ദാരിദ്ര്യത്തിലാണ്‌, കഴിക്കാന്‍ ഭക്ഷണം പോലും ഇല്ല ഞാന്‍ മടങ്ങി വന്നോട്ടെ’; ഐഎസില്‍ ചേര്‍ന്ന മലയാളി

Web Desk
Posted on June 08, 2019, 10:54 am

ദില്ലി: ഇസ്ലാമിക്‌ സ്‌റ്റേറ്റില്‍ ചേര്‍ന്ന മലയാളി സിറിയയില്‍ നിന്ന്‌ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ച്‌ വീട്ടുകാരെ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്‌. കാസർകോട് എലമ്ബാച്ചി സ്വദേശിയായ ഫിറോസ്‌ ഖാന്‍ വീട്ടുകാരെ ഫോണില്‍ വിളിച്ചെന്ന്‌ സുരക്ഷാവൃത്തങ്ങളെ ഉദ്ധരിച്ച്‌ ദി ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ ആണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

2016ലാണ്‌ ഐഎസില്‍ ചേരാനായി ഫിറോസ്‌ അഫ്‌ഗാനിസ്ഥാനിലേക്ക്‌ പോയത്‌. പിന്നീട്‌ ഇയാള്‍ സിറിയയിലേക്ക്‌ കടന്നു. കഴിഞ്ഞമാസമാണ്‌ മാതാവ്‌ ഹബീബയെ വിളിച്ച്‌ തനിക്ക്‌ തിരികെവരണമെന്ന്‌ ഫിറോസ്‌ ആഗ്രഹം പ്രകടിപ്പിച്ചത്‌. നാട്ടിലെത്തി കീഴടങ്ങിക്കോളാം എന്നാണ്‌ ഫിറോസ്‌ പറഞ്ഞത്‌. സിറിയയില്‍ ഐഎസ്‌ അംഗങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലാണ്‌. കഴിക്കാന്‍ ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും ഫിറോസ്‌ പറഞ്ഞതായി  ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

നാട്ടിലേക്ക്‌ മടങ്ങിയെത്തിയാല്‍ തനിക്കെതിരെ എന്തൊക്കെ കേസുകളാണ്‌ ഉണ്ടാവുക എന്ന്‌ ഫിറോസ്‌ അന്വേഷിച്ചതായാണ്‌ വിവരം. ഐഎസ്‌ മുന്‍കയ്യെടുത്ത്‌ ഒരു മലേഷ്യന്‍ സ്വദേശിനിയുമായി തന്റെ വിവാഹം നടത്തിയെന്നും യുവതി പിന്നീട്‌ തന്നെ ഉപേക്ഷിച്ച്‌ പോയെന്നും ഫിറോസ്‌ പറഞ്ഞു. ഫോണ്‍സംഭാഷണങ്ങളുടെ ആധികാരികത സുരക്ഷാഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌.

അന്ന്‌ വിളിച്ചതിന്‌ ശേഷം ഫിറോസ്‌ വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല. സിറിയയില്‍ ഐഎസ്‌ വന്‍ തകര്‍ച്ചയിലേക്ക്‌ നീങ്ങുകയാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്‌. ഐഎസിന്റെ അധീനതയിലായിരുന്ന പല പ്രദേശങ്ങളും ഇതിനോടകം അവര്‍ക്ക്‌ നഷ്ടപ്പെട്ടുകഴിഞ്ഞു.