കെ രംഗനാഥ്

അജ്മാന്‍ (യുഎഇ)

February 21, 2020, 8:56 am

മൂവാറ്റുപുഴയിലെ റാവുത്തര്‍ അജ്മാനിലെ ഹരിത വിപ്ലവകാരി

Janayugom Online

മൂവാറ്റുപുഴ ആയവന കുക്കുറിഞ്ഞി കര്‍ഷകകുടുംബത്തില്‍ പിറന്ന ഇസ്മായില്‍ റാവുത്തര്‍ അജ്മാനിലെ പ്രവാസജീവിതത്തിനിടയിലും കൃഷി മറന്നില്ല. അജ്മാനിലെ വ്യവസായ പ്രമുഖനെങ്കിലും റാവുത്തര്‍ ഇന്നറിയപ്പെടുന്നത് മരുഭൂമിയെ കായ്‌കനികളുടെ കേദാരമാക്കി മാറ്റിയ ഹരിത വിപ്ലവകാരിയായിട്ടാണ്. ബിസിനസ് തിരക്കിനിടയിലും അജ്മാനിലെ താമസസ്ഥലത്ത് അദ്ദേഹം തക്കാളിയും ചീരയും വെണ്ടയും കത്തിരിക്കയും പടവലങ്ങയും പാവയ്ക്കായും മുതല്‍ ഈത്തപ്പനവരെ കൃഷി ചെയ്തിരിക്കുന്നു. എന്നിട്ടും റാവുത്തറിലെ കര്‍ഷകനു തൃപ്തിപോര. തൊഴിലാളികളുടെ പാര്‍പ്പിട കേന്ദ്രത്തിനടുത്തുള്ള വിശാലമായ സ്ഥലം അദ്ദേഹം വിലയ്ക്കുവാങ്ങി.

വിവിധയിനം തക്കാളികളും മുളകുകളും. മുളകില്‍ത്തന്നെ കാന്താരിയും ബജിമുളകുമാണ് താരങ്ങള്‍. പലതരം വഴുതനങ്ങ, വെണ്ട, ചീരുകാബേജ്, കോളിഫ്ലവര്‍, കുര്‍ക്ക തുടങ്ങി ഔഷധച്ചെടികള്‍ വരെ തഴച്ചുവളര്‍ന്ന് പൂവിട്ടും കായ്ച്ചും നില്‍ക്കുന്ന മരുഭൂമിയിലെ മലര്‍വാടി പോലുള്ള ദൃശ്യം. പൂക്കളും പഴച്ചെടികളും ഈ തോട്ടത്തില്‍ സമൃദ്ധം. ഇതിനുപുറമേ കുലമറ്റുപോകുന്ന ഔഷധസസ്യങ്ങളുടെ പുനര്‍ജനിക്കായി എറണാകുളത്തെ വാരപ്പെട്ടിയില്‍ നിന്നു കൊണ്ടുവന്ന 200 ഇനം മരുന്നുചെടികളും ഇവിടെ നട്ടുവളര്‍ത്തിയിരിക്കുന്നു. തന്റെ തോട്ടത്തില്‍ വളരുന്ന പച്ചക്കറികളും പഴങ്ങളുമെല്ലാം അദ്ദേഹം സമീപത്തെ തൊഴിലാളികള്‍ക്കു സൗജന്യമായി നല്‍കുന്നു. അവരുടെ പച്ചക്കറിക്കുവേണ്ടിയുള്ള ആശ്രയകേന്ദ്രവും റാവുത്തരുടെ ഈ തോട്ടം തന്നെയാണ്.

അജ്മാനിലെ ഫൈന്‍ ഫെയര്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായ ഇസ്മായില്‍ റാവുത്തര്‍ ലോക കേരള സഭാംഗവും നോര്‍ക്കയുടെ മുന്‍ ഡയറക്ടരുമാണ്. എന്‍ജിനീയറിംഗ് ബിരുദവും എംബിഎയും റിട്ടെയില്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവുമുള്ള അദ്ദേഹം സംസ്ഥാന സര്‍ക്കാരിന്റെ പൈനാപ്പിള്‍ശ്രീ അവാര്‍ഡ്, ബിസിനസ് എക്സലന്‍സ് അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഫുഡ് റിസര്‍ച്ച് ആന്‍ഡ് പൈനാപ്പിള്‍ മിഷന്‍ തുടങ്ങിയവയുടെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗമായ റാവുത്തര്‍ ആയവനയില്‍ ലോകത്തെ എല്ലാ ഫലവര്‍ഗങ്ങളും വളര്‍ത്തുന്ന വലിയൊരു തോട്ടം തന്നെ തുടങ്ങാനുള്ള ഉദ്യമത്തിലാണിപ്പോള്‍.

Eng­lish Sum­ma­ry: Ismail rawuthar pravasi farmer

You may also like this video