര്‍ശിച്ചിരുന്നതായി സൂചന.സ്‌ഫോടനത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന സഹ്‌റാന്‍ ഹാഷിം 2016 ന് ശേഷം രണ്ട് തവണകേരളത്തില്‍ തങ്ങിയതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ അന്വേഷണം ആരംഭിച്ചു.

പിടിയിലായ റിയാസ്

                                                 പിടിയിലായ റിയാസ്

അതേസമയം ഐഎസ് ബന്ധമുണ്ടെന്നാരോപിച്ചു പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. കേരളത്തില്‍ ചാവേര്‍ സ്ഫോടന ആക്രമണത്തിനു റിയാസ് ശ്രമിച്ചിരുന്നതായി എന്‍ഐഎ പറഞ്ഞു.

കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പ് സ്വദേശിക്കും ഐഎസ് ബന്ധമുണ്ടെന്ന് എന്‍ഐഎ സംശയിക്കുന്നുണ്ട്. ഇയാളുടെ സുഹൃത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു.ശ്രീലങ്കന്‍ ആക്രമണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലും നാലുപേരെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കസ്റ്റഡിയിലായവര്‍ക്ക് ശ്രീലങ്കയിലെ ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നു കണ്ടെത്താനായിട്ടില്ലെങ്കിലും ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന ചില രഹസ്യസന്ദേശങ്ങള്‍ കോയമ്ബത്തൂരിലും കേരളത്തിലുമുള്ളവര്‍ പരസ്പരം പങ്കുവച്ചതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

കൊച്ചിയിൽ ജാഗ്രത 

ശ്രീലങ്കയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽകൊച്ചിയിൽ ജാഗ്രതാ മുന്നറിയിപ്പ്. ഫോർട്ട്   കൊച്ചിയിലെ  ഹോംസ്റ്റേകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേരളത്തില്‍ വിദേശികള്‍ കൂടുതല്‍ എത്തിച്ചേരുന്ന വിനോദ സഞ്ചാര കേന്ദ്രമായ കൊച്ചി അടക്കം വിവിധ കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. ഇതിനായി സ്‌ഫോടന വസ്തുക്കള്‍ ശേഖരിക്കാനും നിര്‍ദ്ദേശമുണ്ടായി. എന്നാല്‍ സംഘത്തിലെ ചിലരുടെ അഭിപ്രായ ഭിന്നതമൂലമാണ് സ്‌ഫോടന പദ്ധതി നടക്കാതെ പോയതെന്നും റിയാസ് എന്‍ഐഎക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. ശ്രീലങ്കന്‍ സ്‌ഫോടനവുമായി റിയാസിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സൂചന. റിയാസ്, അഹമ്മദ്, അബൂബക്കര്‍ എന്നിവര്‍ സഹ്രാന്‍ ഹാഷിമിന്റെ വീഡിയോ സന്ദേശങ്ങളും പ്രസംഗങ്ങളും ഒരുവര്‍ഷമായി നിരന്തരം വീക്ഷിക്കുകയും പിന്തുടരുകയും ചെയ്തു. ലങ്കന്‍ സ്‌ഫോടനത്തിന് ശേഷം അവ നിര്‍ത്തി. ഹാഷിമുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടോയെന്ന് പരിശോധിക്കും. കൂടുതല്‍ അന്വേഷണത്തിനായി റിയാസിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന എന്‍ഐഎയുടെ അപേക്ഷ മെയ് ആറിന് പരിഗണിക്കും. ലങ്കന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ സഹ്രാന്‍ ഹഷിം, വിവാദ മത പ്രചാരകന്‍ സാക്കീര്‍ നായിക് എന്നിവരുടെ പ്രസംഗങ്ങളും ആശയങ്ങളും ഐഎസ് അംഗമായ റിയാസ് നിരന്തരം ശ്രദ്ധിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന്് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ചൊവ്വാഴ്ച റിയാസിനെ മുഖം മറച്ചാണ് കോടതിയില്‍ ഹാജരാക്കിയത്. നാലംഗ സംഘത്തിലെ കാസര്‍കോട് സ്വദേശികളായ അഹമ്മദ് അറാഫത്ത്, അബൂബക്കര്‍, സിദ്ധിഖ് എന്നിവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. 2015 മുതല്‍ കാസര്‍കോട് നിന്നും ഐഎസിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്ത കേസില്‍ റിയാസ്, അഹമ്മദ്, അബൂബക്കര്‍ എന്നിവര്‍ 18 മുതല്‍ 20 വരെ പ്രതികളാണ്. കേസിലെ 21ാം പ്രതി കൊല്ലം സ്വദേശിയെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി. കാസര്‍കോട് നിന്നും ഐഎസില്‍ ചേര്‍ന്ന 15ല്‍ എട്ട് പേരും അഫ്ഗാനിസ്ഥാന്‍, സിറിയ എന്നിവിടങ്ങളില്‍ വച്ച് കൊല്ലപ്പെട്ടതായാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.ലങ്കന്‍ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ എന്‍ഐഎ രാജ്യ വ്യാപകമായി ഐഎസ് ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയിരുന്നു. ഞായറാഴ്ച നടത്തിയ റെയ്ഡിലാണ് പാലക്കാട് നിന്നും റിയാസിനെ കസ്റ്റഡിയിലെടുത്തത്.
അഹമ്മദിനെയും അബൂബക്കറിനെയും കൊച്ചിയില്‍ എന്‍ഐഎ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി എന്‍ഐഎ ഐജി അലോക് മിത്തലിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശ്രീലങ്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ സഹായത്തോടെയാണ് അന്വേഷണം. കസ്റ്റഡിയിലുള്ളവരുടെ മൊഴിയും ഇവരുടെ വീടുകളില്‍ നിന്നും മറ്റുമായി പിടിച്ചെടുത്ത പുസ്തകങ്ങള്‍, സി ഡി കള്‍ , മറ്റു ഡിജിറ്റല്‍ ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയെ ചുറ്റിപ്പറ്റിയും വിശദമായ അന്വേഷണം നടക്കുന്നുണ്ട്.