സമാധാനത്തിന്റെ വെള്ളരിപ്രാവാകുക

Web Desk
Posted on June 02, 2018, 3:44 pm

മൗലവി സുഹൈബ് വി.പി.
പാളയം ഇമാം, തിരുവനന്തപുരം

Imam Moulavi Suhaib

ഇസ്‌ലാം എന്ന പദത്തിന് പ്രധാനമായും രണ്ടര്‍ത്ഥങ്ങളാണുള്ളത്. ഒ്ന്ന്: സമാധാനം. രണ്ട്: സമര്‍പ്പണം. ഇസ്‌ലാമിന്റെ അഭിവാദ്യം തന്നെ സമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്. ”അസ്സലാമുഅലൈക്കും” — എന്ന വചനത്തിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് സമാധാനമുണ്ടാവ’ട്ടെ എന്നാണ്. ഒരിക്കല്‍ ഒരു മനുഷ്യന്‍ വന്ന് പ്രവാചകന്‍(സ)യോട് ചോദിക്കുകയാണ്. പ്രവാചകരെ ഇസ്‌ലാമില്‍ ഏറ്റവും ഉല്‍കൃഷ്ടമായ കര്‍മ്മം ഏതാണ്? ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുകയും നീ അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. സമാധാനത്തിന്റെ ദൂതായിരുന്നു പ്രവാചകന്‍(സ). ആദ്യകാല ഇസ്‌ലാമിക ചരിത്രത്തിലെ ഒരു പ്രധാന സംഭവമാണ് ഹുദൈബിയസന്ധി. ഇത് യുദ്ധത്തില്‍ നിന്ന് വിരമിക്കാനുള്ള ഒരു കരാര്‍ കൂടിയായിരുന്നു. ഹിജറ ആറാംവര്‍ഷം ദുല്‍ഖഅദമാസം  പ്രവാചകന്‍(സ) ഉംറ നിര്‍വ്വഹിക്കാനായി 1,500 അനുചരന്മാരോടൊപ്പം പുറപ്പെട്ടു. ഇഹ്‌റാമിന്റെ വേഷത്തിലായിരുന്നു അവരുടെ പുറപ്പാട്. പക്ഷെ ഇസ്‌ലാം വിരോധികളായ ഖുറൈശികള്‍ അവരെ തടഞ്ഞു. ഇതൊരു യുദ്ധത്തിലേക്ക് നയിക്കപ്പെടുമെന്നു തോന്നിയപ്പോള്‍ ഖുറൈശികളുമായി പ്രവാചകന്‍(സ) ഒരു കരാറിലേര്‍പ്പെടുകയായിരുന്നു. സന്ധിയിലെ വ്യവസ്ഥകള്‍ ഇപ്രകാരമായിരുന്നു. ഈ വര്‍ഷം പ്രവാചകന്‍ മുഹമ്മദും അനുയായികളും ഉംറ നിര്‍വ്വഹിക്കാതെ മദീനയിലേക്കു മടങ്ങിപ്പോവുക. അടുത്തവര്‍ഷം ഉംറ നിര്‍വ്വഹിക്കാം. പത്ത് വര്‍ഷത്തോളം ഇരുവിഭാഗവും തമ്മില്‍ യുദ്ധമോ ഏറ്റുമുട്ടലോ പാടില്ല. ജനങ്ങളെ പേടിയില്ലാതെ ജീവിക്കാന്‍ അനുവദിക്കുക. പ്രവാചകന്‍(സ)യ്ക്കും അനുയായികള്‍ക്കും ഉംറ ചെയ്യാന്‍ എന്തെന്നില്ലാത്ത ആഗ്രഹമുണ്ടായിരുന്നു. പക്ഷേ സമൂഹത്തില്‍ സമാധാനമുണ്ടാവണമെന്ന് മാത്രം ആഗ്രഹിച്ച് ഇങ്ങനെ ഒരു കരാറിലേര്‍പ്പെട്ട് ഉംറ ചെയ്യാതെ തിരിച്ചുപോരുകയായിരുന്നു നബി(സ)യും അനുചരന്മാരും. സമാധാനത്തിനു പ്രവാചകന്‍(സ) നല്‍കിയ പ്രാധാന്യമാണ് ഇതിലെല്ലാം നിഴലിച്ച് കാണുത്.