Saturday
16 Feb 2019

ഭീകരവാദത്തിന്റെ കൊലവിളികള്‍ ഒടുങ്ങാതെ

By: Web Desk | Friday 18 August 2017 3:31 PM IST

ലക്ഷ്മി ബാല

തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെട്ടേയ്ക്കാം എന്ന ഭയം യൂറോപ്പിലെ ജനതയുടെ മസ്തിഷ്‌കത്തില്‍ അടിയുറച്ചു കഴിഞ്ഞിരിക്കുന്നു. നിരപരാധികളെ പോലും സഹായിക്കാന്‍ യൂറോപ്യന്‍ ജനത ഭയക്കുന്ന ഒരു അവസ്ഥയിലേക്കാണ് ഇത്തരം തുടര്‍ച്ചയായ അക്രമങ്ങള്‍ വഴി വെയ്ക്കുന്നത്

2017 ഓഗസ്റ്റ് 17 വ്യാഴാഴ്ച. ബാഴ്‌സലോണയിലെജനത്തിരക്കുള്ള ഒരു തെരുവ്. തിരക്കേറിയ നടപ്പാതയിലൂടെനടന്നുനീങ്ങുന്നവര്‍ക്കിടയിലേയ്ക്ക് ഒരാള്‍ മനപ്പൂര്‍വം സ്വന്തം വാന്‍ ഓടിച്ചുകയറ്റുന്നു. 13 പേര്‍ കൊല്ലപ്പെടുകയും 50 ഓളംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുറ്റവാളിയായ ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. മറ്റൊരാള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അധികം വൈകാതെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് രംഗത്ത് വന്നു. ഒരു ദിവസം മാത്രം സ്‌പെയിനില്‍ നാലിടങ്ങളിലായി ഇസ്‌ലാമിക് സ്റ്റേറ്റ് ആക്രമണങ്ങള്‍. മൊത്തം 14 മരണം.

അതെ, ലോകരാഷ്ട്രങ്ങള്‍ എല്ലാം ഇപ്പോള്‍ ഭീകരവാദഭീഷണിയുടെ മുള്‍മുനയിലാണ്. സിറിയയിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലുംഅമേരിക്ക നടത്തുന്ന ഇടപെടലുകളും സൈനീക നടപടികള്‍ക്കെതിരെ രൂപപ്പെട്ടതാണ് ഐഎസ്. ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന ബൊക്കോ ഹറാം. സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം അടക്കമുള്ള ചെയ്തികളാല്‍ കുപ്രസിദ്ധി നേടിയ അല്‍ഖ്വയിദ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും സജീവമായ താലിബാന്‍. നിരവധി ഭീകരവാദ സംഘടനകള്‍. ഈയൊരു വര്‍ഷം മാത്രം 850 തിലധികം ആക്രമണങ്ങല്‍.. കൊല്ലപ്പെട്ടവരുടെ എണ്ണമാകട്ടെ 52,00ഓളം. ജിഹാദ് (വിശുദ്ധ യുദ്ധം)എന്ന് ഭീകരവാദികള്‍ വിശേഷിപ്പിക്കുന്ന ഇത്തരം അക്രമങ്ങള്‍ക്ക് അടുത്ത കാലത്തായി കൂടുതലും ഇരയാക്കപ്പെടുന്നത് യൂറോപ്പും അമേരിക്കയുമടക്കമുള്ള പാശ്ചാത്യരാജ്യങ്ങളാണ്.ഇന്നലത്തെതടക്കം,ഈയടുത്ത കാലത്തായി ജിഹാദികള്‍ അഴിച്ചുവിടുന്ന ആക്രമണങ്ങളില്‍ ആയുധങ്ങള്‍ക്ക് പകരം വാഹനങ്ങള്‍ ഉപയോഗിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

രക്തത്തില്‍ കുതിര്‍ന്ന ബാസ്റ്റില്‍ ദിനം

2016 ജൂലൈ 14. ഫ്രഞ്ച് ജനതയുടെ ദേശീയ ദിനമെന്നു വിശേഷിപ്പിക്കപ്പെടുന്ന ബാസ്റ്റില്‍ ദിനം. നൈസ് നഗരത്തിലെആഘോഷരാവില്‍ കരിമരുന്നു പ്രയോഗം ആസ്വദിച്ചു കൊണ്ടിരുന്ന ജനങ്ങള്‍ക്കിടയിലേയ്ക്ക് മുപ്പത്തിയൊന്നുകാരനായ മുഹമ്മദ് ലഹോയ് എന്ന ടുണീഷ്യന്‍ പൗരന്‍ 19 ടണ്‍ ശേഷിയുള്ള തന്റെ ട്രക്ക് ഓടിച്ചുകയറ്റുന്നു. കൊല്ലപ്പെട്ട നിരപരാധികളുടെ എണ്ണം 86. മുഹമ്മദ് തങ്ങളുടെ അനുയായികളില്‍ ഒരുവനായിരുന്നു എന്ന് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സ്ഥിതീകരണവും വൈകാതെ വന്നു.

2017 ഓഗസ്റ്റ് 09. വടക്കുപടിഞ്ഞാറന്‍ പാരീസ് പ്രവിശ്യയിലെലെവല്ലോയിസ് പാരറ്റ് നഗരം. ബരാക്കുകള്‍ക്ക് പുറത്ത് നിന്നിരുന്ന ഫ്രഞ്ച് സൈനികര്‍ക്ക് നേരെഹമൗ ബഷീര്‍ എന്ന അള്‍ജീരിയന്‍ പൗരന്‍ സ്വന്തം കാര്‍ ഓടിച്ചു കയറ്റുകയും ആറ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു. പിന്നീട് കാറും കൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ പിന്തുടര്‍ന്ന പൊലീസ് വെടിയുതിര്‍ക്കുകയും മുറിവേല്‍ക്കപ്പെട്ട പ്രതി അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

തീവ്രവാദികള്‍ ഉന്നം വെയ്ക്കുന്ന ലണ്ടന്‍ നഗരം

ലണ്ടന്‍ നഗരം തീവ്രവാദികളുടെ അക്രമങ്ങള്‍ക്ക് ഇരയായത് ഒന്നിലേറെ തവണയാണ്. 2017 മാര്‍ച്ച് 22, ഇസ്‌ലാം മതം സ്വീകരിച്ച 52 കാരനായ ബ്രിട്ടീഷ് പൗരന്‍ ഖാലിദ് മസൂദ് വെസ്റ്റ് മിന്‍സ്റ്റര്‍ പാലത്തിനു സമീപമുള്ള നടപ്പാതയില്‍ അക്രമം അഴിച്ചു വിടുകയും ഒരു പൊലീസുകാരനെ അടക്കം മുന്നില്‍ വരുന്ന ആളുകളെയെല്ലാംകയ്യിലെ കത്തി കൊണ്ട് അപായപ്പെടുത്തുകയും. ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 50 പേരിലധികം ആളുകളെ ആക്രമിച്ച മസൂദ് പിന്നീട് പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. ഇസ്‌ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയുമുണ്ടായി.

2017 ജൂണ്‍ മൂന്നിന് ബ്രിട്ടീഷ് തലസ്ഥാനം വീണ്ടുമൊരു ആക്രമണത്തിന് സാക്ഷ്യം വഹിച്ചു. മൂന്ന് അക്രമികള്‍ തങ്ങളുടെ വാന്‍ കാല്‍നടക്കാര്‍ക്ക് നേരെ തിരിച്ചുവിടുകയും ലണ്ടന്‍ ബ്രിഡ്ജിനു സമീപത്തെ ബാറുകളില്‍ വ്യാജബോംബ് സ്വന്തം ദേഹത്ത് കെട്ടിവെച്ച് അക്രമം അഴിച്ചു വിട്ടു. പൊലീസ് എട്ടുപേരെ വെടിവെച്ചിട്ടു. ആക്രമണത്തിന് പിന്നില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് തന്നെയായിരുന്നു.

2017 മെയ് 22 നു മാഞ്ചസ്റ്റര്‍ നഗരത്തില്‍ സല്‍മാന്‍ അബെദിയെന്ന ആള്‍ ദേഹത്ത് ബോംബ് വെച്ചുകെട്ടി പൊട്ടിത്തെറിച്ചപ്പോള്‍ പൊലിഞ്ഞത് 22 ജീവനുകള്‍. 146 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

2016 ഡിസംബര്‍ 19.ജര്‍മ്മനിയിലെ പ്രശസ്തമായ ബെര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റ്.ടുണീഷ്യന്‍ സ്വദേശിയായ 24 കാരന്‍,അനീസ് ആംരി ഒരു ട്രക്ക് തട്ടിയെടുത്തു. ശേഷം ബെര്‍ലിന്‍ ക്രിസ്തുമസ് മാര്‍ക്കറ്റിലെ ജനക്കൂട്ടത്തിലേയ്ക്ക് ട്രക്ക് ഓടിച്ചു കയറ്റുകയും ചെയ്തു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12. 48 പേര്‍ക്ക് പരിക്ക്. ട്രക്കും കൊണ്ട് രക്ഷപ്പെട്ട ആംരി രാജ്യാതിര്‍ത്തി കടന്നു. എങ്കിലും നാല് ദിവസങ്ങള്‍ക്ക് ശേഷം പൊലീസ് അയാളെ വെടിവെച്ച് കൊന്നു.

സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹാമില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് സമാനമാണ് വിധം ഒരു ട്രക്ക് ആക്രമണം ഉണ്ടാവുകയും അഞ്ചു പേര് കൊല്ലപ്പെടുകയും ചെയ്തു. 50ലധികം പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. രഖ്മത് അഖിലോവ് എന്ന മുപ്പത്തിയൊന്‍പതുകാരനായ ഉസ്ബക്കിസ്ഥാന്‍ പൗരനായിരുന്നു കൊലയാളി. ഇയാള്‍ 2015 ഇല്‍ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരാനായി പോയ ആളാണെന്നു ഉസ്‌ബെക്കിസ്ഥാന്‍ പൊലീസ് പിന്നീട് സ്ഥിരീകരിച്ചു.

2017ല്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരവാദികളാല്‍ മാത്രം കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്കുകള്‍ രണ്ടായിരത്തിലധികമാണ്.
2017 ജൂണ്‍ 30ന് ഓസ്ട്രിയയിലെ ലിന്‍സ് നഗരത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് അനുയായി നടത്തിയ ആക്രമണത്തില്‍ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. 2017 ഏപ്രില്‍ 8നു നോര്‍വേയിലെ ഓസ്ലോയില്‍ ഒരു ഇസ്‌ലാമിക് സ്റ്റേറ്റ് അനുയായി സ്‌ഫോടകവസ്തുക്കളുമായി പിടിയിലായതുകൊണ്ട് ഒരു വന്‍ദുരന്തം ഒഴിവാക്കപ്പെട്ടു.
2017 മെയ് 18 നു ഇറ്റലിയിലെ മിലാനില്‍ വെച്ച് ഒരു ഇസ്‌ലാമിക് സ്റ്റേറ്റ് അനുയായി രണ്ടു പട്ടാളക്കാരെയും, ഒരു പൊലീസുകാരനെയും കുത്തി വീഴ്ത്തി എങ്കിലും മൂവരും രക്ഷപ്പെട്ടു.

അഭയാര്‍ത്ഥികള്‍ക്കായി സ്വന്തം വാതിലുകള്‍ തുറന്നിട്ട യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ന് ഭീകരാക്രമണങ്ങള്‍സ്ഥിരസംഭവമാവുകയാണ്. അഭയാര്‍ത്ഥികള്‍ എന്ന വ്യാജേന ഇവിടങ്ങളില്‍ എത്തിച്ചേരുന്ന തീവ്രവാദികള്‍, ക്രൂരമാംവിധം ആളുകളെ കൊന്നൊടുക്കുന്നു. തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെട്ടേയ്ക്കാം എന്ന ഭയം യൂറോപ്പിലെ ജനതയുടെ മസ്തിഷ്‌കത്തില്‍ അടിയുറച്ചു കഴിഞ്ഞിരിക്കുന്നു. നിരപരാധികളെ പോലും സഹായിക്കാന്‍ യൂറോപ്യന്‍ ജനത ഭയക്കുന്ന ഒരു അവസ്ഥയിലേക്കാണ് ഇത്തരം തുടര്‍ച്ചയായ അക്രമങ്ങള്‍ വഴി വെയ്ക്കുന്നത്.

 

Related News