Wednesday
13 Nov 2019

ഇസ്രയേല്‍ തെരഞ്ഞെടുപ്പ് ഫലവും തിരിച്ചടിയേറ്റ വലതുപക്ഷവും

By: Web Desk | Sunday 29 September 2019 8:33 AM IST


നാലു പതിറ്റാണ്ടോളം ഇസ്രയേല്‍ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള ഒറ്റയാന്‍ പ്രതീകമായി വിലസിയിരുന്ന ബെന്യാമിന്‍ നെതന്യാഹുവിന് തെരഞ്ഞെടുപ്പില്‍ അടിതെറ്റിയിരിക്കുന്നു. അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റുകള്‍പോലും നിലനിര്‍ത്താന്‍ കഴിയാതെ അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ലിക്കുഡ് ലിബറല്‍ പാര്‍ട്ടിയും വലിയ പ്രതിസന്ധിയിലാണ്. നിരവധി അഴിമതിക്കേസുകളില്‍ പ്രതിസ്ഥാനത്തുള്ള നെതന്യാഹുവിന് ഏത് വിധേനയും അധികാരം നിലനിര്‍ത്തിയേ മതിയാകൂ. ഭരണം നിലനിര്‍ത്താന്‍ മുഖ്യ എതിരാളിയും മുന്‍ സൈനിക മേധാവികൂടിയായ ബെന്നി ഗാന്റസ് നയിക്കുന്ന ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യകക്ഷി സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള സന്നദ്ധതയും അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നു. എന്നാല്‍ ബെന്നി ഗാന്റസാകട്ടെ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവായ തന്നെ മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണിക്കും എന്ന പ്രതീക്ഷയിലും. നൂറ്റി ഇരുപതംഗ പാര്‍ലമെന്റില്‍ (നെസ്റ്റ്) 25. 93 ശതമാനം വോട്ടുകളും 33 സീറ്റുകളും നേടി ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയപ്പോള്‍ 20. 09 ശതമാനം വോട്ടും 31 സീറ്റുകളും നേടാനെ ലിക്കുഡ് ലിബറല്‍ പാര്‍ട്ടിക്കായുള്ളൂ. അറബ് ന്യൂനപക്ഷ വിഭാഗത്തിന്റെ പാര്‍ട്ടിയായ ജോയിന്റ് ലിസ്റ്റ് പാര്‍ട്ടിയാകട്ടെ 10. 62 ശതമാനം വോട്ടുകളും 13 സീറ്റുകളും സ്വന്തമാക്കി ഇസ്രയേല്‍ രാഷ്ട്രീയത്തിലെ കറുത്ത കുതിരകള്‍ ആയിരിക്കുന്നു. ഇന്ത്യയിലേയും അമേരിക്കയിലേയും പോലെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം വംശീയ വിദ്വേഷങ്ങള്‍ നിറഞ്ഞുനിന്ന സാമൂഹിക അന്തരീക്ഷത്തില്‍ അറബ് സഖ്യമായ ജോയിന്റ് ലിസ്റ്റ് നേടിയ 13 സീറ്റുകള്‍ ഒരുപക്ഷേ ഇതുവരെയുള്ള ഇസ്രയേല്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കുന്നതാകാം. തെരഞ്ഞെടുപ്പ് ചട്ടങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് ഒന്നുകില്‍ എനിക്കൊപ്പം അല്ലെങ്കില്‍ രാജ്യത്തിന്റെ ശത്രുക്കള്‍ക്കൊപ്പം എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് നെതന്യാഹു തന്റെ ഇലക്ഷൻ പ്രചരണത്തില്‍ അറബികള്‍ക്കെതിരായ വംശീയ വിദ്വേഷം ആളിക്കത്തിച്ചത്. ഇപ്പോള്‍ പലസ്തീന്‍ വെസ്റ്റ് ബാങ്കിന്റെ ഭാഗമായ ജോര്‍ദ്ദാന്‍ താഴ്വര ഇസ്രയേലിന്റെ ഭാഗമാക്കി മാറ്റുമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്ന്. ഇതിനൊന്നും കാര്യമായ സ്വീകാര്യത ഇസ്രയേലില്‍ ലഭിച്ചില്ല എന്നതാണ് തെരഞ്ഞെടുപ്പ് ഫലം വെളിപ്പെടുത്തുന്നത്. ഡ്യൂട്ടിയില്‍ അല്ലാതിരുന്ന ഇസ്രയേല്‍ പൊലീസുകാരന്റെ വെടിയേറ്റ് ഒരു എത്യോപ്യന്‍ ഇസ്രയേലി ജൂതന്‍ കൊല്ലപ്പെട്ടതും നെതന്യാഹുവിന് തിരിച്ചടി ആയി. മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നും കുടിയേറിയ ജൂതന്‍മാരോടുള്ള ഇസ്രയേലിലെ യൂറോപ്യന്‍ ജൂതന്‍മാരുടെ നിലപാടുകള്‍ തികച്ചും വിവേചനപരമാണ്. ഇത്തരക്കാര്‍ ഇസ്രായേലിലെ ന്യൂനപക്ഷ വിഭാഗങ്ങളെപ്പോലെതന്നെ കുറഞ്ഞ വേതനത്തിന് പണിയെടുക്കേണ്ട ഗതികേടിലാണ്. ഇവരുടെ നിലപാടുകളും നെതന്യാഹു വിരുദ്ധമാണ്. ഇസ്രയേല്‍ എന്ന രാഷ്ട്രത്തിന്റെ ചരിത്ര പരാമര്‍ശങ്ങള്‍ രണ്ട് തരത്തിലാണ്. ഒന്ന് വിശുദ്ധ മതഗ്രന്ഥങ്ങളിലുള്ള പരാമര്‍ശം. രണ്ട് മതേതര ചരിത്രരേഖകളിലെ പരാമര്‍ശം. നൂറ്റാണ്ടുകളായി ഇസ്രയേല്‍ എന്ന നാമം രാജ്യത്തെയും യഹൂദ ജനങ്ങളെയും പരാമര്‍ശിക്കാനായി ഉപയോഗിച്ചിരുന്നു. ചരിത്രപരമായി ഇസ്രയേലില്‍ നിന്ന് പലായനം ചെയ്യപ്പെട്ട യഹൂദ ജനത വിവിധ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയേണ്ടിവന്നു. അഭയാര്‍ഥികളായി കഴിയുമ്പോഴും സ്വതന്ത്ര ഇസ്രയേല്‍ എന്ന മോഹം സൂക്ഷിച്ച ജൂതവംശജര്‍ അതിനായുള്ള തീവ്ര ശ്രമവും നടത്തി. 1896 ല്‍ തിയോഡര്‍ ഹെര്‍സലിന്റെ ജൂതരാഷ്ട്രമെന്ന ഗ്രന്ഥം (ദ ജൂവിഷ് സ്റ്റേറ്റ് /ഡെര്‍ ജൂതന്‍ സ്റ്റേറ്റ്) ഉയര്‍ത്തിയ “സയണിസ്റ്റ്’ ആശയം ജൂത വംശജര്‍ക്കിടയിലുണ്ടാക്കിയ ആത്മവിശ്വാസം ചെറുതല്ലായിരുന്നു. ലോകത്തിന്റെ തന്നെ ആധിപത്യം പിടിച്ചെടുക്കാനുള്ള യഹൂദ വംശീയതയുടെ ശ്രമമായിരുന്നു അത് വിളംബരം ചെയ്തത്. “വാഗ്ദത്ത ഭൂമി’ എന്ന ദൈവശാസ്ത്ര ആശയത്തെയാണ് സയണിസം തങ്ങളുടെ അധിനിവേശത്തിനുള്ള ന്യായീകരണമായി കാണുന്നത്. മതത്തിന്റെ രാഷ്ട്രീയ രൂപമായ വര്‍ഗ്ഗീയത തന്നെയാണ് ഇതിന്റെയും അടിസ്ഥാനം. 1917 ല്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആയിരുന്ന ആര്‍തര്‍ ജെയിംസ് ബാന്‍ഫറുടെ കുപ്രസിദ്ധമായ ബാല്‍ഫോര്‍ വിളംബരംമൂലം ബ്രിട്ടനില്‍ താമസിക്കുന്ന യഹൂദര്‍ക്ക് പലസ്തീനില്‍ കുടിയേറിപാര്‍ക്കുന്നതിനും ഇസ്രയേല്‍ എന്ന സ്വതന്ത്രരാജ്യം ഉണ്ടാക്കുന്നതിനും വേണ്ട സഹായങ്ങള്‍ ലഭ്യമായി. ലീഗ് ഓഫ് നേഷന്‍ ബാല്‍ഫോര്‍ വിളംബരത്തെ അംഗീകരിക്കുകയും ചെയ്തു. ഇതിന്‍പ്രകാരം യൂറോപ്പില്‍നിന്ന് ജൂതന്‍മാര്‍ ഒന്നാം ലോകമഹായുദ്ധാനന്തരം ബ്രിട്ടീഷ് അധീനതയിലായ പലസ്തീന്‍ പ്രദേശങ്ങളില്‍ കുടിയേറ്റം ആരംഭിച്ചു. സ്വാഭാവികമായും അത് അറബ് വംശജരുമായുള്ള ഏറ്റുമുട്ടലുകള്‍ക്കും വഴിവെച്ചു. ഈ രാഷ്ട്രീയം സാധ്യമാകുന്നതിന് മുന്‍പേതന്നെ യഹൂദര്‍ക്കെതിരെ മറ്റൊരു വംശീയതയായ നാസിസം കൊടുമ്പിരികൊണ്ടിരുന്നു. രണ്ടാം ലോകമഹായുദ്ധാനന്തരം ലോകത്താകമാനം ജൂതര്‍ക്കനുകൂലമായ വികാരം രൂപപ്പെട്ടിരുന്നു. അറബ്-ജൂത കലാപം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ രണ്ട് വ്യത്യസ്ത രാഷ്ട്രങ്ങള്‍ രൂപീകരിച്ച് പ്രശ്നം പരിഹരിക്കാന്‍ ബ്രിട്ടണ്‍ നിയമിച്ച “പീല്‍ കമ്മീഷന്‍’ നിര്‍ദ്ദേശിച്ചു. ജൂതര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോള്‍ അറബികള്‍ ശക്തമായി പ്രതിഷേധിച്ചു. 1947 ല്‍ നവംബര്‍ 29 ന് ചേര്‍ന്ന് യു എന്‍ ജനറല്‍ അസംബ്ലി പലസ്തീന്‍ ജൂതര്‍ക്കും അറബികള്‍ക്കുമായി വിഭജിക്കാനുള്ള തീരുമാനം അംഗീകരിച്ചു. ഗാന്ധിജി പലസ്തീന്‍ ജൂതരാഷ്ട്ര രൂപീകരണത്തെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം എന്നാണ് വിശേഷിപ്പിച്ചത്. 1948 മെയ് 14 നു അര്‍ധരാത്രി ഇസ്രയേല്‍ എന്ന രാജ്യം രൂപംകൊണ്ടു. രൂപീകരണത്തിന് നിദാനമായിത്തീര്‍ന്ന സയണിസറ്റ് പ്രസ്ഥാന നേതാവ് ഡേവിഡ് ബെന്‍ഗുനിയന്‍ ആദ്യ പ്രധാനമന്ത്രിയായി അവരോധിതനും ആയി. ഏതാണ്ട് പത്തുലക്ഷത്തോളം അറബ് വംശജര്‍ അപ്പോഴേക്കും അഭയാര്‍ഥികളായിത്തീര്‍ന്നിരുന്നു. 1948, 1967, 1973 വര്‍ഷങ്ങളില്‍ നടന്ന അറബ് ജൂതയുദ്ധത്തിന്റെ ഫലമായി ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം ഇസ്രയേല്‍ ആധിപത്യത്തിലായി. 1993 ല്‍ ഉടമ്പടിയുടെ ഭാഗമായി 1947 ല്‍ യൂഎന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ച പലസ്തീന്‍ രാജ്യത്തിന്റെ ചെറുരൂപമായ പലസ്തീന്‍ അതോറിട്ടി നിലവില്‍ വന്നു. ജൂതമത വിശ്വാസികള്‍ എല്ലാവരും സയണിസറ്റുകളോ വംശീയവാദികളോ അല്ല. അവരില്‍ പലരും സയണിസ്റ്റ് ആശയഗതികളേയും ഇസ്രയേല്‍ സാമ്രാജ്യത്വ മോഹങ്ങളേയും എതിര്‍ക്കുന്ന വ്യക്തികളും വിഭാഗങ്ങളുമാണ്. 2003 ല്‍ പലസ്തീനികളെ പിന്തുണച്ചതിന്റെ പേരില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ടാങ്കിനടിയില്‍പെട്ട് ദാരുണാന്ത്യം സംഭവിച്ച റേച്ചല്‍ കോറിയെപ്പോലുള്ളവര്‍ ഒരു പ്രതീകമാണ്. ഇസ്രയേല്‍ മുന്‍ പ്രതിരോധമന്ത്രിയും സെക്യൂലര്‍ നാഷണലിസ്റ്റ് പാര്‍ട്ടി നേതാവുമായ അവിഗ്ദോര്‍ ലിബര്‍മാന്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നെതന്യാഹുവിനേയോ ബെന്നി ഗാന്റസിനെയോ പിന്തുണക്കില്ല എന്ന പ്രസ്താവന ഇസ്രയേല്‍ രാഷ്ട്രീയത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്, ഇദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ എട്ട് സീറ്റുകള്‍ ആണ് ഉള്ളത്. തങ്ങളുടെ ചില ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ബെന്നി ഗാന്റസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന അറബ് പാര്‍ട്ടികളുടെ പ്രസ്താവന ഇത്തരുണത്തില്‍ പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നു. ബെന്നി ഗാന്റസ് അതിനു തയ്യാറായാല്‍ ഇസ്രയേലില്‍ ഒരു പുതുചരിത്രം രചിക്കപ്പെടും. ചരിത്രത്തിലാദ്യമായി ഒരു അറബ് പാര്‍ട്ടി മന്ത്രിസഭയുടെ ഭാഗമായി മാറും. മറിച്ച് പ്രധാന ജൂതപാര്‍ട്ടികള്‍ ചേര്‍ന്ന് മന്ത്രിസഭ രൂപീകരിച്ചാല്‍ അറബ് പാര്‍ട്ടികളുടെ നേതാവ് അയ്മന്‍ ദാദേ പ്രതിപക്ഷനേതാവാകാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ അടക്കമുള്ള ഇസ്രയേലിന്റെ എല്ലാ രഹസ്യ റിപ്പോര്‍ട്ടുകളും അറബ് പാര്‍ട്ടികള്‍ക്കും ലഭിക്കും. എന്നാല്‍ ഇതിനൊക്കെയുള്ള സാധ്യത വളരെ കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അറബ് പാര്‍ട്ടിസംഘത്തെ നേരിടാനായി ജൂതപാര്‍ട്ടികള്‍ അവരുടെ ഭിന്നതകള്‍ മാറ്റിവയ്ക്കാനാണ് സാധ്യത ഏറെയും. ഇസ്രയേല്‍ ഇടതുപക്ഷ പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിയുടെ നേതാവ് യിസഹാക്ക് റാബിനെ പിന്തുണച്ചതൊഴിച്ചാല്‍ ഒരു പ്രധാനമന്ത്രിയേയും അറബ് പാര്‍ട്ടികള്‍ പിന്തുണച്ചിട്ടില്ല. ഓസ്ലോ കരാര്‍ നടപ്പാക്കുന്നതിന് അദ്ദേഹം കൈകൊണ്ട ആര്‍ജ്ജവത്തിന് നല്‍കിയ അംഗീകാരമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. നെതന്യാഹുവിന്റെ പരാജയത്തില്‍ വ്യക്തിപരമായി കോട്ടം സംഭവിച്ച രണ്ട് രാഷ്ട്ര നേതാക്കള്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി മോഡിയുമാണ്. ട്രംപ്- നെതന്യാഹു ബന്ധം എന്നത് രണ്ട് വലതുപക്ഷ തീവ്രനിലപാടുകാര്‍ തമ്മിലുള്ള ബന്ധത്തിന്റെ അപ്പുറമായിരുന്നു. ട്രംപ് ഏകപക്ഷീയമായി ജെറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചു. അമേരിക്കന്‍ നയതന്ത്ര കാര്യാലയം ജറുസലേമിലേക്ക് മാറ്റിസ്ഥാപിച്ചു. സൗദി അറേബ്യന്‍ വ്യോമപാത ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് തുറന്നുനല്‍കി. നെതന്യാഹുവിന്റെ ഇലക്ഷൻ പ്രചാരണ ബോര്‍ഡുകളില്‍ നിറഞ്ഞ്നിന്നതും ട്രംപ് തന്നെയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനുശേഷം നെതന്യാഹുവില്‍നിന്ന് ഒരകലം പാലിക്കാന്‍ ട്രംപ് ശ്രമിക്കുന്നുണ്ട്. നെതന്യാഹുവിന്റെ ഗവണ്‍മെന്റ് രൂപീകരണ സാധ്യതകളെക്കുറിച്ചുള്ള മാധ്യമ ചോദ്യങ്ങള്‍ക്ക് കാത്തിരുന്നുകാണാം എന്ന തണുപ്പന്‍ മറുപടിയാണ് ലഭിച്ചത്. മോഡിയുടെ വിജയത്തില്‍ ഗംഭീരം സുഹൃത്തേ നിങ്ങളുടെ വിജയം എന്ന് ഹിന്ദിയില്‍ ട്വിറ്റ് ചെയ്ത നെതന്യാഹുവിന്റെ പരാജയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രതികരണങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. ഇലക്ഷൻ പ്രചാരണം കൊടുമ്പിരിക്കൊണ്ടിരുന്ന സെപ്റ്റംബര്‍ ഒന്‍പതിന് ഇന്ത്യാ സന്ദര്‍ശനം നടത്തി ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ തന്റെ സ്വാധീനം വെളിപ്പെടുത്താന്‍ നെതന്യാഹു നടത്തിയ ശ്രമവും പാഴായി. ഇസ്രയേലിനുവേണ്ടി ഇന്ത്യ പിന്‍തുടര്‍ന്നുവന്നിരുന്ന പലസ്തീന്‍ നയം ബലികഴിച്ചതും വ്യഥാവിലായി. ഈ സാഹചര്യത്തിലും നെതന്യാഹുവിന് സര്‍ക്കാര്‍ രൂപീകരിക്കാനായാല്‍ ഇസ്രയേല്‍ എന്നന്നേക്കുമായി വലതുപക്ഷ തീവ്ര നിലപാടുകളിലേക്ക് മാറ്റപ്പെട്ടേക്കാം. കയ്യേറ്റത്തിനും കുടിയേറ്റത്തിനുമുള്ള സാധ്യത വര്‍ധിക്കാനും ഇടയുണ്ട്. സമവായത്തിന്റെ ജനാധിപത്യത്തിനു പകരമായി അടിച്ചമര്‍ത്തലിന്റെ ദേശീയതയിലേക്കായിരിക്കും അത്. ഇറാനും സൗദിയും അമേരിക്കന്‍ സഖ്യശക്തികളുമായി നിലനില്‍ക്കുന്ന ശത്രുത ഒരു വലിയ യുദ്ധത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. പലസ്തീന്‍കാരുടെ സ്വതന്ത്രരാജ്യം എന്ന സ്വപ്നവും ഇസ്രയേലിലെ ന്യൂനപക്ഷങ്ങളുടെ ഭാവിയും ആശങ്ക ഉളവാക്കുന്നതാണ്. ഇതിനെല്ലാം ഉപരി അഴിമതി കേസുകളില്‍ നിന്നുള്ള മോചനവും നെതന്യാഹുവിന് സാധ്യമാകും.