ഇന്നെങ്കിലും കിട്ടുമോ ഒരു ജയം?

Web Desk
Posted on December 15, 2017, 8:00 am

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഇന്നലെ പരിശീലനത്തിനിറങ്ങിയപ്പോള്‍

ആര്‍ ഗോപകുമാര്‍

കൊച്ചി: ആദ്യ മൂന്ന് ഹോം മത്സരങ്ങളിലെ സമനിലയുമായി ഗോവയിലെത്തി രണ്ടിനെതിരെ അഞ്ച് ഗോളിന്റെ തിരിച്ചടി വാങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളത്തില്‍. രാത്രി എട്ടിന് നടക്കുന്ന പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍. ടൂര്‍ണമെന്റില്‍ ഇതുവരെ വിജയം നേടാന്‍ കഴിയാത്ത രണ്ട് ടീമുകളിലൊന്നാണ് ബ്ലാസ്റ്റേഴ്സ്. മഞ്ഞപ്പട ആരാധകരുടെ വിശ്വാസം കാക്കാന്‍ ഇന്ന് ടീമിന് വിജയം അനിവാര്യമാണ്. ആദ്യ രണ്ട് കളികളില്‍ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞെങ്കിലും മുംബൈ സിറ്റിക്കെതിരെ കളി കാണാന്‍ ആരാധകര്‍ കുറവായിരുന്നു. അതിനുപിന്നാലെയാണ് ഗോവയോടേറ്റ കനത്ത തോല്‍വിയും. ഇന്നത്തെ മത്സരത്തോടെ ആരാധകര്‍ മുഖം തിരിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. നാല് കളികളില്‍ നിന്ന് മൂന്ന് പോയിന്റുമായി എട്ടാമതാണ് ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകള്‍ നേടിയ ബ്ലാസ്റ്റേഴ്സ് ആറെണ്ണം വഴങ്ങി. ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഗോളുകളും നേടിയത് മാര്‍ക്ക് സിഫ്നിയോസ്. ആദ്യ രണ്ട് കളികളിലും പകരക്കാരനായി ഇറങ്ങിയ സിഫ്നിയോസ് മുംബൈ സിറ്റിക്കെതിരെയാണ് ആദ്യ ഇലവനില്‍ ഇടംനേടിയത്. ഈ മത്സരത്തിലും കഴിഞ്ഞയാഴ്ച ഗോവക്കെതിരെയും ടീമിന് ലീഡ് നേടിക്കൊടുക്കാന്‍ സിഫ്നിയോസിന് കഴിഞ്ഞെങ്കിലും വിജയത്തിലേക്കെത്തിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ സൂപ്പര്‍താരം താരം ദിമിത്രി ബെര്‍ബറ്റോവ് ഇന്നും കളിക്കാനിറങ്ങില്ല. ഗോവക്കെതിരായ കല്‍യുടെ നാലാം മിനിറ്റില്‍ പരിക്കേറ്റ് കയറിയ ബര്‍ബക്ക് 20 ദിവസത്തെ വിശ്രമമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ കളികളില്‍ ബര്‍ബറ്റോവിന്റെ റോള്‍ ഇന്ന് അരാട്ട ഇസുമിയെ ഏല്‍പ്പിക്കാനാണ് സാധ്യത.
മറ്റൊരു താരമായ ഇയാന്‍ ഹ്യൂമും പരിക്കിന്റെ പിടിയിലാണ്. പരിശീലനം ആരംഭിച്ചിട്ടുണ്ടെങ്കിലും ഹ്യൂം ഇന്ന് കളിക്കാനിറങ്ങുമോ എന്ന കാര്യത്തില്‍ കോച്ച് റെനെ മ്യൂലെന്‍സ്റ്റീന്‍ മനസ്സ് തുറക്കാന്‍ തയ്യാറായില്ല. അതേസമയം മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവും പ്രതിരോധത്തിലെ കരുത്തനും തന്റെ വജ്രായുധമെന്ന് കോച്ച് വിശേഷിപ്പിച്ച വെസ് ബ്രൗണിനെ ഇന്ന് കളിക്കാനിറങ്ങുമോ എന്ന കാര്യത്തിലും റെനെ മനസ്സ് തുറന്നില്ല. താന്‍ പൂര്‍ണ്ണമായി ശാരീരിക ക്ഷമത വീണ്ടെടുത്തെന്ന് ബ്രൗണ്‍ തന്നെ പറഞ്ഞെങ്കിലും ഗോവക്കെതിരെ പകരക്കാരുടെ ബെഞ്ചിലായിരുന്നുന്നു ബ്രൗണിന്റെ സ്ഥാനം. ഗോവക്കെതിരെ ജിംഗാനും പെസിച്ചും ഉള്‍പ്പെട്ട പ്രതിരോധനിര സമ്പൂര്‍ണ്ണ പരാജയമായിരുന്നു. ഗോവ നേടിയ അഞ്ച് ഗോളുകളും ലാന്‍സറോട്ടയെയും കൊറോമിനാസിനെയും മാര്‍ക്ക് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന്റെ ശിക്ഷയായിരുന്നു.
ഈ കളിയിലും ഗോള്‍കീപ്പര്‍ പോള്‍ റെച്ചൂബ്കയുടെ മിന്നുന്ന പ്രകടനമില്ലായിരുന്നെങ്കിലും പരാജയം കൂടുതല്‍ ദയനീയമാവുമായിരുന്നു. മധ്യനിരയിലെ കറേജ് പെക്കൂസണും പരാജയമാണ്. ഗ്രൗണ്ടിലുടനീളം പെക്കൂസണ്‍ ഓടിക്കളിക്കുന്നുണ്ടെങ്കിലും മികച്ചൊരു മുന്നേറ്റം നടത്താനോ ബോക്സിലേക്ക് നല്ലൊരു ക്രോസോ പാസോ നല്‍കാനോ പെക്കൂസണ് കഴിയുന്നില്ല.
ആദ്യ കളിയില്‍ ജംഷഡ്പൂരുമായി സമനില വഴങ്ങിയ നോര്‍ത്ത് ഈസ്റ്റ് രണ്ടാം കല്‍യില്‍ ചെന്നൈയിന്‍ എഫ്സിയോട് 3–0ന് തോറ്റു. അടുത്ത മത്സരത്തില്‍ ദല്‍ഹി ഡൈനാമോസിനെ 2–0ന് തകര്‍ത്തെങ്കിലും കഴിഞ്ഞയാഴ്ച നാലാം കളിയില്‍ ബെംഗളൂരു എഫ്സിയോട് 1–0നും തോറ്റു.
നാല് കളികളില്‍ നിന്ന് നാല് പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് ഏഴാമതാണ്. ബ്രസീലിയന്‍ സ്ട്രൈക്കര്‍മാരായ ഡാനിലോ ലോപ്പസ്, മാഴ്സെഞ്ഞോ എന്നിവരിലാണ് നോര്‍ത്ത് ഈസ്റ്റിന്റെ പ്രതീക്ഷ. എന്നാല്‍ ഗോള്‍വലക്ക് മുന്നിലെ കാവല്‍ഭടന്‍ ടി.പി. രഹനേഷ് പരിക്കിന്റെ പിടിയിലാണ്. കഴിഞ്ഞ മത്സരത്തിലാണ് മലയാളിയായ രഹനേഷിന് പരിക്കേറ്റത്.
രഹനേഷ് ഇന്ന് കളിക്കാനിറങ്ങുമോ എന്ന കാര്യം സംശയമാണ്. എന്നാല്‍ മികച്ച പ്രതിരോധം അവരുടെ കരുത്താണ്. ഇന്ത്യന്‍ താരം നിര്‍മ്മല്‍ ഛേത്രി, റീഗന്‍ സിങ്, പോര്‍ച്ചുഗല്‍താരം ഹോസെ ഗൊണ്‍സാല്‍വസ്, ഗ്വിനിയയുടെ സാംബിഞ്ഞോ എന്നിവരായിരിക്കും പ്രതിരോധം കാക്കുക. ഹോള്‍ഡിങ് മിഡ്ഫീല്‍ഡറായി ബ്രസീലിയന്‍ താരം അഡില്‍സണ്‍ ഗോയിനോ, ഇന്ത്യന്‍ താരം റൗളിന്‍ ബോര്‍ജസും എത്തും. സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി മാഴ്സീഞ്ഞോയും ഇടത്തും വലത്തുമായി ഹോളിചരണ്‍ നര്‍സാരിയും ഡംഗലും ഇടംപിടിക്കുമ്പോള്‍ സ്ട്രൈക്കറായി ഡാനിലോ ലോപ്പസ് എത്തും. കഴിഞ്ഞ മത്സരത്തിലേറ്റ പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് വിജയിക്കാനായി നോര്‍ത്ത് ഈസ്റ്റും ആരാധക പിന്തുണയില്‍ ബ്ലാസ്റ്റേഴ്സും ഇറങ്ങുമ്പോള്‍ മികച്ച മത്സരത്തിനായിരിക്കും കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
ഇതിനകം ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗത്തു നിന്നും 102 ടാക്ലിങ്ങുകള്‍ മാത്രമെ വന്നിട്ടുള്ളു. അതേപോലെ നാല് മത്സരങ്ങളില്‍ നിന്നായി 2166 ടച്ചുകളും ( 10 ടീമുകളില്‍ ഒന്‍പതാം സ്ഥാനം). ഒരു പക്ഷേ ഈ കണക്കുകള്‍ക്ക് ടീമിനു വിജയം സമ്മാനിക്കുന്നതില്‍ കാര്യമായ പങ്ക് ഇല്ലായരിക്കാം. എന്തായാലും ഒരുകാര്യം ഉറപ്പ്. ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണം എറെ മെച്ചപ്പെടാനുണ്ട്.
നാല് മത്സരങ്ങള്‍ കഴിയുമ്പോള്‍ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡ് നാല് പോയിന്റോടെ എഴാം സ്ഥാനത്താണ്. മൂന്നു പോയിന്റോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്തും.