ഐഎസ്എല്ലിന് ഇന്ന് കിക്കോഫ്

Web Desk

കൊച്ചി

Posted on November 17, 2017, 7:00 am

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണ് ഇന്ന് കൊച്ചിയില്‍ കിക്കോഫ്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ തനിയാവര്‍ത്തനമായ ഉദ്ഘാടന മാമാങ്കത്തില്‍ കേരളത്തിന്റെ മഞ്ഞക്കൊമ്പന്മാരും നിലവിലെ ചാമ്പ്യന്മാരായ എടികെയും പോരാടാനിറങ്ങും. രാത്രി എട്ടിനാണ് കിക്കോഫ്.
കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന ഫൈനലില്‍ ഷൂട്ടൗട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചായിരുന്നു എടികെയുടെ കിരീട ധാരണം. ഇതിന് ഉദ്ഘാടനമത്സരത്തില്‍ തന്നെ പകരം വീട്ടുകയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. നേരത്തെ കൊല്‍ക്കത്തയാണ് ഉദ്ഘാടന വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഫൈനല്‍ മത്സരം കൊല്‍ക്കത്തയ്ക്ക് ലഭിച്ചപ്പോള്‍ പകരം കൊച്ചി ഉദ്ഘാടനവേദിയായി മാറുകയായിരുന്നു.
വര്‍ണാഭമായ കലാപരിപാടികളോടെയായിരിക്കും കൊച്ചിയില്‍ ഇന്ന് ഉദ്ഘാടന ചടങ്ങുകള്‍. ബോളിവുഡ് സൂപ്പര്‍ താരങ്ങളടക്കമുള്ള കലാകാരന്മാര്‍ നൃത്തച്ചുവടുകളുമായി കാണികളെ ആവേശം കൊള്ളിക്കും. ബ്ലാസ്റ്റേഴ്‌സ് ഉടമ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ചെന്നൈ ടീം ഉടമ അഭിഷേക് ബച്ചന്‍ എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനെത്തും.