ഇറാനുമേലുള്ള ഇസ്രയേല്‍ കടന്നുകയറ്റ ആക്രമണം രൂക്ഷമായതിന് പിന്നാലെ ഇന്ധന വിലയിലുള്‍പ്പെടെ ആഗോളതലത്തില്‍ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇസ്രയേലിന്റെ രണ്ട് ഘട്ട മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇന്നലെ എണ്ണവിലയില്‍ 10 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തിയാല്‍ ക്രൂഡ് വില 150 ഡോളറിന് മുകളിലെത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2008 ജൂലൈയില്‍ 147.27 ഡോളറിലെത്തിയതാണ് ക്രൂഡ് വിലയിലെ ഇതുവരെയുള്ള ഉയര്‍ന്ന നിരക്ക്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിക്കുന്നത് എണ്ണവിതരണത്തിന് തടസം വന്നേക്കാം. ഇത് ലഭ്യത വലിയ രീതിയില്‍ കുറയ്ക്കും. എണ്ണവ്യാപാരത്തിന്റെ പ്രധാന മാർഗമായ ഹോർമുസ് കടലിടുക്ക് തടസപ്പെടുത്തിയാൽ ആഗോള എണ്ണ വിപണിയെ അത് ബാധിക്കും. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. വടക്ക് ഇറാന്‍, തെക്ക് ഒമാന്‍, യുഎഇ എന്നിങ്ങനെ അതിർത്തി പങ്കിടുന്ന ഹോർമുസ് കടലിടുക്ക് ഗൾഫിനെ അറേബ്യൻ കടലുമായി ബന്ധിപ്പിക്കുന്നു. പ്രധാന എണ്ണ ഉല്പാദക രാഷ്ട്രങ്ങളായ സൗദി അറേബ്യയുടെയോ യുഎഇയുടെയോ എണ്ണപ്പാടങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ എണ്ണ വിപണി സംഘര്‍ഷഭരിതമാകും. പ്രതിദിനം 18 മുതൽ 19 ദശലക്ഷം ബാരൽ എണ്ണ ഇതുവഴി കടന്നു പോകുന്നുണ്ട്. മേഖലയിലെ എണ്ണ ഉല്പാദന രാജ്യങ്ങൾ വില കൂട്ടാനുള്ള സാധ്യതയും ഉണ്ട്.
ഉപയോഗത്തിന്റെ 80 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ എണ്ണവിലയിലെ ഏതൊരു ചാഞ്ചാട്ടവും രാജ്യത്തിന് ദോഷമാണ്. എണ്ണവില കൂടിയാല്‍ വിദേശനാണ്യ ചെലവഴിക്കല്‍ കൂടും. രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കേണ്ടി വരും. ഇത് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് ഇടയാക്കും. മാസങ്ങളായി ഉയര്‍ന്ന വിലയില്‍ തുടരുന്ന സ്വര്‍ണ വില വീണ്ടും കുതിക്കും. പല കാരണങ്ങളാല്‍ വിലകുതിച്ചുനില്‍ക്കുന്ന കപ്പല്‍ വഴിയുള്ള ചരക്ക് നീക്കത്തിനും വിലയേറും. സംഘര്‍ഷത്തിന്റെ പ്രതിസന്ധി നേരിടേണ്ടിവരുന്ന പ്രധാന മേഖലകളിലൊന്ന് വാണിജ്യ വ്യോമരംഗമാണ്. ഇസ്രയേൽ, ഇറാൻ, ഇറാഖ്, ജോർദാൻ എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തിയിൽ നിന്ന് വിമാനക്കമ്പനികൾ പിൻവാങ്ങിയിട്ടുണ്ട്. ഇത് ആഗോള വ്യോമഗതാഗതത്തെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകുകയും വഴിതിരിച്ചുവിടുന്നതിലൂടെ വലിയരീതിയിലുള്ള ഇന്ധനചെലവും വിമാനകമ്പനികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ത്യ‑പാക് സംഘർഷത്തിനു പിന്നാലെ പാക്കിസ്ഥാൻ വ്യോമാതിർത്തി ഇന്ത്യൻ വിമാനങ്ങൾക്ക് അടച്ചിട്ടിരിക്കുന്നതിനാൽ ഇന്ത്യയിൽ നിന്നുള്ള പടിഞ്ഞാറൻ യാത്രയെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.