ഐഎസ് റിക്രൂട്ട് കേസ്: ഓച്ചിറ സ്വദേശിയുടെ വീട്ടില്‍‍ എന്‍ഐഎ റെയ്ഡ്

Web Desk
Posted on May 07, 2019, 1:58 pm

കൊല്ലം: ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഓച്ചിറ സ്വദേശി മുഹമ്മദ് ഫൈസലിന്‍റെ വീട്ടില്‍ അന്വേഷണ ഏജന്‍സികളുടെ പരിശോധന. മകന്‍ ഐഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് മുഹമ്മദ് ഫൈസലിന്‍റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ഫയര്‍ ആന്‍റ് സേഫ്റ്റി കോഴ്സ് പഠിച്ച ശേഷമാണ് ഫൈസല്‍ ഖത്തറിലെത്തിയത്.

ഓച്ചിറ വവ്വാക്കാവിലാണ് മുഹമ്മദ് ഫൈസലിന്‍റെ വീട്. ഉമ്മ ജമാനത്ത് മാത്രമാണ് ഇപ്പോള്‍ ഇവിടെ ഉള്ളത്. ഫൈസലിന്‍റെ പിതാവ് വിദേശത്താണ്.
ഫൈസലിന്‍റെ എല്‍പി വിദ്യാഭ്യാസം കളരിവാതുക്കല്‍ സ്കൂളിലായിരുന്നു. അഞ്ച് മുതല്‍ പത്ത് വരെ ജിദ്ദയില്‍ പഠിച്ചു. സ്കൂള്‍ വിഭ്യാഭ്യാസം പൂര്‍ത്തിയാക്കി തിരികെ കൊല്ലത്ത് എത്തിപെരുമണ്‍ എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന് ചേര്‍ന്നെങ്കിലും പാസായില്ല. തുടര്‍ന്നാണ് മൂന്നരമാസം മുന്‍പ് ഖത്തറിലേക്ക് പോകുന്നത്. വിദേശത്ത് പേകാനാണ് ഫയര്‍ ആന്‍റ് സേഫ്റ്റി കോഴ്സ് പഠിച്ചത്.

ഫൈസലിനെ പിന്തുടര്‍ന്ന് എന്‍ഐഎയും ഇന്‍റലിജന്‍സും കഴിഞ്ഞ നാല് ദിവസമായി ഓച്ചിറയിലുണ്ട്. പരിശോധനകള്‍ നടത്താന്‍ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് മുഹമ്മദ് ഫൈസലിന്‍റെ ഐഎസ് ബന്ധത്തെക്കുറിച്ച്‌ വീട്ടുകാര്‍ അറിയുന്നത്. ഈ വീട്ടില്‍ നിന്നും രേഖകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചില്ലെന്നാണ് അറിയുന്നത്. മടങ്ങി വരണമെന്ന് കാണിച്ച്‌ എന്‍ഐഎ മുഹമ്മദ് ഫൈസലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തെ ഈ കേസില്‍ അറസ്റ്റിലായ റിയാസ് അബൂബക്കറില്‍ നിന്നാണ് മുഹമ്മദ് ഫൈസലിന്‍റെ പങ്കിനെക്കുറിച്ച്‌ എന്‍ഐഎയ്ക്ക് വിവരം ലഭിച്ചത്.