20 July 2025, Sunday
KSFE Galaxy Chits Banner 2

Related news

July 19, 2025
July 19, 2025
July 19, 2025
July 18, 2025
July 17, 2025
July 16, 2025
July 16, 2025
July 14, 2025
July 14, 2025
July 14, 2025

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് ഇസ്രയേല്‍ ആഭിമുഖ്യം; നെതന്യാഹു പിന്തുണ തേടി ആദ്യം വിളിച്ചവരില്‍ മോഡിയും

ഇറാനെതിരായ ആക്രമണത്തെ അപലപിച്ചുള്ള എസ്‍സിഒ പ്രസ്താവനയില്‍ പങ്കുചേര്‍ന്നില്ല
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംഭവത്തില്‍ ഉല്‍ക്കണ്ഠയെന്ന് സ്വന്തം പ്രസ്താവന
കഴിഞ്ഞ ദിവസം യുഎന്‍ പ്രമേയത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. 
Janayugom Webdesk
ന്യൂഡല്‍ഹി
June 15, 2025 10:00 pm

പശ്ചിമേഷ്യയെ യുദ്ധഭൂമിയാക്കിയ ഇസ്രയേല്‍ ആക്രമണത്തെ അപലപിക്കാതെ യുദ്ധക്കൊതിക്കൊപ്പമെന്ന വ്യക്തമായ സൂചന നല്‍കി ഇന്ത്യ. അംഗരാജ്യമായ ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ നിഷ്ഠൂര ആക്രമണത്തെ അപലപിച്ച് ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‍സിഒ) പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. കഴിഞ്ഞ ദിവസം ഇസ്രയേലിന്റെ പലസ്തീന്‍ ആക്രമണത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് തടസമില്ലാതെ സഹായമെത്തിക്കണമെന്നും ആവശ്യപ്പെട്ടുള്ള യുഎന്‍ പ്രമേയത്തില്‍ നിന്നും വിട്ടുനിന്നതിന് പിന്നാലെയാണ് ഇന്ത്യയുടെ ഇസ്രയേല്‍ ആഭിമുഖ്യപ്രകടനം. ചേരിചേരാനയം ഉള്‍പ്പെടെ ഇന്ത്യയുടെ വിദേശനയങ്ങളില്‍ നിന്നുള്ള വ്യതിയാനവും സാമ്രാജ്യത്വ വിധേയത്വവുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഇന്ത്യയ്ക്കും ഇറാനും പുറമേ ചൈന, റഷ്യ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, പാകിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ബെലാറുസ് എന്നിവയാണ് എസ്‌സിഒ അംഗങ്ങള്‍. ഇറാനിലെ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ സൈനിക നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ പരമാധികാരത്തിന്റെയും ലംഘനമാണെന്നും എസ്‍സിഒ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഊര്‍ജ, ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ പൗരന്മാരെ ലക്ഷ്യമിട്ടുള്ള ആക്രമണാത്മക നടപടികള്‍ സാധാരണക്കാരുടെ മരണങ്ങള്‍ക്ക് കാരണമായത് അന്താരാഷ്ട്ര നിയമത്തിന്റെയും വിവിധ യുഎന്‍ ചട്ടങ്ങളുടെയും കടുത്ത ലംഘനവും ഇറാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവുമാണ്. ആക്രമണം ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഗുരുതര അപകടങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എസ്‍സിഒ പ്രസ്താവന ഇറക്കുംമുമ്പ് നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തില്ലെന്ന് വാര്‍ത്താക്കുറിപ്പിറക്കിയ കേന്ദ്രവിദേശകാര്യ മന്ത്രാലയം ഇന്ത്യയുടെ നിലപാട് ജൂണ്‍ 13ന് വ്യക്തമാക്കിയതാണെന്നും മാറ്റമില്ലെന്നും അറിയിക്കുകയായിരുന്നു.
ഇറാനെതിരെ ഏകപക്ഷീയമായി ഇസ്രയേല്‍ അതിരൂക്ഷ ആക്രമണം നടത്തിയ 13ന് ഇറാനും ഇസ്രയേലും തമ്മിലുണ്ടായിരിക്കുന്ന സംഭവങ്ങളെ അപലപിക്കുന്നുവെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. അന്താരാഷ്ട്ര സമൂഹത്തിലെ ഭൂരിപക്ഷവും ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ചപ്പോഴാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഭവമെന്ന് ലഘൂകരിച്ച് ഇസ്രയേലിനെ കുറ്റപ്പെടുത്താനില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ചര്‍ച്ചയും നയതന്ത്ര നടപടികളും ആവശ്യമാണെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. 

ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഇന്നലെ ചര്‍ച്ചനടത്തിയ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ആക്രമണത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്ക അറിയിക്കുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്ന നടപടികള്‍ ഒഴിവാക്കണമെന്നും നയതന്ത്രപരിഹാരം കാണണമെന്നും ആവശ്യപ്പെടുകയുമാണ് ചെയ്തത്.
ഇറാനെതിരെ ആക്രമണം നടത്തിയ ശേഷം പിന്തുണ തേടി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആദ്യം വിളിച്ചവരില്‍ ഒരാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയായിരുന്നു. തന്നെ വിളിച്ച കാര്യം എക്സില്‍ പങ്ക് വച്ച മോഡി സാഹചര്യങ്ങളും രാജ്യത്തിന്റെ സുരക്ഷാ വിഷയങ്ങളും നെതന്യാഹു വിശദീകരിച്ചെന്നും താന്‍ ഉല്‍ക്കണ്ഠ അറിയിച്ചെന്നുമാണ് അറിയിച്ചത്. മേഖലയിൽ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തുവെന്നും മോഡി കുറിക്കുന്നുണ്ട്. ഇവിടെയും ഇസ്രയേലിനൊപ്പമാണെന്ന സൂചനയാണുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ അഗാധമായ ആശങ്കയുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണെന്നും ഇന്ത്യയുടെ ഇന്നലത്തെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇരുരാജ്യങ്ങളിലുമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും ജാഗ്രതാ മുന്നറിയിപ്പും നല്‍കി. പ്രാദേശിക സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

Kerala State - Students Savings Scheme

TOP NEWS

July 19, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.