വയനാട്ടിലുമുണ്ട് “ഹോം ഓഫ് 12ത്ത് മാൻ”

വയനാട് ബ്യൂറോ

കൽപറ്റ

Posted on November 20, 2020, 3:46 pm

 

ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് തിരി തെളിയുമ്പോൾ  വയനാട് ജില്ലയിൽ നിന്നും ലോക ഫുട്ബോൾ ആരാധകർക്ക് കാണാൻ ഒരു അത്ഭുത കാഴ്ചയുണ്ട്. മാനന്തവാടി  നിരവിൽപുഴ പാതിരിമന്നം സ്വദേശിയയും കടുത്ത കേരള ബ്ലാസ്റ്റേഴ്സ് ആരാധകനുമായ വിപിൻ നിർമ്മിച്ച 12 അടി നീളവും 8 അടി വീതിയുമുള്ള മഞ്ഞപ്പട ഹട്ടാണ് ഫുട്ബോൾ ആരാധകർക്ക് കൗതുകമായിരിക്കുന്നത്.

കോവിഡ് 19 കാരണം ഇഷ്ട ടീമായ കേരള ബ്ലാസ്റ്റേഴ്സിൻ്റെ  കളി കൊച്ചിയിൽ പോയി നേരിട്ട് കാണാൻ പറ്റാത്തതിൻ്റെ വിഷമം തീർക്കാനാണ് വിപിൻ ഇങ്ങനെയൊരു ഹട്ട്  വീടിനോടടുത്ത് നിർമ്മിച്ചിരിക്കുന്നത്. വീട്ടിലിരുന്ന് കളി കാണാൻ പറ്റുമെങ്കിലും കൂട്ടുകാരുമൊത്ത് സ്റ്റേഡിയത്തിൽ പോയി കളി കാണുന്നതിൻ്റെ സമാനരീതിയിലുള്ള അനുഭവം ലഭിക്കാൻ കൂടി വേണ്ടിയാണ് ഇങ്ങനെയൊരു ശ്രമം. ഇതാവുമ്പോൾ വീട്ടുകാർക്കും ബുദ്ധിമുട്ടില്ലെന്നും കൂട്ടുകാരുമൊത്ത് ആർത്തുല്ലസിച്ചു സ്റ്റേഡിയത്തിൻ്റെ പ്രതീതിയിൽത്തന്നെ ത്രില്ലിൽ കളി കാണുകയും ചെയ്യാമെന്നും വിപിൻ പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സിൻ്റെ തനത് നിറമായ മഞ്ഞയും നീലയുമാണ് ഹട്ടിനുപയോഗിച്ചിരിക്കുന്നത്. കൂടെ “ഹോം ഓഫ് ദ 12ത്ത് മാൻ” എന്നെഴുതിയ കവാടവും നിർമ്മിച്ചിട്ടുണ്ട്.  കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ കോച്ചായ കിബു വികൂനയുടേയും സ്പോട്ടിങ് ഡയറക്ടറായ കരോളിസ് സ്കിൻകിസിൻ്റെയും  ഫോട്ടോ ഹട്ടിനുള്ളിലുണ്ട്. 15 പേർക്ക് ഒരേ സമയം ഇവിടെ ഇരുന്ന് കളി കാണാം. ബാൽക്കണിയും ഉണ്ട്. രണ്ടാഴ്ചയോളം സമയമെടുത്ത് 50,000 രൂപയ്ക്ക് മുകളിൽ ചിലവഴിച്ചാണ് ഇങ്ങനെയൊരു ഹട്ട് നിർമ്മിച്ചത്. ഇൻഡസ്ട്രിയൽ ജീവനക്കാരനായ വിപിൻ ഹട്ടിന്റെ എല്ലാ പണിയും സ്വയം തന്നെയാണ് ചെട്ത് തീർത്തത്. മുമ്പ് ക്രിക്കറ്റ് ആരാധകനായിരുന്ന വിപിൻ  സച്ചിന്റെയും വളരെ വലിയ ആരാധകനായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് മുൻ ഉടമയായ സച്ചിന്റെ ഫുട്ബോളിലേക്കുള്ള കടന്ന് വരവോടുകൂടിയാണ് വിപിനും കേരള ബ്ലാസ്റ്റേഴ്സിനെ സ്നേഹിച്ചു തുടങ്ങിയത്. പിന്നീട് ഇന്ത്യൻ പ്രീമിയർ ലീഗിലെ ഒരു മത്സരം പോലും ഉപേക്ഷിക്കാതെ എല്ലാം കാണാൻ തുടങ്ങി. ക്രിസ്ത്യാനോ റൊണാൾഡോയുടെ വലിയ ആരാധകൻ കൂടിയാണ് വിപിൻ. നിരവധി ഫുട്ബോൾ ആരാധകരാണ് വിപിൻ നിർമ്മിച്ച ഹട്ട് കാണാൻ വരുന്നത്. ഐഎസ്എൽ ഇന്ന് തുടങ്ങാനിരിക്കേ മഞ്ഞപ്പടയുടെ ആരവം ഇനി ഈ മിനി സ്റ്റേഡിയത്തിലും ഉയരും. ഐഎസ്എൽ തുടങ്ങുന്നതോടു കൂടി ജില്ലയിലെ പലയിടങ്ങളിലും മഞ്ഞപ്പട വയനാട് വിങിന്റെ നേതൃത്വത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫ്ലക്സുകൾ പൊങ്ങി തുടങ്ങിയിട്ടുണ്ട്.  തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഇടയിലാണ് ഇപ്രാവശ്യം ഐഎസ്എൽ ആവേശവും കടന്നുവരുന്നത്. ഗ്യാലറിയിൽ ചെന്ന് നേരിട്ട് കളികാണാൻ പറ്റില്ലെങ്കിലും കേരളത്തിന്റെ സ്വന്തം ടീമിനെ വരവേൽക്കാനൊരുങ്ങുകയാണ് ജില്ലയിലെ ഫുട്ബോൾ പ്രേമികൾ.