‘രണ്ടിലൊന്നറിഞ്ഞു’; ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം

Web Desk
Posted on October 20, 2019, 10:03 pm

കൊച്ചി: ആരാധകരെ ആവേശത്തിലാഴ്ത്തി ഐ.എസ്.എല്‍ ആറാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയത്തുടക്കം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് എ.ടി.കെയെ പരാജയപ്പെടുത്തിയത്.

ഒരു ഗോളിന് പിന്നില്‍ നിന്ന് ബ്ലാസ്റ്റേഴ്സിനെ വിജയത്തിലെത്തിച്ചത് ക്യാപ്റ്റന്‍ ബര്‍ത്തലോമി ഒഗ്‌ബെച്ചേയുടെ മിന്നുന്ന രണ്ട് ഗോളുകളാണ്.  ആദ്യഗോള്‍ പെനാല്‍റ്റിയിലൂടെയാണെങ്കില്‍ രണ്ടാമത്തേത് ഒഗ്‌ബെച്ചേ  വലയിലെത്തിച്ചത്  തകര്‍പ്പനൊരു ഹാഫ് വോളിയിലൂടെയായിരുന്നു.

കളി തുടങ്ങി ആറാം മിനിറ്റില്‍  കൊല്‍ക്കത്ത ലീഡ് നേടിയിരുന്നു. ഐറിഷ് താരം കാള്‍ മക്ഹ്യൂവാണ് മനോഹരമായൊരു ഹാഫ് വോളിയിലൂടെ ബ്ലാസ്റ്റേഴ്‌സിന്‍റെ വലകുലുക്കിയത്. ഗാര്‍ഷ്യ ഇന്‍ഗ്യൂസിന്റെ ഫ്രീകിക്കിനുശേഷം ലഭിച്ച ഹെഡ്ഡറാണ് മക്ഹ്യൂ ഗോളി ബിലാലിനെ മറികടന്ന് വലയിലെത്തിച്ചത്.

എന്നാല്‍, ഇടയ്ക്ക് വീണുകിട്ടിയ പെനാല്‍റ്റി ബ്ലാസ്റ്റേഴ്‌സ്  വലയിലെത്തിച്ച് അവര്‍ക്കൊപ്പമെത്തി. ഒരു കോര്‍ണര്‍ കിക്കിനിടെ ജെയ്റോ റോഡ്രിഗസിന്റെ ജെഴ്‌സി പിടിച്ചുവലിച്ചതിന് കിട്ടിയതായിരുന്നു ഇത്. കിക്കെടുത്ത സ്‌ട്രൈക്കര്‍ ബര്‍ത്തലോമ്യു ഒബ്ബെച്ചെയ്ക്ക് കൃത്യമായി അതിനെ വലയിലെത്തിച്ചു.

നാല്‍പത്തിയഞ്ചാം മിനിറ്റിയിലായിരുന്നു ഒഗബെച്ചെയുടെ ഗോള്‍. ഇതിനുശേഷം ഒരു ഉഗ്രന്‍ ഹാഫ് വോളിയിലൂടെയും  ഒഗബെച്ചെ ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു.