ദുരന്തകാലത്തും വംശവിദ്വേഷവും വർണവെറിയും

Web Desk
Posted on July 25, 2020, 6:55 am

വംശവിദ്വേഷത്തിന്റെയും വർണവെറിയുടെയും വിളിപ്പേരും സാമ്രാജ്യത്തത്തിന്റെ തട്ടകവുമായ യുഎസിൽ ജോർജ്ജ് ഫ്ളോയ്ഡ് എന്ന ആഫ്രോ അമേരിക്കൻ വംശജനായ 46 കാരനെ കഴുത്തിൽ കാൽമുട്ട് ഊന്നി ഒരു പൊലീസുകാരൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് മെയ് അവസാന ആഴ്ചയിലായിരുന്നു. മേയ് 25ന് മിനീയാപോളീസിൽ തൊഴിലന്വേഷകനായ ഫ്ളോയ്ഡിനെ കൈ രണ്ടും പുറകിൽ കെട്ടി കാറിന്റെ പുറകിൽ നിലത്തിട്ട് നാല് പൊലീസുകാർ ചേർന്ന് അതിക്രൂരമായി പീഡിപ്പിച്ചു. അതിൽ വെള്ളക്കാരനായ ഡെറിക് മൈക്കിൾ ചൗവിൻ എന്ന പൊലീസുകാരൻ തറയിൽ കിടത്തി കഴുത്തിൽ തന്റെ കാൽമുട്ട് അമർത്തിവച്ചു കൊണ്ടാണ് ജോർജ്ജ് ഫ്ളോയ്ഡിനെ കൊന്നു തള്ളിയത്.

”എന്നെ കൊല്ലരുതേ, പ്ലീസ്, ” എന്നും ”എനിക്ക് ശ്വാസം മുട്ടുന്നു” എന്നും ആ കറുത്ത മനുഷ്യന്റെ പൊലീസിനോടുള്ള യാചന മുഴുവൻ ഇരകളുടെയും മാത്രമല്ല പ്രതിഷേധത്തിനിറങ്ങിയ എല്ലാവരുടെയും നിലവിളിയായി ലോകത്താകെ പ്രതിധ്വനിച്ചു. ആദ്യം പ്രതിഷേധങ്ങളെയും ഫ്ലോയ്ഡിന്റെ നിലവിളിയെയും സ്വതസിദ്ധമായ ശൈലിയിൽ പരിഹസിച്ച ഭരണാധികാരിയായിരുന്നു യുഎസ് പ്രസിഡന്റ് ട്രംപ്. എന്നാൽ പിന്നീട് പ്രതിഷേധത്തിന് മുന്നിൽ പിടിച്ചുനില്ക്കാനാകാതെ പൊലീസുകാരനെതിരെ നരഹത്യക്ക് കേസെടുക്കാൻ നിർബന്ധിതനായി. ട്രംപിന്റെ യുഎസിൽനിന്ന് ഇസ്രയേലിലേയ്ക്കുള്ള വ്യോമ ദൂരം 10,853 കിലോമീറ്ററാണ്.

വംശവിദ്വേഷത്തിന്റെയും മതവെറിയുടെയും മറ്റൊരു വിളിപ്പേരാണ് ഇസ്രയേൽ ഭരണം ഓർമ്മപ്പെടുത്തുന്നത്. കോവിഡ് മഹാമാരിക്കിടയിലാണ് യുഎസിൽ വർണവെറിയുടെ പേരിൽ ഫ്ലോയ്ഡ് കൊല്ലപ്പെട്ടതെങ്കിൽ ഇസ്രയേലിൽനിന്ന് സമാനമായ മറ്റൊരു സംഭവം പുറത്തുവന്നിട്ടുണ്ട്. തെക്കൻവെസ്റ്റ് ബാങ്കിലുള്ള ഹെബ്രോൺ നഗരത്തിൽ പ്രവർത്തിക്കുന്ന കോവിഡ് പരിശോധനാ കേന്ദ്രം ഇസ്രയേൽ ഇടിച്ചു നിരത്തിയെന്നതാണ് ആ സംഭവം. ഇതിന്റെ കൂടെ പണിയുകയായിരുന്ന ക്വാറന്റൈൻ കേന്ദ്രവും ഇടിച്ചുനിരത്തി. പലസ്തീനിലെ ജനങ്ങൾക്ക് കോവിഡ് പരിശോധന നടത്തുന്നതിനുള്ള കേന്ദ്രമാണ് തകർക്കപ്പെട്ടത്. ഇസ്രയേലി അധികൃതരുടെ നിർമ്മാണാനുമതി നേടിയില്ലെന്നതിന്റെ പേരിലാണ് ഇവ ഇടിച്ചു നിരത്തിയിരിക്കുന്നത്. ഈ ക്രൂരത അരങ്ങേറുന്നതിന് മുമ്പ് ഇസ്രയേൽ അധികൃതർ പരിശോധനാ ഉപകരണങ്ങളും മറ്റും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

35 കാരനായ മസ്വാദേ കോവിഡ് 19 ബാധിച്ച് മരിച്ച സ്വന്തം മുത്തച്ഛന്റെ സ്മരണയ്ക്കായാണ് സ്വന്തം സ്ഥലത്ത് ക്വാറന്റൈ­ൻ കേന്ദ്രം നിർമ്മിച്ചു തുടങ്ങിയത്. രണ്ടര ലക്ഷം യുഎസ് ഡോളർ ചെലവിട്ടാണ് അദ്ദേഹം കെട്ടിടത്തിന്റെ നിർമ്മാണം നടത്തിവന്നിരുന്നത്. പ്രദേശത്തെ ആശുപത്രികളിൽ രോഗചികിത്സയ്ക്കും ക്വാറന്റൈനുമുള്ള പരിമിതി മനസിലാക്കിയാണ് ഇത് പണിയാൻ തീരുമാനിച്ചതെന്ന് മസ്വാ­ദേ പറയുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. എന്നാൽ അപ്പോഴൊന്നും ഇസ്രയേലി അധികൃതർ എന്തെങ്കിലും എതിർപ്പ് ഉന്നയിച്ചിരുന്നില്ലെന്ന് ഇതുസംബന്ധിച്ച വാർത്തകളിൽ പറയുന്നു. വെസ്റ്റ് ബാങ്കിൽ ജൂലൈ 21ലെ കണക്കനുസരിച്ച് 10,923കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 67 മരണങ്ങളുമുണ്ടായി.

പലസ്തീനിന്റെ കോവിഡിനെതിരായ പോരാട്ടത്തെ തടയുകയെന്ന ദുഷ്ടലാക്കാണ് ഇതിന് പിന്നിലെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു. ഇസ്രയേലുമായി ചേർന്ന് ഭരണപരമായ ഏകോപനം പുനരാരംഭിക്കാൻ പലസ്തീൻ അതോറിറ്റിയിൽ (പി‌എ) സമ്മർദ്ദം ചെലുത്തുന്നതിനുള്ള ഇസ്രയേലി തന്ത്രമായാണ് ഇത്തരം അതിക്രമങ്ങൾ വിലയിരുത്തപ്പെടുന്നത്. വെസ്റ്റ് ബാങ്കിന്റെ വലിയ ഭാഗങ്ങൾ പിടിച്ചെടുക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിരിക്കുകയായിരുന്നു പി എ. ഈ പശ്ചാത്തലത്തിൽ സമ്മർദ്ദത്തിലൂടെ കീഴടക്കാനുള്ള നീക്കമാണിത് എന്ന കാര്യത്തിൽ സംശയമില്ല. ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷങ്ങൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. ജൂതമഹിമയുടെ പേരിൽഭരണം നടത്തുന്ന ഇസ്രയേൽ ഭരണകൂടം അറബ് വംശജർ കൂടുതലായുള്ള പലസ്തീനിനോട് കാട്ടുന്ന ക്രൂരതകൾക്കെതിരായാണ് പലസ്തീൻ വിമോചന പ്രസ്ഥാനം ഉയർന്നു വരുന്നത്.

ഈ പ്രശ്നം ഐക്യരാഷ്ട്രസഭാ തലത്തിലുള്ള ചർച്ചകൾക്ക് വിധേയമായെങ്കിലും ഇസ്രയേലിന്റെ പിടിവാശി പ്രശ്നപരിഹാരം അകലെയാക്കി. അത് സമീപ പ്രദേശങ്ങളിലുള്ള അറബ് രാജ്യങ്ങളുമായി രണ്ട് യുദ്ധങ്ങൾക്കും വഴിമരുന്നിട്ടു. പലസ്തീൻ ജനതയ്ക്ക് മേൽക്കൈയുള്ള പ്രദേശങ്ങളും അടക്കിവയ്ക്കാനുള്ള ഇസ്രയേൽ വെറി പ്രശ്നങ്ങൾ രൂക്ഷമാക്കി. വെസ്റ്റ് ബാങ്കിന് മേൽ പലസ്തീനിന് നിയന്ത്രണമുണ്ടായിരുന്നുവെങ്കിലും അത് സമ്മതിച്ചു നല്കാൻ ഇസ്രയേൽ സന്നദ്ധമാകുന്നില്ല. മാത്രവുമല്ല സായുധസന്നാഹങ്ങളോടെയുള്ള അധിനിവേശ ശ്രമങ്ങൾ തുടരുകയും നാശനഷ്ടം വിതയ്ക്കുകയും ചെയ്യുകയാണവർ.

അതിനിടയിലാണ് കോവിഡിനെ പ്രതിരോധിക്കുന്നതിനായി പ്രവർത്തിക്കുകയായിരുന്ന പരിശോധനാ കേന്ദ്രവും നിർമ്മാണത്തിലായിരുന്ന ക്വാറന്റൈൻ കേന്ദ്രവും തകർത്തുകൊണ്ട് വിദ്വേഷത്തിന്റെ ഇസ്രയേൽ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ദുരന്തകാലത്തുപോലും വംശവിദ്വേഷവും വർണവെറിയും ഉപേക്ഷിക്കാനാവുന്നില്ലെന്നത് ഫാസിസ്റ്റ് ഭരണങ്ങളുടെ പ്രത്യേകതയാണ്. അതാണ് ഇപ്പോൾ ഇസ്രയേലിലെ ഈ അതിക്രമത്തിലൂടെ കാണാനാവുന്നത്.