ഐഎസ്എല്ലിന് ഇന്ന് കൊടിയേറ്റം; ആദ്യ അങ്കത്തിന് കച്ചമുറുക്കി ബ്ലാസ്റ്റേഴ്‌സും എടികെയും

Web Desk

ബംബോലിം

Posted on November 20, 2020, 9:46 am

ഐഎസ്എല്‍ ഏഴാം സീസണിന് ഇന്ന് ഗോവയില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും തമ്മില്‍ ഏറ്റുമുട്ടും. വൈകിട്ട് 7.30ന് ബംബോലിനിലെ ജിഎംസി സ്‌റ്റേഡിയത്തില്‍ നിന്നാണ് പുതിയ സീസണിന്റെ ആവേശത്തിന് പന്തുരുളുക.

എടികെ തന്നെയാണ് ഐഎസ്എല്ലിലെ ചാമ്പ്യന്‍ നിര. മൂന്ന് തവണ ഐഎസ്എല്ലില്‍ കിരീടം നേടിയ അവര്‍ ഇത്തവണ മോഹന്‍ ബഗാനുമായി ലയിച്ചതോടെ ടീമിന്റെ കരുത്ത് ഇരട്ടിച്ചു. ഇന്ത്യയിലെ ഫുട്‌ബോള്‍ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന കൊല്‍ക്കത്തന്‍ ക്ലബ്ബിലെ താരങ്ങള്‍ക്ക് ഇന്ത്യയില്‍ കളിച്ചുള്ള പരിചയസമ്പത്ത് ഇത്തവണ ഗുണം ചെയ്‌തേക്കും. ആരാധക പിന്തുണയില്‍ ഏറെ മുന്നിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ വളരെ പ്രതീക്ഷയോടെയാണിറങ്ങുന്നത്. മികച്ച താരനിരയുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ടീം ഇത്തവണ അതിശക്തമാണ്.

കെട്ടും മട്ടും മാറിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഏഴാം സീസണിൽ ഇറങ്ങുന്നത്. പുതിയ കോച്ചും പുതിയ തന്ത്രങ്ങളും പുതിയ കളിക്കാരും. ഐഎസ്എല്ലിൽ ആദ്യ കിരീടം ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ഇറങ്ങുന്നത് മൂന്ന് ക്യാപ്റ്റൻമാരുമായാണ് എന്നതും സവിശേഷതയാണ്. സ്‌പാനിഷ് താരം സെർജിയോ സി‍ഡോഞ്ച, സിംബാബ്‍വേ ഡിഫൻഡർ കോസ്റ്റ നമോയ്നേസു, ഇന്ത്യൻ താരം ജെസ്സെൽ കാർണെയ്റോ എന്നിവരാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിനെ നയിക്കുക. മുംബൈ സിറ്റിയിലേക്ക് ചേക്കേറിയ ബാർത്തലോമിയോ ഒഗ്ബചേ ആയിരുന്നു കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ നായകൻ.

സന്ദേശ് ജിങ്കന്‍ ഇത്തവണ ബ്ലാസ്റ്റേഴ്സിന് എതിരാളി

കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് എത്തിയ സന്ദേശ് ജിങ്കനാണ് എടികെ മോഹന്‍ ബഗാന്റെ പ്രതിരോധത്തെ നയിക്കുന്നത്. വിദേശതാരം ജോസ് ലൂയിസ് എസ്പിനോസ, മുംബൈ സിറ്റി എഫ്‌സിയില്‍ നിന്ന് എത്തിയ സുഭാശിഷ് ബോസ്, സുമിത് രാത്തി എന്നിവര്‍ ജിങ്കന് മികച്ച പിന്തുണ നല്‍കും.
ഓസ്ടേലിയന്‍ താരം ബ്രാഡന്‍ ഇന്‍മാമാണ് മധ്യനിരയെ നയിക്കുന്നത്. എ ലീഗില്‍ കളിച്ച് പരിചയമുള്ള താരമാണ്. ബോറിസ് സിങ്, എഡു ഗാര്‍ഷ്യ, ജാവിയര്‍ ഹെര്‍ണാണ്ടസ് എന്നിവരാണ് മധ്യനിരയിലെ മറ്റ് കരുത്തര്‍.

Eng­lish sum­ma­ry: ISL  starts today
You may also like this video: