11 February 2025, Tuesday
KSFE Galaxy Chits Banner 2

ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍; നാല് വനിതാ സെെനികരെ ഹമാസ് വിട്ടയച്ചു

Janayugom Webdesk
ഗാസ സിറ്റി
January 25, 2025 3:22 pm

ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമുള്ള ബന്ദിമോചനം തുടരുന്നു. കരാറിന് കീഴിലുള്ള രണ്ടാമത്തെ കൈ­മാറ്റമാണിത്. 70 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിച്ചു. നാല് വനിതാ ഇസ്രയേല്‍ സെെനികരെ ഹമാസ് ഇന്റര്‍നാഷണല്‍ റെഡ് ക്രോസിന് (ഐസിആര്‍സി) കൈമാറിയതിനു പിന്നാലെയാണ് പലസ്തീന്‍ തടവുകാരെ മോചിപ്പിച്ചത്. ഇസ്രയേൽ തടങ്കലിൽ ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച പലസ്തീൻ തടവുകാരൻ മുഹമ്മദ് അൽ‑ടൂസിനെയും ഇസ്രയേൽ മോചിപ്പിച്ചതായി ഈജിപ്ത് സർക്കാരിന്റെ ഔദ്യോഗിക ചാനലായ ഖഹേറ ടിവി റിപ്പോർട്ട് ചെയ്തു. 

477 ദിവസത്തോളം തടവിലായിരുന്ന വനിതാ സെെനികരെയാണ് ഹമാസ് മോചിപ്പിച്ചത്. 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനിടെ ഗാസയ്ക്ക് സമീപമുള്ള ഒരു നിരീക്ഷണ പോസ്റ്റില്‍ നിന്നാണ് വനിത സൈനികരെ ഹമാസ് പിടികൂടിയത്. കൈമാറ്റത്തിന് മുമ്പ് ഗാസ സിറ്റിയിലെ സ്‌ക്വയറില്‍ ഹമാസ് ഒരുക്കിയ വേദിയിലാണ് വനിതാ സൈനികര്‍ പ്രത്യക്ഷപ്പെട്ടത്. സൈനിക യൂണിഫോമിലായിരുന്നു നാലുപേരും. കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി അല്‍ബാഗ് എന്നിവരെയാണ് വിട്ടയച്ചത്. 

കഴിഞ്ഞ ഞായറാഴ്ച വെടിനിർത്തൽ ആരംഭിച്ചപ്പോൾ, 90 പലസ്തീൻ തടവുകാർക്ക് പകരമായി ഹമാസ് ബന്ദികളാക്കിയ മൂന്ന് പേരെ വിട്ടയച്ചിരുന്നു. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നീ മൂന്ന് രാജ്യങ്ങളുടെ ശ്രമഫലമായാണ് വെടിനിർത്തൽ പ്രഖ്യാപനം യാഥാർത്ഥ്യമായത്. മൂന്ന് ഘട്ടങ്ങളിലായാണ് വെടിനിർത്തൽ കരാർ പൂർത്തിയാകുന്നത്. കരാറിന്റെ നിബന്ധനകള്‍ പ്രകാരം, തടവുകാരുടെ കൈമാറ്റത്തെത്തുടര്‍ന്ന് മധ്യ ഗാസയിലെ പ്രധാന പ്രദേശത്ത് നിന്ന് ഇസ്രയേല്‍ സേന ഭാഗികമായി പിന്‍വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആക്രമണത്തിന്റെ കടുത്ത ആഘാതം നേരിടുന്ന വടക്കൻ ​ഗാസയിലെ പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.